തിരുവനന്തപുരം: തന്നെ ചുറ്റിപ്പറ്റി കേസുകൾ ഓരോന്നായി മുറുകുമ്പോൾ നടൻ ദിലീപ് എവിടെയാണ്? പൊലീസ് ഏതു നിമിഷവും താരത്തെ ഗൂഢാലോചനാ കേസിൽ അറസ്റ്റു ചെയ്യാമെന്ന വിധത്തിലാണ് കാര്യങ്ങൾ. വെള്ളിയാഴ്‌ച്ച വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി പറഞ്ഞ ഉത്തരവിന്റെ ബലത്തിലാണ് താരം.

അതേസമയം അറസ്റ്റു ഭയന്ന് ദിലീപ് ഒളിവിലാണെന്ന വിധത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്നും താരം ആലുവയിലെ വസതിയിൽ തന്നെയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സ്ഥിരീകരിക്കുന്നത്. മറിച്ചുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് റിപ്പോർട്ടുകൾ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ് നടൻ. അതുകൊണ്ടാണ് അദ്ദേഹം ദുബായിൽ പോയെന്ന പ്രചരണം ശക്തിപ്പെടുന്നിരിക്കുന്നത്.

അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ.

4 മണിക്കൂറോളം മൊഴിയെടുത്തു. കുറ്റകൃത്യത്തിന്റെ വിവരങ്ങൾ ദിലീപിന്റെ സഹോദരൻ അനൂപിനും കാവ്യ മാധവനും കൂടി അറിയാമെന്നാണു മൊഴി. 'ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റൽ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെ കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ മാനസിക സമ്മർദം ഇല്ലാതായി' അദ്ദേഹം പറഞ്ഞു.

അതേസമയം, കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പൾസർ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയിൽ എത്തിയെന്നു മൊഴി നൽകിയ ജീവനക്കാരൻ കോടതിയിൽ മൊഴിമാറ്റിയ ദിവസം പ്രതികൾ പാർട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകന് കൊവിഡായതിനാൽ ഹർജിയിൽ വിശദമായ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ചാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ഉണ്ടാകില്ലല്ലോയെന്ന് കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായിട്ടാണ് തൽക്കാലത്തേക്ക് അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത്. പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ് ഐ ആറെന്നുമാണ് ദിലീപിന്റെ വാദം.

അതിനിടെ ദിലീപിനതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സാക്ഷികളെ ദിലീപ് സ്വാധീനിച്ച് സംബന്ധിച്ച് തെളിവുകൾ കൈമാറിയെന്നാണ് മൊഴി നൽകിയ ശേഷം ബാലചന്ദ്രകുമാർ പറഞ്ഞത്. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകൾ കൈമാറിയിട്ടുണ്ട്. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ സഹായകരമായ സംഭാഷണവും കൈമാറിയിട്ടുണ്ട്. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ കൈമാറി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.