തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിന്റെ അടിവേര് മാന്തുമോ ഗ്രൂപ്പു രാഷ്ട്രീയം എന്നറിയാൻ ഡൽഹിയിൽ നിന്നും വരുന്ന പ്രഖ്യാപനം കാത്തിരിക്കയാണ കോൺഗ്രസ് അണികൾ. അണികളിൽ ആവേശവും ആത്മവിശ്വാസവും പകരാൻ സാധിക്കുന്ന നേതാവിനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷക്കിടയിലും അതിന് പാരപണിയാൻ ഗ്രൂപ്പുകൾ കളത്തിലിറങ്ങിയതിന്റെ നിരാശയിലാണ് കോൺഗ്രസിനെ സ്‌നേഹിക്കുന്നവർ. കോൺഗ്രസ് നന്നായി കാണാൻ ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കുന്നത് കെ സുധാകരൻ അധ്യക്ഷനായി വരണമെന്നാണ്. മുമ്പ് മുല്ലപ്പള്ളിയുമായി ഏറ്റുമുട്ടി അധ്യക്ഷപദവി വഴുതിയ സുധാകരന് ഇക്കുറി ഭീഷണിയു ഗ്രൂപ്പു മാനേജർമാരും ഹൈക്കമാൻഡ് ചമയുന്ന കെ സി വേണുഗോപാലുമാണ്. ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയാത്ത കോൺഗ്രസ് ഹൈക്കമാൻഡും അവസാന നിമിഷം ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണുള്ളത്.

കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പരിഭവ രൂപേണ പറഞ്ഞിരുന്നു. ഈ പ്രതികരണം തന്നെ അവരുടെ അമർഷം വ്യക്തമാക്കുന്നതാണ്. കേരള നേതാക്കളെ ഹൈക്കമാൻഡ് ഇരുട്ടിൽ നിർത്തുകയാണെന്ന വികാരംമണ് എ, ഐ ഗ്രൂപ്പുകൾ പങ്കുവെക്കുന്നത്. ഗ്രൂപ്പുകളെ മുഖവിലയ്ക്കെടുത്താകെ പുതിയ അധ്യക്ഷനെ നിയമിച്ചാൽ കാര്യങ്ങൾ എളുപ്പമല്ലെന്ന സൂചനയും കൃത്യമായി ഗ്രൂപ്പുകൽ നൽകുന്നു. പ്രതിപക്ഷ നേതാവ് പദവി നിശ്ചയിച്ചപ്പോൾ ഉണ്ടായ നീരസം ഇപ്പോഴും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നിലനിൽക്കുന്നുണ്ട്.

പരാജയകാരണങ്ങളിൽ ഓൺലൈൻ തെളിവെടുപ്പ് നടത്തിയ അശോക് ചവാൻ സമിതി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ അതിലേക്കു വിളിച്ചുമില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നു പരസ്യമായി പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ ആ ഉത്തരവാദിത്തത്തിൽ നിന്നു പിന്മാറിക്കഴിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ യോജിച്ച നീക്കം പരാജയപ്പെട്ടതോടെ ഇരുവരും കേന്ദ്രനേതാക്കളുമായി അങ്ങോട്ടു സമ്പർക്കത്തിനു മുതിരുന്നില്ല.

ഇതിനിടയിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഉടൻ പ്രഖ്യാപനം വരുമെന്നു സജീവ പരിഗണനയിൽ ഉള്ള കെ.സുധാകരൻ പറഞ്ഞത്. ഇതോടെ, ചർച്ച ചെയ്യാതെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന സന്ദേഹം ഗ്രൂപ്പുകളിൽ ശക്തമായി. പേരു ചോദിച്ചാൽ മാത്രം പറയും എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്. ചോദിച്ചാൽ ഉമ്മൻ ചാണ്ടി കെ.സുധാകരനെ പിന്തുണയ്ക്കുമോ എന്ന ചോദ്യവും ഇതോടെ കോൺഗ്രസിൽ ഉയർന്നു.

സഹപ്രവർത്തകരുമായി ആലോചിച്ച് അക്കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. 'എ'യിലെ പല പ്രമുഖർക്കും സുധാകരന്റെ ശൈലിയോടു യോജിപ്പില്ല. പകരം കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുന്നതായി വാർത്ത വന്നെങ്കിലും ഗ്രൂപ്പ് സ്ഥിരീകരിച്ചില്ല. കൊടിക്കുന്നിലിനെ അധ്യക്ഷനാക്കിയാൽ കോൺഗ്രസ് അണികളിൽ നിരാശ പടരുമെന്ന പൊതുവികാരം നേതാക്കളിലുമുണ്ട്. യുവ നേതാക്കളും അണികളും ആഗ്രഹിക്കുന്നത് സുധാകരന്റെ പേരാണ്. അതേസമയം സുധാകരനും കൊടിക്കുന്നിലും ആണ് നിലവിൽ മുൻനിര സ്ഥാനാർത്ഥികൾ എന്ന് ഇരു ഗ്രൂപ്പുകളും സമ്മതിക്കുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തീരുമാനം വന്നശേഷം ഉമ്മൻ ചാണ്ടിയും സോണിയയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ചെന്നിത്തലയെ പിന്തുണച്ച സാഹചര്യവും പകരം വി.ഡി.സതീശൻ വന്നത് സംബന്ധിച്ച നിരീക്ഷണങ്ങളും അതിൽ ഉണ്ടെന്നാണ് വിവരം. ചെന്നിത്തല സോണിയയ്ക്കു നൽകിയ കത്തിലെ വിവരങ്ങൾ പലതും പുറത്തു വന്നതിൽ എ ഗ്രൂപ്പിന് നീരസമുണ്ട്.

എംപിമാരെയും എംഎൽഎമാരെയും കണ്ട ചവാൻ സമിതി പുതിയ പ്രസിഡന്റിനെ സംബന്ധിച്ച നിർദ്ദേശം ആ തെളിവെടുപ്പിൽ ചോദിച്ചിട്ടില്ല. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കെപിസിസി പ്രസിഡന്റ് നിയമനത്തിലേക്ക് കടക്കുന്നതിനു മുൻപായി കേരളത്തിലെ പ്രമുഖരുമായി കേന്ദ്ര നേതൃത്വം ചർച്ച നടത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ നേതാക്കൾക്ക് ഉള്ളത്. അസേമയം ചെന്നിത്തല ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിൽ എ ഗ്രൂപ്പിൽ അമർഷമുണ്ട്. ഉമ്മൻ ചാണ്ടിയുടെ വരവ് ഹിന്ദുവോട്ടുകൾ നഷ്ടമാക്കിയെന്ന് കാണിച്ചാണ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തെഴുതിയത്.

ഇത് തള്ളിയെ കെ സി ജോസഫ് യുഡിഎഫിന്റെ പരാജയത്തിനു പല കാരണങ്ങൾ ഉണ്ടെന്നു വ്യക്തമാക്കി.ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ കുറഞ്ഞിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ കത്ത് ഊഹാപോഹം മാത്രമാണ്. ഉമ്മൻ ചാണ്ടി ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് വന്ന പുതുമുഖം അല്ല ഉമ്മൻ ചാണ്ടിയെന്നും കെ.സി.ജോസഫ് പറഞ്ഞു.