കണ്ണൂർ: നോമിനേഷൻ നൽകാൻപോലും എതിരാളികൾ ഇല്ലാതെ ഏകപക്ഷീയമായി ഒരു പാർട്ടി ജയിക്കുന്ന ഗ്രാമങ്ങൾ. ബീഹാറിനെപ്പോലും അത്ഭുദപ്പെടുത്തുന്ന ഈ പ്രവണത നമ്മുടെ കൊച്ചു കേരളത്തിലുമുണ്ടെന്ന് ഈ തദ്ദേശം തെരഞ്ഞെടുപ്പും അടിവരയിടുന്നു. കണ്ണൂർ-കാസർകോട് ജില്ലകളിലെ സിപിഎം ഗ്രാമങ്ങളിൽ അതാണ് സംഭവിക്കുന്നത്. പക്ഷേ ഇത് ഒരിക്കലും ജനാധിപത്യത്തിന് ഭൂഷണമല്ല. മാത്രമല്ല സിപിഎമ്മിന്റെ ഫാസിസം ഒന്നുകൊണ്ട് മാത്രമാണ് ഇവിടെ ജയിക്കുന്നത് എന്നാണ് എതിരാളികൾ പറയുന്നത്.

കണ്ണൂരിന്റെ ഒരു ഭൂമിശാസ്ത്രമനുസ്സരിച്ച് ഒരു പാർട്ടി ഗ്രാമം രൂപപ്പെട്ട് കഴിഞ്ഞാൽ അവിടെ അവരുടെ സർവാധിപത്യമാണ്. സിപിഎമ്മിനും ആർഎസ്എസിനും മുസ്ലീലീഗിനും ഇങ്ങനെ ഏരിയാ ഡോമിനേഷൻ നടത്തുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ മറ്റുപാർട്ടികളുടെ അനുഭാവികൾ ഉണ്ടാകുമെങ്കിലും അവർ ഭയന്ന് പ്രവർത്തിക്കാറില്ല. സിപിഎം ഗ്രാമങ്ങളിലാണ് ഈ പ്രവണത കൂടുതലുള്ളത്. മാത്രമല്ല ഇങ്ങനെയാവുമ്പോൾ ഒരു പ്രദേശത്ത് ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷിയുടെ ആളുകൾ അവിടം വിറ്റ് തങ്ങളുടെ കക്ഷിക്ക് ആധിപത്യമുള്ളിടത്തേക്ക് പോവകുയും പതിവാണ്. അങ്ങനെയാണ് മൽസരിക്കാൻ ആളില്ലാത്ത വാർഡുകൾ ഉണ്ടാകുന്നത്. ഇനി അനുഭാവികൾ ഉണ്ടെങ്കിലും അവർക്ക് പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവാറില്ല. യൂണിറ്റ് രൂപീകരണമോ, കൊടിമരമോ, പോസ്റ്ററോ ഉണ്ടായാൽ അപ്പോൾ വിവരം അറിയും. ഒരു വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ ഇടയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവർ പരസ്യമായ പ്രശ്നങ്ങൾക്കൊന്നും പോവില്ല.

1995ൽ പഞ്ചായത്തായിരുന്ന കാലത്ത് ആന്തൂരിലെ മുഴുവൻ വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. പിന്നീടെന്താണ് സംഭവിച്ചത് അതി ദാരുണമായിരുന്നു. അതിന് നേതൃത്വം നൽകിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ദാസനെ 1995 ഒക്ടോബർ 26ന് വെട്ടി തുണ്ടം തുണ്ടമാക്കി. അതിനു ശേഷം ആർക്കും അവിടെ മത്സരിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ പതിനാലിടത്ത് എതിരില്ലാതെ സിപിഎം തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അത് ആറിടത്തേക്ക് ചുരുങ്ങി എന്നത് ആന്തൂരിൽ ജനാധിപത്യം തിരിച്ചുവരുന്നതിന്റെ സൂചനയാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാലായിരത്തിലേറെ വോട്ട് യു.ഡി.എഫിന് കിട്ടിയ സ്ഥലത്താണ് മൽസരിക്കാൻ ആണില്ലാത്തത് എന്ന് ഓർക്കണം. ലീഗിന് അഞ്ചു സീറ്റും കോൺഗ്രസിന് എട്ടു സീറ്റും മത്സരിക്കാൻ നിശ്ചയിക്കപ്പെട്ട മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് മാത്രമാണ് ലീഗ് മത്സരിക്കുന്നത്. ഇവിടെ അഞ്ചിടത്ത് എതിരില്ലാതെ സിപിഎം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ നോമിനേഷൻ കൊടുത്തവർ വധഭീഷണി കാരണം വീടിന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ജീവിക്കാൻ കൊതിയുള്ളവർ നോമിനേഷൻ കൊടുക്കാതെ മാറിനിൽക്കുന്ന പ്രദേശങ്ങളാണിവ. നോമിനേഷൻ കൊടുത്താൽത്തന്നെ പ്രചാരണത്തിനോ ബൂത്തിലിരിക്കാനോ സമ്മതിക്കില്ല. കഴിഞ്ഞ വർഷം ആന്തൂരിലെ പുന്നക്കുളങ്ങരയിൽ 25 വർഷത്തിനു ശേഷം കോൺക്രീറ്റിട്ട് സ്ഥാപിച്ച കോൺഗ്രസ്, ലീഗ് കൊടിമരങ്ങൾ കണ്ണുചിമ്മി തുറക്കും മുമ്പെ അപ്രത്യക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു തവണ ഇവിടെ ലീഗ് ഓഫീസിനു നേരെ ബോംബേറുണ്ടായി.

സോഷ്യൽ മീഡിയ ഉയർത്തുന്നത് വൻ പ്രതിഷേധം

ഈ എകപക്ഷീയ ജനത്തെ ആഘോഷിക്കയാണ് സൈബർ സഖാക്കൾ. എന്നാൽ എതിരില്ലാതെ ഒരു പാർട്ടി തെരഞ്ഞെടുക്കപ്പെടുന്നത് കൃത്യമായ ഫാസിസത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് പലരും പ്രതിഷേധിക്കുന്നുണുണ്ട്. 'മറ്റുള്ളവരെ ജീവിക്കാൻ സമ്മതിക്കാത്ത ഉത്തരേന്ത്യൻ ഗ്രാമത്തിലെ താക്കൂറുമാരെക്കുറിച്ചുള്ള കഥയല്ല. സാക്ഷര കേരളത്തിലെ കണ്ണൂരിൽനിന്നുള്ള സിപിഎമ്മുകാരുടെ കഥയാണ്. 2020 നവംബർ 19ലെ കഥയാണ്. ഇതൊക്കെ ഉളുപ്പില്ലാതെ ആഘോഷിക്കാനും ആളുണ്ട് എന്നതാണ് മറ്റൊരു തമാശ. '- സോഷ്യൽ മീഡിയയുടെ ഒരു പരിഹാസം ഇങ്ങനെയാണ്. ഈ വിഷയത്തിൽ ജോഡി ജോർജ എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് എഴുതുന്നത് ഇങ്ങനെ

'കയ്യൂക്ക്, പ്രൊപ്പഗണ്ട : ഇവ രണ്ടും കൊണ്ട് മാത്രം വളരുന്നത് പൊതുവേ മതങ്ങളാണ്. ഇക്കാര്യത്തിൽ കമ്മ്യൂണിസം എന്ന ആശയവും 100% അങ്ങനെതന്നെയാണ്; ഇതുവരെയുള്ള ചരിത്രത്തിൽ. 16-ഓളം വാർഡുകളിൽ, കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ ഇജങ നെതിരെ നാമനിർദ്ദേശം കൊടുക്കാൻ ആരുമുണ്ടായില്ല. അതായത് കയ്യൂക്ക് കൊണ്ട് വേറെ ആരെയും നാമനിർദ്ദേശം കൊടുക്കാൻ അനുവദിച്ചില്ല. അതല്ലാതെ വേറെ കാരണം ഒന്നുമില്ല.

മറിച്ചുള്ള അവകാശവാദങ്ങൾ പരിഹാസ്യമാണ്. ജനാധിപത്യം എന്ന ആശയത്തോടുള്ള വെല്ലുവിളിയാണ്. കമ്മ്യൂണിസം ഒരു പിന്തിരിപ്പൻ ആശയമാണ് എന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അത് സമ്പൂർണ്ണമായിജനാധിപത്യ വിരുദ്ധമാണ് എന്നതാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് ഈ ആശയത്തിൽ നിഷിദ്ധമാണ്. സ്വാതന്ത്ര്യം ഇല്ലാതെ സമത്വം കൊണ്ടുവരാമെന്ന അന്ധവിശ്വാസവും കൂടെയാണ് കമ്മ്യൂണിസം.

NB: സ്വാതന്ത്ര്യം, സമത്വം, നീതി, ധാർമ്മീകത ഇവയൊന്നും ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ കണ്ടുപിടുത്തമല്ല. അവയൊക്കെ മാനവരാശിയുടെ പൊതു സ്വത്താണ്. അവയ്ക്കൊന്നും ഏതെങ്കിലും ഒരു പ്രത്യക ബ്രാൻഡിങ് ആവശ്യമില്ല.'