കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഗാർഹീക പീഡന മരണം. പയ്യന്നൂർ കോറോം സ്വദേശി സുനീഷയാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ കുറിച്ച് വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് കൂടാതെ ഭർത്താവിന്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും ശബ്ദരേഖയിൽ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ട്.

ഒന്നരവർഷം മുമ്പാണ് വിജീഷും സുനീഷയും വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. മകൾക്ക് ഭർതൃവീട്ടിൽ നിരന്തരം പീഡനമേൽക്കേണ്ടിവരുന്നു എന്ന് ചൂണ്ടിക്കാണിച്ച് സുനീഷയുടെ അമ്മ ഈ മാസം അഞ്ചാംതീയതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ ഘട്ടത്തിൽ രണ്ടുകുടുംബങ്ങളെയും പൊലീസ് വിളിച്ചുവരുത്തുകയും പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് സുനീഷ ജീവനൊടുക്കിയത്.