കൊൽക്കത്ത: കൊൽക്കത്തയിൽ വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കിടെ ഉണ്ടായ ഇരട്ടക്കൊലപാതകത്തിൽ നഴ്‌സായ മിഥു ഹൽദാർ (61) അറസ്റ്റിൽ. മുഖ്യപ്രതിയായ ഇവരുടെ മകനുവേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്.

എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ സുബിർ ചകിയുടേയും ഡ്രൈവറുടേയും കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് നഴ്‌സ് അറസ്റ്റിലായത്.

ഞായറാഴ്ചയാണ് കൊൽക്കത്തയിലെ കിൽബർൺ എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ എംഡിയായ സുബിൽ ചാകിയേയും അവരുടെ ഡ്രൈവർ റബിൻ മണ്ഡലിനേയും വീട്ടിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും കഴുത്തിലും കാലിനും ശരീരത്തിലും നിരവധി പരിക്കുകളുണ്ടായിരുന്നു.

വീട്ടിലെ രണ്ട് നിലകളിലായി ഇരുവരേയും കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കവർച്ചയായിരുന്നു ഇവരുടെ ഉദ്ദേശം എന്നാണ് പ്രാഥമിക നിഗമനം. പത്ത് വർഷമായി സുബിർ ചാകിക്കൊപ്പമുള്ള ആളാണ് ഡ്രൈവറായ റബിൻ മണ്ഡൽ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തു വിൽപനയുമായി ബന്ധപ്പെട്ട പത്രപ്പരസ്യം കണ്ട് മിഥു ഹൽദാറും മകനും സുബിർ ചാകിയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇവരുടെ വീട് ഇരുവരും ദിവസങ്ങൾക്ക് മുൻപ് സന്ദർശിക്കുകയും ചെയ്തു.

വസ്തുവിൽ താൽപര്യമുണ്ടെന്നറിയിച്ച് സുബിർ ചാകിയെ മിഥുവും മകനും വീണ്ടും വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിൽ മറ്റ് ചിലർക്കും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയുലെടുത്ത മിഥു നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡയമണ്ട് ഹാർബർ മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ മകനും മുഖ്യപ്രതിയാണെന്ന് പൊലീസ് സംശയിക്കുന്ന വിക്കി എന്ന മകന് വേണ്ടി തിരച്ചിൽ നടക്കുന്നുണ്ട്. ഇവരുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.