കൊല്ലം: ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്.ഭർത്തൃമാതാവിന്റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്ന് ഭർതൃമാതാവിനെതിരെ ശക്തികുളങ്ങര പൊലീസ് ഗാർഹികപീഡനത്തിന് കേസെടുത്തു.

പടിഞ്ഞാറേ കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ സതീഷിന്റെ ഭാര്യ അനുജയാണ് ജൂൺ 30-നു രാത്രി ആത്മഹത്യക്കു ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് അനുജ മുറിയിൽക്കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ചു കിടക്കാറുള്ളതിനാൽ സതീഷ് ഇത് കാര്യമാക്കിയില്ല. ഇടയ്ക്ക് മയങ്ങിപ്പോയ ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽത്തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.ഉടൻതന്നെ വാതിൽ ചവിട്ടിപ്പൊളിച്ച് അനുജയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അനുജ മരിച്ചത്.

ഭർത്തൃമാതാവ് അനുജയോട് മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കൾ പറയുന്നു. അനുജയുടെ അച്ഛൻ അനിൽകുമാറിന്റെ പരാതിപ്രകാരം സതീഷിന്റെ അമ്മ സുനിജയ്ക്കെതിരേ ശക്തികുളങ്ങര പൊലീസ് ഗാർഹികപീഡനത്തിന് കേസെടുത്തിരുന്നു. അനുജയുടെ മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ എ.പ്രദീപ്കുമാർ അറിയിച്ചു.

സതീഷും അനുജയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. രാജേശ്വരിയാണ് അനുജയുടെ അമ്മ. സഹോദരി: അഖില. സമീപകാലത്ത് ഉയർന്നുവരുന്ന ഗാർഹീക പീഡനത്തിന്റെ ഇരയാണോ അനുജയും എന്ന ചോദ്യം ശ്ക്തമാവുകയാണ്.