കൊച്ചി: ജോലിക്കുള്ള അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ നിറയെ ദുരൂഹത. ഒരാൾ കസ്റ്റഡിയിലാണ്. കൊച്ചി എടവനക്കാട് സ്വദേശിയായ യുവാവിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

യുവതിയുടെ മരണം സംബന്ധിച്ച് വ്യക്തത വന്നതിനു ശേഷമേ ഇയാളുടെ വിവരങ്ങൾ പുറത്തു വിടൂ എന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ എഴുപന്ന സ്വദേശിനിയായ 19കാരിയാണ് ബുധനാഴ്ച മരിച്ചത്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്യുകയാണ് പൊലീസ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലുള്ള ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാവിലെ 11 മണിയോടെ ഇരുവരും റൂമെടുത്തിരുന്നു. തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ യുവാവ് ഇവരെ രണ്ടു മണിയോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു.

പെൺകുട്ടി മരിച്ചെന്നു വ്യക്തമായതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടു. ഇതോടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നി സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവ് കുടുങ്ങി. ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇതോടെ തന്നോടൊപ്പം നഗരത്തിലെത്തിയതാണെന്നും മുറിയെടുത്തെന്നും മൊഴി നൽകിയത്. തുടർന്ന് യുവതിയുടെ മറ്റ് വിവരങ്ങളും പൊലീസിന് കിട്ടി.

യുവതി ജോലി ഇന്റർവ്യൂവിനാണ് നഗരത്തിലേക്കു പോയതെന്നായിരുന്നു വീട്ടുകാർ പറഞ്ഞു. വൈകിട്ടോടെ ബന്ധുക്കളെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടവും കോവിഡ് പരിശോധനയും നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

മൃതദേഹ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ യുവതിയുടെ മരണകാരണം വ്യക്തമാകുകയുള്ളൂ. അമിത രക്തസ്രാവം എന്നത് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനമാണ്. കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോഴേ പെൺകുട്ടി മരിച്ചിരുന്നു എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. യുവാവിന് ഒപ്പമുണ്ടായിരുന്നപ്പോഴാണ് പെൺകുട്ടിക്ക് അപകടം പറ്റിയത്. അതുകൊണ്ട് തന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കേസിൽ നിർണ്ണായകമാകും.