കോതമംഗലം: പുല്ലരിയാൻ പോയ സ്ത്രീയെ അവശനിലയിൽ കണ്ടെത്തിയെന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടെന്നും ബന്ധുക്കൾ. ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും വെളിപ്പെടുത്തൽ. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്.

അയിരൂർപാടം പാണ്ട്യാർപ്പിള്ളി ആമിന(66)യെ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തോടെ സഹോദരിയുടെ വീടിനടുത്തെ പാടത്ത് അവശ നിലയിൽ കണ്ടെത്തിയതായിട്ടാണ് മകനുൾപ്പെടെയുള്ളവർ പൊലീസിൽ അറിയിച്ചിട്ടുള്ളത്. അനക്കമില്ലാത്ത അവസ്ഥയിൽ ആമീനയെ ഇവിടെ കണ്ടെത്തുകയായിരുന്നെന്നും തുടർന്ന് കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെന്നും പരിശോധിച്ച ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഉറ്റവർ മൊഴി നൽകിയതായിട്ടാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

രാവിലെ 11.30 തോടെ വീട്ടിൽ നിന്നും പുറപ്പെട്ട ഇവർ തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇവർ ധരിച്ചിരുന്ന 9 പവനിലധികം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായിട്ടാണ് ബന്ധുക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതെത്തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്തതായി കോതമംഗലം പൊലീസ് അറിയിച്ചു. മൃതേദ്ദഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.