തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് സംസ്ഥാനത്ത് സമാനമായ നിലയിൽ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയാണ് ഈ മാസം മൂന്നിന് പീഡനത്തിന് ഇരയായെന്ന് പരാതിയിൽ പറയുന്നത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കൽ ആരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ജോലിയുടെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഹെൽത്ത് ഇൻസ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം പാങ്ങോടുള്ള ഹെൽത്ത് ഇൻസ്‌പെക്ടറുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം യുവതി വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതാണ് വെള്ളറ പൊലീസിൽ പരാതി നൽകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. യുവതിയുടെ മൊഴി എടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ്.

അതിനിടെ, ആറന്മുളയിൽ കോവിഡ്‌ രോഗിയെ കനിവ് 108 ആംബുലൻസിന് ഉള്ളിൽ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ നൗഫലിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇയാളെ ജോലിയിൽ നിന്ന് നേരത്തെ പിരിച്ചുവിട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ, 108 ആംബുലൻസിൽ തന്നെ പിപിഇ കിറ്റ് ധരിപ്പിച്ചാണ് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇതിന് ശേഷം പ്രതിയുമായി പൊലീസ് സംഘം വേഗം മടങ്ങുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ട് പ്രതി നൗഫൽ പെൺകുട്ടിയെ പീഡിപ്പിച്ചത്.

അടൂർ വടക്കടത്ത്കാവിൽ നിന്ന് രണ്ട് കോവിഡ് രോഗികളുമായി പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു നൗഫലിന്റെ ആംബുലൻസ്. പീഡനത്തിനിരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടായിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടായിരുന്നു ആക്രമണം.

സംഭവം കഴിഞ്ഞ് പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്. കോവിഡ് രോഗികളുമായി പോകുന്ന വാഹനത്തിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണമെന്ന നിർദ്ദേശം പാലിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ ഒറ്റക്ക് രണ്ട് സ്ത്രീകളുമായി ചികിത്സ കേന്ദ്രത്തിലേക്ക് പോയത്.