ഹൈദരാബാദ്: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരവും നടത്തിയ യുവതി 18 ദിവസങ്ങൾക്കു ശേഷം കുടുംബത്തിൽ തിരിച്ചെത്തി വീട്ടുകാരെ ഞെട്ടിച്ചു. മെയ് 15 നാണ് ആന്ധ്രാപ്രദേശിലെ വിജയവാഡ ആശുപത്രിയിൽ നിന്ന് മുത്ത്യായല ഗഡ്ഡയ്യ കോവിഡ് ബാധിച്ച് മരിച്ച അദേഹത്തിന്റെ ഭാര്യയുടെ മൂടിക്കെട്ടിയ മൃതദേഹം ഏറ്റുവാങ്ങി ദഹിപ്പിച്ചത്.

തുടർന്ന് ജൂൺ ഒന്നിന് അവരുടെ ഓർമ്മ ദിവസം ആചരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് കുടുംബത്തേയും ഗ്രാമത്തേയും ഞെട്ടിച്ചുകൊണ്ട് 70 കാരി വീട്ടിൽ തിരിച്ചെത്തിയത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ ക്രിസ്റ്റിയാൻപെട്ട് ഗ്രാമത്തിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.

മെയ് 12 നാണ് വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിൽ കോവിഡ് ബാധിതയായ 70 കാരിയെ പ്രവേശിപ്പിച്ചത്. ദിവസവും ഇവരുടെ ഭർത്താവ് ആശുപത്രിയിലെത്തുമായിരുന്നു.എന്നാൽ മെയ് 15ന് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡ് വാർഡിൽ അവരെ കണ്ടെത്താനായില്ല. മറ്റ് വാർഡുകളിൽ അന്വേഷിച്ചുവെങ്കിലും വിഫലമായിരുന്നു.

തുടർന്ന് ആശുപത്രിയിലെ നഴ്സുമാരാണ് അദേഹത്തോട് അവർ മരിച്ചതാകാം എന്ന് പറയുന്നത്. തുടർന്ന് പ്രായമായ ഒരു സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മൂടിക്കെട്ടി അദേഹത്തിന് നലകി. അതേ ദിവസം തന്നെ സംസ്‌കാര ചടങ്ങുകളും കുടുംബം നടത്തി. മെയ് 23 ന് അവരുടെ 35 കാരനായ മകനും കോവിഡ് ബാധിച്ച് മരിച്ചു. തുടർന്ന് ജൂൺ ഒന്നിന് ഇരുവരുടെയും ഓർമ്മദിവസം കുടുംബം നടത്തുകയും ചെയ്തു.

അതേസമയം വിജയവാഡയിലെ ആശുപത്രിയിൽ കോവിഡ്മുക്തയായ ശേഷം ആരും വരാത്തതിനെ തുടർന്ന് 70 കാരിയായ ഗിരിജമ്മ ഉണ്ടായിരുന്നു. തുടർന്ന് വീട്ടിൽ പോകാനായി ആശുപത്രി അധികൃതർ മൂവായിരത്തോളം രൂപ നൽകി. പിന്നാലെ ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങൾ മാറിമറിഞ്ഞത് വീട്ടുകാർ തിരിച്ചറിയുന്നത്. ആശുപത്രിയിൽ നിന്ന് മൃതദേഹം മറച്ചു നൽകിയതിനാൽ മൃതദേഹം തിരിച്ചറിയാനും വീട്ടുകാർക്ക് കഴിയാതെ പോകുകയായിരുന്നു.