ഓച്ചിറ: കൊല്ലത്ത് ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിക്കാൻ ഇടായായ സംഭവം വിദഗ്ധ സംഘം അന്വേഷിക്കും. ആയിരംതെങ്ങ് പടിഞ്ഞാറെ മണ്ണേൽ വിനോദിന്റെ ഭാര്യ ചാന്ദന വിനോദ് (ചിക്കു27) ആണു മരിച്ചത്. കഴിഞ്ഞ 15ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാന്ദന 17ന് പുലർച്ചെ 1.29ന് ആണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിക്കുകയായിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. യുവതിയുടെ ബന്ധുക്കൾ എത്തുന്നതിനു മുൻപ് കുഞ്ഞിനെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തതും വിവാദമായിയിരുന്നു. സംഭവത്തിൽ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങി. ഒടുവിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കൊട്ടിയം പൊലീസ് കേസെടുക്കുകയായിരുന്നു.

ചാന്ദന എന്ന യുവതി മരിച്ച സംഭവം വിദഗ്ധസംഘം അന്വേഷിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ നിയോഗിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘമാണു ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുക. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കു മുൻപ് റിപ്പോർട്ടു ഡയറക്ടർക്കും ജില്ലാ പഞ്ചായത്തിനും സമർപ്പിക്കണമെന്നാണു നിർദ്ദേശം.

മരണത്തിൽ ചികിത്സാപ്പിഴവുണ്ടെന്നാരോപിച്ചു ബന്ധുക്കളും ജനപ്രതിനിധികളും അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ ഡാനിയൽ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ചാന്ദനയുടെ പിതാവ് ചന്ദ്രബാബു, തൃക്കോവിൽവട്ടം പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

അതേസമയം സാധാരണ പ്രസവമായിരുന്നു യുവതിയുടേത്. അമിത രക്ത സ്രാവം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തവും പ്ലാസ്മയും നൽകി. പുറത്തു നിന്നു സർജനെ വിളിച്ചു വരുത്തി. മുഴുവൻ ഡോക്ടർമാരും ഉണ്ടായിരുന്നു. യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തു. നില ഭേദപ്പെട്ടതോടെ തിരുവനന്തപുരത്തേക്ക് മാറ്റാൻ ഒരുങ്ങി. ബന്ധുക്കളുമായി സംസാരിച്ചപ്പോൾ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞു. അവിടുത്തെ ഡോക്ടറെ ഫോണിലൂടെ വിവരം അറിയിച്ച ശേഷമാണ് അങ്ങോട്ട് അയച്ചത്. അമിത രക്തസ്രാവം ഉണ്ടാകാനുള്ള കാരണമെന്തെന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. കുട്ടിയുടെ ദ്രാവകം അമ്മയുടെ ശരീരത്തിൽ കടക്കുമ്പോഴാണ് ഇങ്ങനെ അമിത രക്തസ്രാവം ഉണ്ടാകാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കാൻ കഴിയാതെ വരും. വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് സമർപ്പിച്ചു.

യുവതി മരിച്ച വിവരം അറിഞ്ഞതോടെ വിക്ടോറിയ ആശുപത്രി അധികൃതർ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യത നടപിടിയമാണ് വിവാദത്തിലായിരുന്നത്. 10 മണിക്കു ബന്ധുക്കളെത്തി കുഞ്ഞിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഡീസന്റ് മുക്ക് തൊടിയിൽ ചന്ദ്രബാബു മിനി ദമ്പതികളുടെ മകളാണ് ചാന്ദന . ഭർത്താവ് വിനോദ് ദുബായിലാണ്. മൂന്നു വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ആദ്യ പ്രസവമാണ്. ഗവർണർ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു.