തിരുവനന്തപുരം: വയനാട്ടിലെ മരംമുറി വിവാദമാകുമ്പോൾ റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി തൃശൂർ, ഇടുക്കി ജില്ലകളിലും വ്യാപക മരം മുറി. ജില്ലയിലെ 3 റേഞ്ചുകളിൽ നിന്നും ഇടുക്കി വന്യജീവി സങ്കേതത്തിൽ നിന്നും കോടികളുടെ മരം മുറിച്ചു കടത്തി. 2020 ലെ റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും തൃശൂരിലും ഇടുക്കിയിലും മരങ്ങൾ മുറിച്ചു കടത്തിയെന്നാണു വനം വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.

തട്ടേക്കാട് റേഞ്ചിൽ മാത്രം 80ൽ അധികം വൃക്ഷങ്ങൾ കടത്തി. സംരക്ഷിത വനപ്രദേശങ്ങളിൽ നിന്നും സർക്കാർ ഉടമസ്ഥതയിലുള്ള റവന്യുഭൂമിയിൽ നിന്നും മരം മുറിച്ചതായി ആരോപണമുണ്ട്. തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് റേഞ്ചുകളിലാണു വ്യാപകമായി മരം വെട്ടിക്കടത്തിയത്. 500 വൻവൃക്ഷങ്ങളെങ്കിലും ഇവിടെ നിന്ന് മുറിച്ചു കടത്തി. കഴിഞ്ഞ നവംബർ മുതലാണ് വ്യാപകമായി മരം മുറിച്ചത്.

മച്ചാട് മേഖലയിലെ പട്ടയഭൂമികളിൽ നിന്നു കടത്തിയ 85 തേക്ക് മലപ്പുറം വാണിയമ്പലത്തെ മില്ലിൽ നിന്ന് വനംവകുപ്പ് കണ്ടെത്തി. അടച്ചുപൂട്ടിയ പൊങ്ങണംകാട് സ്റ്റേഷന്റെ പരിധിയിലെ പൂമലയിൽ നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 തേക്ക് വെട്ടിക്കടത്തിയതായും കണ്ടെത്തി. 3 പാസ് ഉപയോഗിച്ചു മുറിച്ച മുഴുവൻ തടിയും കണ്ടെടുത്തതായി അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് ഫർണിച്ചർ പണിയാൻ ഉപയോഗിച്ചെന്നു സൂചനയുണ്ട്. ഇതേസമയം, അനുമതി വാങ്ങി കൊണ്ടുവന്ന തടിയാണു മില്ലിൽ ഉള്ളതെന്ന് ഉടമ പറഞ്ഞു.

ഒരുമാസം മുൻപു പൊങ്ങണംകാട്, വാണിയംപാറ, അകമല, പൂങ്ങോട് സ്റ്റേഷനുകൾ വനംവകുപ്പ് നിർത്തലാക്കിയതുകൊള്ള മറച്ചുവയ്ക്കാൻ വേണ്ടിയാണെന്ന വാദം ബലപ്പെട്ടിരിക്കയാണ്. മരംവെട്ടാൻ അനുവാദം നൽകിയ പട്ടയഭൂമിയുടെ ഉടമസ്ഥനെയും തടിക്കച്ചവടക്കാരനെയും വനംവകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തെങ്കിലും ഇവർക്കു ജാമ്യം നൽകിയതായി അറിയുന്നു. ഈ മേഖലയിൽ പാസ് നൽകിയതിന്റെ രേഖകളും മുക്കിയതായാണു സൂചന. ഇതിനിടെ, വനംകൊള്ളയ്ക്കു കുപ്രസിദ്ധി നേടിയ മാന്ദാമംഗലത്തു മുപ്പതോളം തേക്ക് വെട്ടിക്കടത്തിയതിന് 3 കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. ഇവിടെയും പാസിന്റെ ഫയലുകൾ അപ്രത്യക്ഷമായതായി സൂചനയുണ്ട്.

അതേസമയം മരംകൊള്ളയ്ക്കു വഴിവച്ച ഒക്ടോബർ 24ലെ ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയത്, ഇതേ ഉത്തരവിന് അടിസ്ഥാനമായ മാർച്ചിലെ സർക്കുലർ റദ്ദാക്കണമെന്ന ശുപാർശ തള്ളിക്കൊണ്ട്. അതിനു വഴിവച്ചതാകട്ടെ, അന്നത്തെ റവന്യു മന്ത്രിയുടെ ഓഫിസിൽ നിന്നെത്തിച്ച 2 പേജുള്ള കുറിപ്പും. വനം വകുപ്പിന്റെ അഭിപ്രായം ആരായാതെയും നിയമോപദേശം പരിഗണിക്കാതെയുമാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവു പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം മാർച്ച് 11നു റവന്യു വകുപ്പ് ഇറക്കിയ സർക്കുലറിൽ (യു3 1872019 റവന്യു) പട്ടയ ഭൂമിയിൽ നിലനിർത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം ഉടമയ്ക്കാണെന്നും അവ മുറിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ഒരു പരിസ്ഥിതി സംഘടന കേസിനു പോയി. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർമാരും റിപ്പോർട്ടുകൾ നൽകി.

തുടർന്നു സർക്കുലർ റദ്ദാക്കുന്നതാണ് ഉത്തമമെന്ന് റവന്യു അണ്ടർ സെക്രട്ടറി ഫയലിൽ എഴുതി. എന്നാൽ ഇതു പരിഗണിക്കാതെ പ്രിൻസിപ്പൽ സെക്രട്ടറി, ഫയൽ മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. തിരിച്ചെത്തിയ കുറിപ്പിൽ മരം മുറിക്കാൻ അനുവദിച്ച് ഉത്തരവിടണമെന്ന നിർദ്ദേശം ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് മരംവെട്ടിനെതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടേണ്ടി വരും എന്ന ഭീഷണി ഉൾപ്പെടുത്തി ഒക്ടോബർ 24ന് 2612020 നമ്പർ ഉത്തരവ് ഇറങ്ങിയത്.

അതിനിടെ വയനാട് മുട്ടിലിൽ മരംമുറിക്കുന്നതിനു വനം വകുപ്പുദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായി പ്രതി റോജി അഗസ്റ്റിൻ ആരോപിച്ചു. ഡിഎഫ്ഒയ്ക്ക് 10 ലക്ഷവും റേഞ്ച് ഓഫിസർക്ക് 5 ലക്ഷവും നൽകി. ഓഫിസ് ജീവനക്കാർക്കും പണം നൽകി. റവന്യൂ ഉദ്യോഗസ്ഥർക്കു നൽകിയിട്ടില്ല. മരംമുറിക്കുന്നതുമായി ബന്ധപ്പെട്ടു വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറഞ്ഞു.

സ്വന്തം പറമ്പിലെ 14 എണ്ണം ഉൾപ്പെടെ 56 മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണു മുറിച്ചത്. ലൈസൻസ് ഉപയോഗിച്ചു പെരുമ്പാവൂരിലാണു തടി എത്തിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തി വനത്തിൽ നിന്നു മരംമുറിച്ചതായി കാട്ടി കേസെടുത്തു. മരം മുറിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറുമായി നടത്തിയ ഫോൺ സംഭാഷണവും റോജി പുറത്തു വിട്ടു. ഡിഎഫ്ഒയ്ക്കു പണം നൽകിയതു സംബന്ധിച്ച പരാമർശവും ഇതിലുണ്ട്.