കണ്ണൂർ: കെ റെയിൽ പദ്ധതിക്ക് പൂർണ പിന്തുണയുമായി സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിൽവർലൈൻ പോലെയുള്ള പദ്ധതികൾ കേരളത്തിന് അത്യാവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞെന്ന് യെച്ചൂരി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ 23ാം പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

എൽഡിഎഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയിൽ എത്തിച്ചത്. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതുകൊണ്ടാണ്. എന്നാൽ കാര്യങ്ങൾ കേരളത്തിൽ അങ്ങനെയല്ലെന്നു യെച്ചൂരി പറഞ്ഞു.

ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബിജെപിയുടെ പ്രധാന അജണ്ട. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ സാധ്യമായ എല്ലാ വഴികളും ബിജെപി തേടുകയാണ്. ജനകീയ സമരങ്ങളെ അടിച്ചമർത്താനാണ് ഹിന്ദുത്വ ശക്തികളുടെ ശ്രമം. വിലക്കയറ്റവും ഇന്ധനവിലയും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണണെന്ന് യെച്ചൂരി പറഞ്ഞു.

പാർട്ടിയെ അടിത്തട്ട് മുതൽ ശക്തിപ്പെടുത്തും. സിപിഎമ്മിന്റെ സ്വതന്ത്ര ശക്തി വർധിപ്പിക്കും. ഹിന്ദുത്വ ശക്തികൾക്കെതിരേ ഇടത് ജനാധിപത്യ ബദൽ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്നും യെച്ചൂരി പറഞ്ഞു. അതേസമയം കെ റെയിലിന് പാർട്ടി കോൺഗ്രസിന്റെ പിന്തുണയുണ്ടെന്ന് പിണറായി ഇന്നലെ വ്യക്തമാക്കിയിരുന്നു.

എൽ.ഡി.എഫിന്റെ കാലത്ത് ഒന്നും നടക്കരുതെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. യു.ഡി.എഫിന്റെ കാലത്ത് അതിവേഗ ട്രെയിൻ ആവാം. എന്നാൽ എൽ.ഡി.എഫ് ചെയ്യുമ്പോൾ പാടില്ല. ഒരു പദ്ധതി വരുമ്പോൾ അത് നാടിന് വേണ്ടിയുള്ളതാണെന്ന് ഓർക്കണം. നാടിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഓർക്കണം. അല്ലാതെ അതിനെ തടയാൻ ശ്രമിക്കുകയല്ല വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

കെ.റെയിലിന് കേന്ദ്ര അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ.റെയിലിന് ഒപ്പമാണ്. പ്രശ്നങ്ങൾ പ്രശ്നമായി ഉന്നയിക്കുന്നതിന് പകരം അന്ധമായി എതിർക്കുകയല്ല വേണ്ടത്. ചില മാധ്യമങ്ങളും അതിന് ഒപ്പംചേരുകയാണ്. വികസത്തിന് എതിരുനിൽക്കുന്നവരെ തുറന്ന് കാട്ടുന്നതിന് പകരം, അവർക്കുവേണ്ടി വാദിക്കുന്നു. പക്ഷെ ഒന്നും നടക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

പരിസ്ഥിതിയുടെ പ്രശ്നമാണ് കെ.റെയിൽ സംബന്ധിച്ച് പറയുന്നത്. എന്നാൽ കെ.റെയിൽ വരുമ്പോൾ കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയുകയാണ് ചെയ്യുന്നത്. എല്ലാം ചർച്ച ചെയ്യാമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രകടന പത്രികയെന്നത് വെറും വാക്കല്ല, അത് ജനങ്ങൾക്ക് കൊടുത്ത വാക്കാണ്. എന്ത് വിലകൊടുത്തും അത് നടപ്പിലാക്കുമെന്നും പിണറായി വ്യക്തമാക്കി.