തിരുവനന്തപുരം: ഫോൺവഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അർധരാത്രി ബൈക്കിൽ ചുറ്റിയടിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയ കേസിലാണ് യുവാവ് അറസ്റ്റിലായത്. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടിൽ പ്രസന്നനന്റെ മകൻ രാഹുൽ (20) ആണ് അറസ്റ്റിലായത്.

ഫോൺ വഴി പരിചയപ്പെട്ട് പ്രണയം നടിച്ചാണ് യുവാവ് പെൺകുട്ടിയെ അർധരാത്രി ബൈക്കിൽ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് യുവാവ് പറയുന്നത്. താൻ കാമുകിയുമായി കറങ്ങിയടിക്കവേയാണ് ബൈക്ക് അപകടത്തിൽ പെട്ടതെന്നും യുവാവ് പറയുന്നു. അതേസമയം കടയ്ക്കാവൂർ മണ്ണാത്തിമൂല ഭാഗത്ത് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതോടെയാണ് കഥമാറിയത്.

നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും പൊലീസ് എത്തിയാണ് ആംബുലൻസിൽ ചിറയിൻകീഴ് താലുക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അപകടത്തിൽ യുവാവിന്റെ കാലിനാണ് പരിക്കേറ്റത്. ഇതിനിടെ പരിക്കേറ്റ പെൺകുട്ടി ബോധം വീണ്ടെടുത്തതോടെയാണ് തന്നെ തട്ടിക്കൊണ്ടു പോയതാണെന്നാണ് മൊഴി നൽകിയത്.

ഇതോടെ ഉടൻതന്നെ ഡോക്ടർമാർ ഈ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് കടയ്ക്കാവൂർ എസ്‌ഐ. വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ.മാരായ ബിനോജ്, ജ്യോതിഷ്, ഷിബു, സി.പി.ഒ മേരി എന്നിവരടങ്ങിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി എടുക്കുകയും കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അർധരാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ച രാഹുൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും പ്രലോഭിപ്പിച്ച് ബൈക്കിൽ കടത്തി കൊണ്ടുപോയെന്നുമാണ് പൊലീസ് പറഞ്ഞത്. പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും കടയ്ക്കാവൂർ സിഐ. ആർ. ശിവകുമാർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.