ഹരിപ്പാട്: ആലപ്പുഴയിൽ മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി മഹാദേവികാട് വാഗസ്ഥാനത്ത് ശ്രീമന്ദിരം അതുൽദേവ് (അമ്പാടി-24) ആണ് ജില്ലാ ആന്റിനാർക്കോട്ടിക് ഭാഗവും തൃക്കുന്നപ്പുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്‌സിമെത്ത് ആംഫിറ്റമിൻ (എം ഡി എം എ) എന്ന മാരക ഇനത്തിൽപ്പെട്ട ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്.

അതുൽ ദേവ് ബൈക്കിൽ വരുമ്പോൾ വലിയകുളങ്ങര ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള സർവീസ് സ്റ്റേഷൻ സമീപത്തു സമീപത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാം തൂക്കം വരുന്ന ലഹരിമരുന്നു കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽപ്പെട്ട എം ഡി എം എം, എൽ എസ് ഡി തുടങ്ങിയവ എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി, എം ആർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും തൃക്കുന്നപ്പുഴ സി ഐ ടി ദിലീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടിയത്.

ബംഗളൂരുവിൽ നിന്നുള്ള ഏജന്റുമാർ മുഖേന ജില്ലയിൽ എത്തിച്ചു ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപക്ക് വിലപറഞ്ഞുറപ്പിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ്. ഒരു വർഷമായി ഇയാൾ മാസത്തിൽ രണ്ടു മൂന്നു തവണ ബൈക്കിൽ ബാംഗ്ലൂരിൽ പോയി എം ഡി എം എ യും കഞ്ചാവും നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരിമരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആന്റി നാർക്കോട്ടിക് ടീം ഇയാളെ ഏറെ കാലമായി നിരീക്ഷിച്ചുവരികയായിരുന്നു. എംഡിഎംഎയുടെ ഒരു ഗ്രാം മൂന്ന് പേർക്ക് 24മണിക്കൂർ നേരത്തെക്ക് ലഹരി നൽകാൻ കഴിയുമെന്നും പൊലീസ് പറഞ്ഞു.