മലപ്പുറം: പോളിയോ ബാധിച്ച് 25 വർഷത്തോളമായി വീൽചെയറിൽ കഴിയുന്ന യുവതിയെ വിവാഹം കഴിച്ച് ജീവിത സഖിയാക്കിയ ചെറുപ്പക്കാരന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു അഭിനന്ദനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്ക് സമീപം വെട്ടത്തൂർ തടിയൻവീട്ടിൽ അലിയുടെയും സലീനയുടെയും മകൻ ഫസൽറഹ്മാനാണ് ചെർപുളശ്ശേരി നെല്ലായ പട്ടിശ്ശേരി സ്വദേശികളായ മാമൂട്ടി-ഫാത്തിമ ദമ്പതികളുടെ മകൾ റഹീമയെ വിവാഹം കഴിച്ചിരിക്കുന്നത്.

കാൽ നൂറ്റാണ്ട് കാലമായി വീൽചെയറിൽ ജീവിക്കുന്ന വ്യക്തിയാണ് റഹീമ. രണ്ടുവയസ്സുള്ളപ്പോഴാണ് റഹീമക്ക് പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്നത്.പ്രതിസന്ധികളെയെല്ലാം മറികടന്ന് റഹീമ ഡിഗ്രിയും പിജിയും പൂർത്തിയാക്കി. കംബ്യൂട്ടർ കോഴ്സിന് ചേരാനുള്ള തയ്യാറെടുപ്പിനിടയിലാണ് വിവാഹം നടക്കുന്നത്.

ഭിന്നശേഷിക്കാരിയായ ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു ഫസലിന്റെ ആഗ്രഹം. ആഗ്രഹം വീട്ടുകാരെ അറിയച്ചപ്പോൾ തുടക്കത്തിൽ എതിർപ്പുകളുണ്ടായി. എന്നാൽ എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന ഫസൽ ലോക്ഡൗൺ കാലത്താണ് നാട്ടിലെത്തിയത്. പിന്നീട് ഭിന്നശേഷിക്കാരായ യുവതികളുടെ അഡ്രസുകൾ തപ്പിയെടുക്കലായിരുന്നു പണി. ഇത്തരത്തിൽ ആദ്യം ലഭിച്ച വിലാസത്തിൽ വിളിച്ച് നോക്കിയപ്പോൾ പെൺകുട്ടി വീട്ടിലില്ലാത്തതിനാൽ അന്ന് പെണ്ണുകാണൽ നടന്നില്ല. പകരം അന്ന് തന്നെ ലഭിച്ച മറ്റൊരു വിലാസം റഹീമയുടേതായിരുന്നു.

റഹീമയുടെ രക്ഷിതാക്കളുമായി ഫോണിൽ സംസാരിച്ചതിന് ശേഷം അന്നു തന്നെ പെണ്ണുകാണൽ ചടങ്ങ് നടത്തി.പിന്നീട് എട്ട് മാസത്തോളം ഇരുവരും പരസ്പരം ഫോണിലും നേരിട്ടും സംസാരിച്ച് ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം കാര്യങ്ങൾ പറഞ്ഞ് സംസാരിച്ചതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്. ഇക്കാലയളവിൽ രണ്ട് പേരും പരസ്പരം മനസ്സിലാക്കിയെന്നും ഫസൽ റഹ്മാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തുടക്കത്തിൽ ചില ബന്ധുക്കൾ എതിർപ്പുകൾ അറിയിച്ചിരുന്നെങ്കിലും അവരെയെല്ലാം പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമാണ് വിവാഹം നടത്തിയത്.

ഒരു വ്യാഴാഴ്ച റഹീമയുടെ വീട്ടുകാർ ഫസലിന്റെ വീട്ടിലെത്തുകയും അടുത്ത ദിവസം ഫസലിന്റെ വീട്ടിൽ നിന്നും റഹീമയുടെ വീട്ടിലെത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. രണ്ട് ദിവസങ്ങൾക്കകം നിക്കാഹും കഴിഞ്ഞു. നിക്കാഹിന്റെ വീഡിയോ സുഹൃത്തുക്കൾ ഫോണിൽ പകർത്തി വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയതോടെ വിവാഹം വൈറലാവുകയായിരുന്നു. മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ ഈ വീഡിയോ ഫേസ്‌ബുക്കിൽ പങ്ക് വെക്കുകയും ചെയ്തതോടെ ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് ഫസലിനും റഹീമക്കും അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി.

ഗൾഫിൽ കൂടെ ജോലി ചെയ്തിരുന്നവരും സ്‌കൂളിൽ കൂടെ പഠിച്ചിരുന്നവരുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ് തന്നെ വിളിച്ചെന്നും ഫസൽ റഹ്മാൻ പറയുന്നു. നേരത്തെ ഗൾഫിലായിരുന്ന ഫസൽ കോവിഡ് കാലത്തിന്റെ തുടക്കത്തിലാണ് നാട്ടിലെത്തിയത്. ലോക്ഡൗണിന് ഇളവുകൾ നൽകി തുടങ്ങിയപ്പോഴാണ് വിവാഹത്തിന്റെ തയ്യാറെടുപ്പുകൾ നടത്തിയത്. ഇപ്പോൾ വിവാഹം കഴിഞ്ഞിരിക്കുന്നു. ഇനി തിരിച്ച് ഗൾഫിലേക്ക് ഇല്ലെന്നാണ് ഫസൽ പറയുന്നത്്. നാട്ടിൽ ഇന്റീരിയർ ഡിസൈനിംഗും പെയ്ന്റിങ് ജോലികളുമെല്ലാം ചെയ്ത് ഇവിടെ കഴിയാനാണ് ആഗ്രഹം. മാത്രവുമല്ല താൻ ഗൾഫിലേക്ക് പോയാൽ റഹീമക്ക് സഹായത്തിന് ആരാണെന്നതും ഫസൽറഹ്മാൻ ചോദിക്കുന്നു. റഹീമക്ക് തുടർന്നും പഠിക്കാനാണ് ആഗ്രഹം. ഈ ആഗ്രഹത്തിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഫസൽറഹ്മാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.