പത്തനംതിട്ട: ജില്ലയിൽ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിൽ ഒന്നാമതുള്ള അടൂരിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും അടൂർ നഗരസഭ മുൻ ചെയർമാനുമായ ബാബു ദിവാകരൻ ബിജെപി സ്ഥാനാർത്ഥിയാകും. ഇന്ന് വൈകിട്ട് കെ സുരേന്ദ്രന്റെ വിജയയാത്ര അടൂരിലെത്തുമ്പോൾ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. ബാബു ദിവാകരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് പാർട്ടിയിലെ ഉയർന്ന സ്ഥാനമാനങ്ങൾ നൽകി അനുനയിപ്പിക്കാനുള്ള നീക്കം കോൺഗ്രസിൽ തകൃതിയായി നടക്കുന്നു.

സംവരണ മണ്ഡലമായ അടൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉദ്ദേശിച്ചിരിക്കുന്നത്. കണ്ണനെതിരേ നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്. പല സമുദായ സംഘടനകളുടെ പേര് പറഞ്ഞ് ഇവർ സീറ്റ് ആവശ്യപ്പെടുന്നുമുണ്ട്. അടൂർ സീറ്റ് മുൻപ് രണ്ടു തവണയും ബാബു ദിവാകരൻ ആവശ്യപ്പെട്ടിരുന്നു. ബാബു നിന്നിരുന്നെങ്കിൽ വിജയിക്കുകയും ചെയ്യുമായിരുന്നു. 2011 ൽ പന്തളം സുധാകരനും 2016 ൽ കെകെ ഷാജുവിനും കോൺഗ്രസ് സീറ്റ് നൽകി. രണ്ടു പേരും ദയനീയമായി പരാജയപ്പെട്ടു.

ഇതു കാരണം ഇക്കുറി ഇവർ രണ്ടും സീറ്റിന് വേണ്ടി രംഗത്തു വന്നിട്ടില്ല. ഇത്തവണയും ബാബു ദിവാകരൻ കോൺഗ്രസ് നേതൃത്വത്തോട് സീറ്റ് ചോദിച്ചിരുന്നു. കിട്ടില്ലെന്ന് ഉറപ്പു വന്നതോടെയാണ് തന്നെ വന്നു കണ്ട ബിജെപി നേതാക്കളോട് യെസ് മൂളിയിരിക്കുന്നത്. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പോടു കൂടിയാണ് അടൂർ മണ്ഡലം ബിജെപിയുടെ എ ക്ലാസ് മണ്ഡലമായത്. ശബരിമല സമരത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പന്തളം കൂടി ഉൾപ്പെടുന്ന അടൂർ മണ്ഡലത്തിൽ ബിജെപി രണ്ടാമതെത്തി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിൽ എൻഡിഎ സ്ഥാനാർത്ഥി പി. സുധീറിന് 25940 വോട്ട് ലഭിച്ച സ്ഥാനത്ത് ലോക്സഭയിലേക്ക് സുരേന്ദ്രൻ നേടിയത് 51,260 വോട്ടായിരുന്നു. വീണാ ജോർജിന് പിന്നിൽ സുരേന്ദ്രൻ രണ്ടാമത് വന്നപ്പോൾ 49280 വോട്ടുമായി ആന്റോ ആന്റണി മൂന്നാം സ്ഥാനത്തേക്ക് പോയി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ട്രെൻഡ് ആവർത്തിച്ചു. പന്തളം നഗരസഭയിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിൽ വന്നു. മറ്റു പഞ്ചായത്തുകളിലെല്ലാം തന്നെ ബിജെപിക്ക് മെമ്പർമാരുമുണ്ടായി. കോൺഗ്രസിൽ ഒരു വലിയ വിഭാഗത്തിന് ബാബു ദിവാകരനോട് ആഭിമുഖ്യമുണ്ട്.

എൽഡിഎഫിനും സുസമ്മതനാണ് ബാബു. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ കൂടി ചേരുന്നതോടെ അട്ടിമറി സാധ്യതയുമുണ്ട്. ബാബു ദിവാകരൻ ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന വിവരം കോൺഗ്രസ് നേതൃത്വത്തിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ബിജെപി വേദിയിൽ ബാബു എത്തുന്നത് തടയാൻ മുന്നൊരുക്കങ്ങളും നടക്കുന്നു.