തൃശ്ശൂർ: തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുമ്പിലേയ്ക്ക് ചാടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് , യുവമോർച്ച പ്രവർത്തകരാണ് വാഹനവ്യൂഹം തടയാൻ കരിങ്കൊടിയുമായി എത്തിയത്. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി.

ഇ.ഡിയുടെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് മന്ത്രി കെ.ടി.ജലീൽ യാത്ര തിരിച്ചു. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. യാത്രയ്ക്കിടെ തവനൂരിലെ കൃഷിയിടം സന്ദർശിച്ച മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം ഫേസ്‌ബുക്കിൽ സംസാരിക്കുമെന്ന് പ്രതികരിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്‌തോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ട്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. നേരത്തെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു.