മലപ്പുറം: റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. കാഞ്ഞിരമുക്ക് വാലിപ്പറമ്പിൽ ഭരതന്റെ മകൻ അമലിനെയാണ് (22) പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ രണ്ട് ദിവസം മുൻപ് റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മരണം ദുരൂഹമരണമെന്ന് പൊലീസ് പറയുന്നത്. വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പെരുമ്പടപ്പ് പൊലീസ് പറഞ്ഞു. പെരുമ്പടപ്പ് സിഐ വി എം.കേഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.