മലപ്പുറം: മുസ്ലിംലീഗിനുള്ളിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിന് അപ്രതീക്ഷിത പ്രഹരം. ലോക്സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ കടുത്ത വിമർശനവുമായി യൂത്ത്ലീഗ് രംഗത്തെത്തി. ലീഗ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീൻ അലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബാംഗം കൂടിയാണ് മൊയിൻ അലി ശിഹാബ് തങ്ങൾ. അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഈ വിമർശനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി രാജിവെച്ചത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് മൊയീൻ അലി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 'എംപി സ്ഥാനം രാജിവക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാനം നേതാക്കൾക്കും അണികൾക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാർട്ടിയെ എത്തിച്ചിട്ടുണ്ട്. ഇതൊന്നുകൂടി പുനഃപരിശോധിച്ച് പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നത്. മുസ്ലിം ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആറ് മാസം കൊണ്ട് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. അതിൽ എല്ലാവരും ദുഃഖിതരാണ്' മൊയീൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയീൻ അലി ശിഹാബ് തങ്ങൾ. എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗമാണ് അംഗീകാരം നൽകിയത്. തീരുമാനത്തിനെതിരേ പ്രതിപക്ഷത്ത് നിന്നടക്കം വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കെയാണ് പാണക്കാട് കുടുംബത്തിൽ നിന്നും സമാനമായ എതിർപ്പ് ഉണ്ടായിരിക്കുന്നത്.

തീരുമാനത്തിൽ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു നേതാവ് പരസ്യമായി രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ പാണക്കാട് ഹൈദറലി തങ്ങളും സാദിഖലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ അതൃപ്തിയുണ്ടെന്ന വാർത്തകളുണ്ടായിരുന്നു. മൂന്ന് ടേമിൽ കൂടുതൽ ജനപ്രതിനിധികളായവർ ത്രിതല പഞ്ചായത്ത് തിരഞ്ഞെുപ്പിൽ നിന്നും മാറി നിൽക്കണമെന്ന ശക്തമായ നിലപാടാണ് പാണക്കാട് തങ്ങന്മാർ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സ്വീകരിച്ചത്.

നിരവധി പേർ കുഞ്ഞാപ്പ വഴി പാണക്കാട് തങ്ങൾ കുടുംബത്തിൽ സമ്മദർദം ചെലുത്തിയെങ്കിലും ഒരു വിട്ട് വീഴ്ചയും വേണ്ടെന്ന കട്ടായ തീരുമാനമെടുത്തു തങ്ങൾ കുടുംബം. കുഞ്ഞാപ്പ വഴി പാണക്കാട് കുടുംബത്തിൽ സമ്മർദം ചെലുത്തിയിട്ടും നടക്കാതെ വന്നതോടെ കുഞ്ഞാലിക്കുട്ടി ഇനി കേരളത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പിച്ച നേതാക്കൾ വരെ ലീഗിലുണ്ടായിരുന്നു.അതിനിടയിലാണ് ഞൊടിയിടയിൽ കഴിഞ്ഞ ദിവസം എംപി.സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പാണക്കാട് ഹൈദറലി തങ്ങളുടെ നേത്യത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്.

പാണക്കാട് ഹൈദറലി തങ്ങൾ ശക്തമായ നിലപാടുകാരനാണെന്ന നിലപാടായിരുന്നു ലീഗിന്റെ ബഹുഭൂരിപക്ഷം നേതാക്കൾക്കുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ തീരുമാനത്തോടെ അത് അവസാനിച്ചുവെന്നാണ് ഒരു ലീഗിന്റെ സംസ്ഥാന നേതാവ് മറുനാടനോട് പറഞ്ഞത്. എന്നാൽ പാണക്കാട് ഹൈദറലി തങ്ങളെ തന്ത്രപൂർവ്വം കെണിയിൽ വീഴ്‌ത്തുയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

തങ്ങളെ കെണിയിൽ വീഴ്‌ത്തിയ് സന്തത സഹചാരിയും ഡ്രൈവറുമായ നാസറാണെന്ന വിവരമാണ് പുറത്ത് വരുന്നത്. നേരത്തെ കുഞ്ഞാലിക്കുട്ടി വിരുദ്ധനായ നാസറാണ് വളരെ പെട്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്ലാന്റ് ഫോമിലേക്ക് ഞൊടിയിടയിൽ മാറിയത്. അതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടാണ് പുറത്ത് വരുന്നത്. അബുദാദി,ദുബൈ എന്നിവിടങ്ങളിൽ നാസർ ഇതിനകം വൻ കഫ്റ്റേരിയ ശ്യംഖലയുടെ പാർട്ണറായിട്ടുണ്ട്. നാസറിന്റെ അടുത്തിടെ വന്ന ബാങ്ക് അക്കൗണ്ടുകൾ പാണക്കാട് തങ്ങൾ പരിശോധിച്ചാൽ കുഞ്ഞാലിക്കുട്ടിയും തന്റെ ഭക്തവിലാസം ആളുകളും കൈമാറിയ ലക്ഷങ്ങളുടെ പണമിടപാട് മനസ്സിലാക്കാൻ സാധിക്കുമെന്ന് ലീഗ് നേതാക്കൾ തന്നെ പറയുന്നു.

ജൂവലറി ഉദ്ഘാടനമടക്കമുള്ള പരിപാടികളിലേക്ക് വിളിച്ചാൽ തങ്ങൾക്ക് ഒരു പണവും ഡ്രൈവർക്ക് കൈമടക്കും നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. തങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികൾക്ക് വൻ തുകയാണ് നാസർ വാങ്ങുന്നതെന്ന് പാർട്ടിയിൽ അങ്ങാടി പാട്ടാണ്. അതോടൊപ്പം പാണക്കാട് തങ്ങളുടെ വീട്ടിലെ ജോലിക്കാരനെയും കുഞ്ഞാലിക്കുട്ടി വരുതിയിലാക്കിയിരുന്നു. പാണക്കാട് തങ്ങൾക്ക് ഒന്നും പറയാൻ പറ്റാത്ത രീതിയിലേക്ക് ഡ്രൈവർ നാസറും സംഘവും കുഞ്ഞാലിക്കുട്ടിയെന്ന കുഞ്ഞാപ്പയിലേക്ക് പാർട്ടിയെ തളച്ചിട്ടതായാണ് പാണക്കാട് കുടുംബത്തിൽ നിന്നും പുറത്ത് വരുന്ന വിവരം.