കണ്ണൂർ: യുഡിഎഫിന് ഭരണം ലഭിച്ച കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിംലീഗിനുള്ളിൽ വലിയ തർക്കം. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി.കെ.അബ്ദുൾ ഖാദർ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തർക്കമാണ് കാരണം.

ഇന്നലെ രാത്രി വരെ നടന്ന ചർച്ചയെ തുടർന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുൾ ഖാദർ മൗലവിയെ തടഞ്ഞുവെക്കുകയായിരുന്നു. 15 മിനുട്ടോളം പ്രവർത്തകർ പ്രതിഷേധിച്ചു. 'ജനാധിപത്യം പാലിച്ചില്ല. കോൺഗ്രസിൽ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല' എന്നും അവർ ആരോപിച്ചു. ലീഗിനെ നശിപ്പിക്കുകയാണ് അബ്ദുൾ ഖാദർ മൗലവിയെന്ന് അദ്ദേഹത്തെ തടഞ്ഞുവെച്ചുകൊണ്ട് പ്രവർത്തകർ ആരോപിച്ചു

രൂക്ഷമായ തർക്കങ്ങൾക്കൊടുവിൽ താണ ഡിവിഷനിൽ നിന്ന് വിജയിച്ച കെ. ഷബഹന ടീച്ചറെ ഡെപ്യൂട്ടി മേയറാക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്. മൂന്നു കൗൺസിലർമാർക്കു വേണ്ടി മൂന്ന് വാർഡ് കമ്മിറ്റികൾ ഉറച്ചു നിന്നതോടെ ഞായറാഴ്ച രാവിലെ ചേർന്ന കൗൺസിലർ മാരുടെ യോഗത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ജില്ല നേതൃയോഗം രാത്രി എട്ടുമണിയോടെ ചേർന്നെങ്കിലും രൂക്ഷമായ തകർക്കത്തിൽ കലാശിച്ചിരുന്നു.

കസാനക്കോട്ട ഡിവിഷനിൽ നിന്നു ജയിച്ച ഷമീമ ടീച്ചർ, ആയിക്കര ഡിവിഷനിൽ നിന്നു ജയിച്ച കെ.എം. സാബിറ ടീച്ചർ, താണയിൽ നിന്നു ജയിച്ച കെ. ഷബീന ടീച്ചർ എന്നിവർക്കു വേണ്ടിയായിരുന്നു തർക്കം ഉടലെടുത്തത്. രാത്രി 11 മണിയായിട്ടും രമ്യമായി പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെ മേയർസ്ഥാനാർത്ഥിയെയെന പോലെ ഡെപ്യൂട്ടി മേയറെയും വോട്ടിനിട്ട് തീരുമാനിക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ കെ. ഷബീന ടീച്ചറെ തെരഞ്ഞെടുക്കുയായിരുന്നു.

കണ്ണൂർ നഗരസഭ ആനയിടുക്ക് മുൻ നഗരസഭ കൗൺസിലറാണ്. താണ ശാഖ വനിത ലീഗ് ഭാരവാഹി. എസ്.എസ്.എക്ക് കീഴിലുള്ള മുസ്‌ലിം മൈനോറിറ്റി വിഭാഗം പഠന വീടിന്റെ ഡയരക്ടർ, ഇൻസ്‌ക്ട്രർ അൽ ഫിത്‌റ പ്രീ സ്‌കൂൾ പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കേരളത്തിൽ യു.ഡി.എഫിനു ഭരണം കിട്ടിയ ഏക കോർപറേഷനാണ് കണ്ണൂർ. അവിടത്തെ മേയറെയും ഡെപ്യൂട്ടി മേയറെയും കണ്ടെത്താനാണ് കോൺഗ്രസിലും മുസ്‌ലിം ലീഗിലും ഏറെ നാടകീയ സംഭവങ്ങൾ ഉണ്ടായത്.