ആലപ്പുഴ: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വിവാദമാകുന്നു. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലാപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സിപിഎം രംഗത്തെത്തിയതോടെയാണ് 15കാരന്റെ കൊലപാതകം വിവാദങ്ങളിൽ നിറയുന്ന്ത.

പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കുത്തേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് പടയണിവട്ടത്തെ സംഭവമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകനാണ് അഭിമന്യു. വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാത്രി ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്. അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാർ ക്യാൻസർ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിൽസാർത്ഥമാണ് നാട്ടിലെത്തിയത്. കോവിഡ് കാരണം തിരികെപ്പോകാനായില്ല.അനന്തുവാണ് അഭിമന്യുവിന്റെ സഹോദരൻ. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു.

അതേസമയം വള്ളികുന്നത്ത് കുറെ നാളുകളായി സിപിഐ എം -ഡിവൈഎഫ് ഐ പ്രവർത്തകർക്കു നേരെ തുടർച്ചയായി ആർ എസ് എസ് - ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിടാറുണ്ടെന്ന് സിപിഎം ആരോപിച്ചു. ഏതാനും വർഷങ്ങൾക്കു മുന്മ്പ് വള്ളികുന്നം കടു വിനാൽ മേത്തുണ്ടിൽ അഷ്‌റഫിനെ (32) മുസ്ലിം പള്ളിയിൽ കയറി ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയതും ഇവിടെയാണ്. ഇതിന് ശേഷമാണ് ഈ കൊലപാതകമെന്നും സിപിഎം ആരോപിക്കുന്നു. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമല്ല, ഉത്സവപറമ്പിലെ തർക്കമാണെന്നാണ പൊലീസ് നിലപാട്.