പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പതിനാറുകാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയകലഹത്തെത്തുടർന്നെന്ന് മൊഴി. കേസിൽ പിടിയിലായ ജംഷീറാണ് പൊലീസിനോട് ഈ മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ നേരത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, രഹസ്യമായി വീട്ടുകാർ അറിയാതെ ബന്ധം പുലർത്തി വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

രാത്രിയിൽ വീട്ടിൽ വെച്ചുള്ള തർക്കത്തിനിടെ ഷാൾ പെൺകുട്ടിയുടെ കഴുത്തിൽ കുരുക്കുകയായിരുന്നു. കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജംഷീർ പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി ഡിവൈഎസ്‌പി കൃഷ്ണദാസ് പറഞ്ഞു.

ഷാൾ കുരുക്കിയ സമയത്ത് അമ്മൂമ്മ എത്തിയതാണ് കുട്ടി ജീവനോടെ ഇരിക്കാൻ കാരണമെന്നും ഡിവൈഎസ്‌പി പറഞ്ഞു. പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അതിക്രമം. വീട്ടിൽ അതിക്രമിച്ച് കയറിയ ജംഷീർ പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് മുറുക്കുകയായിരുന്നു.

തിരുവിഴാംകുന്ന് മലേരിയത്ത് വീട്ടിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം. പെൺകുട്ടിയുടെ മുറിയിൽ നിന്നും ചെറിയ ശബ്ദം കേട്ടതിനെ തുടർന്ന് വല്യുമ്മ എത്തിയപ്പോഴാണ് കൊച്ചുമകളെ കൊല്ലാൻ ശ്രമിക്കുന്ന ജംഷീറിനെ കണ്ടത്. പെൺകുട്ടിയുടെ വായിൽ തുണി തിരുകിയ നിലയിലും കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമായിരുന്നു. വല്യുമ്മയെ കണ്ട പ്രതി ഇവരെ ചവിട്ടി വീഴ്‌ത്തിയ ശേഷം കടന്നു കളഞ്ഞു.

കുട്ടിക്കു ബോധം വന്നെങ്കിലും സംസാരിക്കാനുള്ള സ്ഥിതിയിലല്ല. മജിസ്ട്രേറ്റ് എത്തിയെങ്കിലും സംസാരിക്കാൻ സാധിക്കാത്തതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നു മണ്ണാർക്കാട് ഡിവൈഎസ്‌പി വി.എ. കൃഷ്ണദാസ് പറഞ്ഞു. സംഭവം നടക്കുന്ന സമയം പെൺകുട്ടിയെക്കൂടാതെ വല്യുമ്മയും പത്തു വയസ്സുള്ള സഹോദരനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് ബന്ധുവിന് അസുഖമായതിനാൽ അവരുടെ അടുത്തായിരുന്നു.