കോഴിക്കോട്: പുതുവത്സര രാവിൽ കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യനായി മഹാരാഷ്ട്രയിൽ നിന്നുമെത്തിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കുന്ദമംഗലം പതിമംഗലം സ്വദേശിയായ പാലക്കൽ നിസാമാണ് കഞ്ചാവ് പൊതികളുമായി കോഴിക്കോട് തൊണ്ടയാട് പരിസരത്ത് വെച്ച് പിടിയിലായത്. നാൽപത്തി അഞ്ച് കിലോ വരുന്ന കഞ്ചാവാണ് നിസാമിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.

കാറിൽ കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിലെ ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് നിസാം പിടിയിലാകുന്നത്. കാറിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ല നാർക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് വിഭാഗവും മെഡിക്കൽ കോളേജ് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നിസാം പിടിയിലാകുന്നത്. താൻ നേരത്തെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവെത്തിച്ച് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം നടത്തിയിരുന്നതായി നിസാം പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ന്യൂഇയർ പ്രമാണിച്ചാണ് ഇത്തവണ ഇത്രയധികം തൂക്കം വരുന്ന കഞ്ചാവ് എത്തിച്ചതെന്നും നിസാം അന്വോഷണ ഉദ്യോഗസ്ഥരോട് സമ്മദിച്ചിട്ടുണ്ട്. നിസാമിൽ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ചും നിസാമിന് കഞ്ചാവ് നൽകിയവരെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും നാർക്കോട്ടിക് സെല്ലും മെഡിക്കൽ കോളേജ് പൊലീസും അറിയിച്ചു. മൈസൂർ മാംഗോ ഇനത്തിൽപ്പെട്ട കഞ്ചാവാണ് പ്രതിയിൽ നിന്നും പിടികൂടിയത്.

മറ്റു കഞ്ചാവുകളെ അപേക്ഷിച്ച് ലഹരിയും വിലയും വളരെ കൂടുതലാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.ചില്ലറ മാർക്കറ്റിൽ മുപ്പത് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് നിസാമിൽ നിന്നും പിടികൂടിയത്. മറ്റ് കഞ്ചാവുകൾ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ രഹസ്യമായാണ് മൈസൂർ മാംഗോ ഇനത്തിൽപ്പെട്ട കഞ്ചാവ് കൃഷി ചെയ്യുന്നത്. ഇതിന്റെ ലഹരിയുടെ വീര്യവും മണവും കൂടുതലയതാണ് ഇവ അതീവ രഹസ്യമായി കൃഷി ചെയ്യാനുള്ള കാരണം.

ജില്ല നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ സുനിൽകുമാർ, നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷറഫ്, ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എം.മുഹമ്മദ് ഷാഫി, എം.സജി, കെ.അഖിലേഷ്, കെ എ ജോമോൻ, എം.ജിനേഷ്, മെഡിക്കൽ കോളേജ് പൊലീസ് സബ്ബ് ഇൻസ്പെക്ടർ സദാനന്ദൻ, എ എസ് ഐ രാജേന്ദ്രൻ, സി പി ഒ വിനോദ് കുമാർ, ഡ്രൈവർ സി.പി.ഒ സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.