കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ കൊല്ലാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയത്തിലെ അന്തേവാസിയായ ആൾ പിടിയിലായി. തമിഴ്‌നാട് സ്വദേശിയും തൃശ്ശൂർ ഒല്ലൂർ വി എംവി അനാഥാലയത്തിലെ അന്തേവാസിയുമായ അബൂബക്കർ സിദ്ദിഖ് (27) ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. കൊച്ചി, അയ്യപ്പൻകാവിൽ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

അയ്യപ്പൻകാവിൽ വാടകയ്ക്ക് താമസിക്കുന്ന തെലങ്കാന സ്വദേശിനിയുടെ ഏഴ് വയസുകാരിയായ മകളെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. അക്രമിയുടെ കൈയിൽ കുട്ടി കടിച്ച് പിടി വിടുവിച്ചതും അമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇടപെട്ടതുമാണ് രക്ഷയായത്. നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാൾക്ക് ഈ കുടുംബത്തെ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. കഴുത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

യുവതിയുടെ ഭർത്താവ് കാക്കനാട് സ്മാർട്ട് സിറ്റി ജീവനക്കാരനാണ്. ഭർത്താവ് ജോലി സ്ഥലത്തായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ യുവതിയും മൂത്ത മകളും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോളാണ് സംഭവം. അക്രമി പാഞ്ഞടുത്തു വരുന്നതു കണ്ട് യുവതി 12 വയസുകാരിയായ മൂത്ത മകളെയും കൂടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി.

ഇതോടെ അക്രമി വീടിനുള്ളിലേക്ക് കയറി. അകത്ത് ഉറങ്ങിക്കിടന്ന ഇളയമകൾ അമ്മയുടെ കരച്ചിൽകേട്ട് എഴുന്നേറ്റ് അലറിക്കരഞ്ഞു. ഇതോടെ അബൂബക്കർ കുട്ടി കിടന്ന മുറിയിൽ കയറി വാതിലടച്ചു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ച് ബക്കറ്റിൽ പലതവണ തല മുക്കിപ്പിടിച്ചു.

അബൂബക്കറിന്റെ കൈയിൽ കുട്ടി ശക്തിയായി കടിച്ചതോടെ ഇയാൾ പിടിവിട്ടു. എന്നാൽ കുട്ടിയുടെ ബോധം അപ്പോഴേക്കും പോയിരുന്നു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അബൂബക്കർ വാതിൽ തുറന്ന് പുറത്തു വന്നു. നാട്ടുകാർ ഇയാളെ തടഞ്ഞു വെച്ചു. പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏറെക്കാലമായി അങ്കമാലിയിലായിരുന്ന അബൂബക്കർ അടുത്തിടെയാണ് കൊച്ചിയിലെത്തിയത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാൾ വീട്ടിൽ കയറി ആക്രമണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.