കൊൽക്കത്ത: ഹൈദരബാദിലെ പ്രാദേശിക മുസ്ലിം നേതാവ് മാത്രമായിരുന്നു അസദുദ്ദീൻ ഒവൈസി ഇന്ന് പതുക്കെ പതുക്കെ ഉത്തരേന്ത്യയിലും പിടിമുറക്കുന്ന കാഴ്ചയാണ് സമീപകാലത്ത് കാണാൻ ആയത്. പക്ഷേ ബിജെപിയെ കടുത്ത വാക്കുകകളിൽ വിമർശിക്കുന്ന ഒവൈസി, പലപ്പോഴും വോട്ട് ഭിന്നിപ്പിച്ച്, ബിജെപിയുടെ ജയത്തിന് കാരണക്കാരൻ ആവുകയാണെന്ന വിമർശനമാണ് ബീഹാർ തെരഞ്ഞെടുപ്പിൽ അടക്കം ഉയർന്നത്.

ബീഹാറിൽ 5 സീറ്റുകൾ നേടിയെങ്കിലും നിസ്സാരവോട്ടിന് മഹാസഖ്യം പരാജയപ്പെട്ട 15 ഓളം സീറ്റുകളിൽ പരാജയത്തിന് കാരണമായത് ഒവൈസിയുടെ മൂന്നാമുന്നണി ആയിരുന്നെന്ന് വിമർശനം ഉണ്ടായിരുന്നു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ ഒരു കൈ നോക്കാൻ ഒവൈസി തീരുമാനിച്ചിരിക്കയാണ്. അപ്പോഴാണ് അദ്ദേഹത്തിന് കനത്ത തിരിച്ചിടയായി പാർട്ടി നേതാവ് ഷെയ്ഖ് അൻവർ ഹുസൈൻ പാഷ തൃണമൂലിലേക്ക് ചേക്കേറിയത്. അതും ഒവൈസിയുടെ വോട്ട് വിഭജന നയത്തിൽ പരസ്യമായി പ്രതിഷേധിച്ു കൊണ്ട്.

എഐഎംഐഎമ്മിന്റെ വോട്ട് വിഭജനനയത്തിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് ഷെയ്ഖ് അൻവർ ഹുസൈൻ പാഷ മാധ്യമ പ്രവർത്തകരോട് വ്യകത്മാക്കി. എഎഎംഐഎം സ്വീകരിക്കുന്ന ബിജെപിക്ക് സഹായകമാകുന്ന നടപടികളാണെന്ന് ഷെയ്ഖ് അൻവർ പറഞ്ഞു.'ബീഹാറിൽ അവരുടെ വിഭജനരാഷ്ട്രീയം ബിജെപിയെ സഹായിച്ചു. അതിൽ നിന്ന് അവർക്കെന്ത് നേട്ടമാണുണ്ടാകുന്നതെന്ന് എനിക്കറിയാം', ഷെയ്ഖ് അൻവർ പറഞ്ഞു.

ബീഹാറിലേത് പോലുള്ള സാഹചര്യങ്ങൾ ബംഗാളിൽ അപകടം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2021 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസദുദ്ദീൻ ഒവൈസിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നതാണ് ഷെയ്ഖ് അൻവറിന്റെ നീക്കം. ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒവൈസി പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ മമതാ ബാനർജിയുടെ നിലപാടിനെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മമതയെ പോലെ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന നേതാവിനെ താൻ കണ്ടിട്ടില്ലെന്നും ഷെയ്ഖ് അൻവർ പറഞ്ഞു.ബിജെപിയെ തടയാൻ തൃണമൂലിനാണ് സാധിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ മുസ്ലിങ്ങൾ മമതയ്‌ക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഒവൈസിയോട് ബംഗാളിലേക്ക് വരരുതെന്നും ഷെയ്ഖ് അൻവർ പറഞ്ഞു. ബംഗാളിന് ഒവൈസിയെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.