അടൂർ: 40 ലക്ഷം രൂപ വില വരുന്ന ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിക്കുകയും സർക്കാർ ഭൂമിയിലെ മരം മുറിച്ചു മാറ്റുകയും ചെയ്ത കേസുകളിൽ പ്രതിയായ സിപിഎം നേതാവിനെ രക്ഷിക്കാൻ പൊലീസിന്റെ തിരക്കിട്ട ശ്രമം. ഇതുവരെ ജാമ്യ ഹർജി പോലും നൽകിയിട്ടില്ലാത്ത പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചുവെന്നും സ്റ്റേഷനിൽ ഹാജരായി ജാമ്യവ്യവസ്ഥ പ്രകാരം അറസ്റ്റ് വരിക്കുമെന്നും അതു വരെ വാർത്ത നൽകരുതെന്നും മാധ്യമങ്ങളോട് അഭ്യർത്ഥന.

ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിന് വേണ്ടിയാണ് പൊലീസിന്റെ വിടുപടി. അജി ഒളിവിലാണെന്ന് പറയുന്ന പൊലീസ് ഇയാൾക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം ലഭിക്കാൻ വേണ്ടി ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. ഉദ്യോഗസ്ഥരിൽ ചിലരെ കൈയിലെടുത്താണ് അജി ഫിലിപ്പ് തന്റെ ഭാഗം സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത്.

ബ്രോഡ്ബാൻഡ് കേബിൾ മുറിച്ചു കടത്തിയ കേസിൽ അജി ഫിലിപ്പിന്റെ സഹോദരൻ അടക്കം രണ്ടു പേർ മുന്നാഴ്ച മുൻപ് അറസ്റ്റിലായിരുന്നു. എന്നാൽ അജിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ആരോപണം. അജിക്ക് കോവിഡ് ആണെന്നായിരുന്നു പൊലീസ ഭാഷ്യം. എന്നാൽ, കോവിഡ് മറയാക്കി ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന സംശയം നിലനിൽക്കുകയാണ്.

ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. കോവിഡിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് മുൻകൂർ ജാമ്യമെന്ന പുതിയ തന്ത്രവുമായി രംഗത്തു വന്നത്. കേസിലെ മൂന്നാം പ്രതി മാത്രമാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമിപിച്ചിരുന്നത്. ഈ ജാമ്യഹർജി പത്തനംതിട്ട ജില്ലാ കോടതി തള്ളുകയും ചെയ്തിരുന്നു.

കേബിൾ മോഷണത്തിന് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്‌വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. കഴിഞ്ഞ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. കേസിൽ മറ്റു പ്രതികൾ ഒളിവിലാണ്. ഇവരിൽ ഒരാൾ എറണാകുളത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചുവെന്നാണ് സൂചന. അടൂരിലെ ഒരു ജനപ്രതിനിധിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സിനിമാ ഫീൽഡിലുള്ളയാളാണ് പ്രതികൾക്ക് സംരക്ഷണം നൽകിയിരിക്കുന്നത്. മാധ്യമ പ്രവർത്തകൻ എന്ന ലേബലിൽ മാധ്യമങ്ങളിൽ വാർത്ത വരുന്നത് തടയാനും ഇയാൾ ശ്രമം നടത്തി.

ജനപ്രതിനിധിയുടെ സംരക്ഷണം പ്രതികൾക്ക് ലഭിച്ചെങ്കിലും പരാതിക്കാരനായ രാഹുൽ കൃഷ്ണനും മുഖ്യപ്രതി അജി ഫിലിപ്പും സിപിഎം പ്രവർത്തകരാണ്. നെടുമൺ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അജി. ഈ ലേബൽ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. എന്നാൽ, സിപിഎം ജില്ലാ നേതൃത്വം അജിയെ കൈയൊഴിഞ്ഞു. വാദിയായ രാഹുലിന്റെ കുടുംബം കടുത്ത സിപിഎം പ്രവർത്തകരാണ്. ഇദ്ദേഹത്തിന്റെ പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം അടൂർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലാകുമെന്ന് ഭയന്നാണ് പ്രതികൾ ഒളിവിൽ പോയത്.

ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി ഫിലിപ്പിനെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

കേബിൾ മോഷണക്കേസിൽ അജി ഫിലിപ്പിന് മുൻകൂർ ജാമ്യം കിട്ടിയെന്നും എന്നാൽ മരം മുറിച്ച കേസിൽ പ്രതി ആയതിനാൽ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്. മരം മുറി കേസിൽ അറസ്റ്റുണ്ടാകുമെന്ന് അറിയാതെ കേബിൾ മോഷണക്കേസിൽ ജാമ്യം എടുക്കാൻ വരുമ്പോൾ അറസ്റ്റ് ചെയ്യാനാണത്രേ പൊലീസ നീിക്കം. ഈ വിവരം അജി ഫിലിപ്പിന് അറിയില്ലെന്നും അതിനാൽ അറസ്റ്റ് നടക്കും വരെ വാർത്ത കൊടുക്കരുതെന്നുമാണ് പൊലീസിന്റെ അഭ്യർത്ഥന. ഇതേപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് അജി ഫിലിപ്പ് ജാമ്യ ഹർജി നൽകിയിട്ടില്ലെന്നും ഇപ്പോൾ നടക്കുന്ന പ്രചാരണം അന്വേഷണം വഴി തെറ്റിക്കുന്നതിന് വേണ്ടിയാണെന്നും മനസിലായിട്ടുള്ളത്.