കൊച്ചി: കേരളാ വിഷൻ കേബിൾ ടിവി നടത്തിപ്പിന് മറവിൽ വൻ തട്ടിപ്പ് നടത്തുന്നതായി പ്രാദേശിക ഓപ്പറേറ്റർമാരുടെ പരാതി. കേബിൾ ടിവി ഓപ്പറേറ്റർ അസോസിയേഷന്റെ പ്രോജക്ടുകളുടെ പേരിൽ പണം തട്ടിയെടുത്ത് സംസ്ഥാന നേതൃത്വം ധൂർത്തടിക്കുന്നു എന്നാണ് ആരോപണം. വർഷങ്ങൾക്ക് മുൻപ് ഗ്രീൻ കാർഡ് എന്ന പേരിൽ നടത്തിയ തട്ടിപ്പും സാറ്റലൈറ്റ് ചാനലിന്റെ പേരിൽ ഷെയർ വാങ്ങിയ പണവുമെല്ലാം നേതൃത്വം തട്ടിയെടുത്തതായും ഇക്കാര്യങ്ങൾ ചോദിച്ചാൽ സംഘടനയിൽ നിന്ന് പുറത്താക്കി പ്രതികാരം ചെയ്യുകയാണ് പതിവെന്നും ഓപ്പറേറ്റർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ജി.എസ്.ടി അടവിൽ തട്ടിപ്പ് നടത്തിയ വാർത്ത വന്നതിന് പിന്നാലെയാണ് ഓപ്പറേറ്റർമാർ കേരളാ വിഷനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ ജില്ലകളിലേയും സൂപ്പർമാർക്കറ്റുകളിൽ ഒരു നിശ്ചിത ശതമാനം ഇളവ് ലഭിക്കുന്ന തരത്തിൽ ഗ്രീൻകാർഡ് എന്ന പദ്ധതി നടപ്പിലാക്കാനായിട്ടാണ് നാളുകൾക്ക് മുൻപ് വരിക്കാരിൽ നിന്നും 10 രൂപ വച്ച് 25 ലക്ഷത്തോളം പേരിൽ നിന്നും പണം പിരിച്ചെടുത്തത്. വളരെ നല്ല ആശയമായതിനാൽ പ്രാദേശിക ഓപ്പറേറ്റർമാർ എല്ലാവരും ഗ്രീൻകാർഡ് എന്ന ആശയത്തെ പിൻതാങ്ങി. രണ്ടരക്കോടിയോളം രൂപ ഇത്തരത്തിൽ കേരളാവിഷൻ പിരിച്ചെടുത്തു. എന്നാൽ നാളിതുവരെയായിട്ടും ഇതിനെ പറ്റി യാതൊരു വിവരവുമില്ല. അതു പോലെ തന്നെ കേരളാവിഷൻ സാറ്റലൈറ്റ് ചാനൽ ആരംഭിക്കാനായി ഓപ്പറേറ്റർമാരിൽ നിന്നും നിരവധി ഷെയർ വാങ്ങിയിരുന്നു. ഒരു ഷെയറിന് 26,500 രൂപ എന്ന നിരക്കിലായിരുന്നു വാങ്ങിയത്. ചാനൽ ആരംഭിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു ലാഭ വിഹിതവും ഷെയർ കൊടുത്തവർക്ക് ലഭിച്ചിട്ടില്ല. ചാനലിന്റെ പ്രവർത്തനങ്ങളെ പറ്റിപോലും യാതൊരു വിവരവും ഇല്ല.

ഇക്കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് ചോദിക്കുന്നവരെ കേബിൾ ടി.വി ഓപ്പറേറ്റർ അസോസിയേഷനിൽ നിന്നും പുറത്താക്കിയാണ് പ്രതികാരം ചെയ്യുന്നത്. നോൺ സി.ഒ.എ(നോൺ കോബിൾ ടിവി ഓപ്പറേറ്റർ അസോസിയേഷൻ) എന്ന വിഭാഗത്തിലേക്ക് മാറ്റുകയും മൾട്ടി ഓപ്പറേറ്റർ ചാർജിൽ 10 രൂപയോളം അധിക തുക ഈടാക്കുകയും ചെയ്യും. ഒരു കണക്ഷന്റെ പുറത്ത് ഇത്തരത്തിൽ അധിക തുക വരുന്നത് ഓപ്പറേറ്റർമാർക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ്. നോൺ സി.ഒ.എ എന്നൊരു സംവിധാനം ട്രായി ഒരിടത്തും പറഞ്ഞിട്ടില്ല. ട്രായിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഇവർ ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്നത്. ഇവർക്കെതിരെ പരാതിയുമായി പോയാൽ ഡൽഹിയിലെ ടി.ഡി.എസ്.എ.ടി(ടെലകോം ഡിസ്പ്യൂട്ട്സ് സെറ്റിൽമെന്റ് അപ്പിലേറ്റ് ട്രിബ്യൂണൽ) കോടതിയിലാണ് കേസ് നൽകേണ്ടത്. ഇവിടെ കേസ് വാദിക്കണമെങ്കിൽ അഭിഭാഷകർക്ക് വൻതുക നൽകേണ്ടി വരും. അതിനാൽ ആരും കേസിന് പോകാറില്ല. ഇതുമൂലം കേരളാ വിഷനെ ചോദ്യം ചെയ്യാൻ ആരും മുന്നോട്ട് വരില്ല.

സിപിഎം പാർട്ടിയുടെ അതേ രീതിയാണ് കേരളാവിഷനിലും നേതൃത്വം ഓപ്പറേറ്റർമാരോട് കാണിക്കുന്നതെന്നാണ് ഓപ്പറേറ്റർമാർ പറയുന്നത്. കേബിൾ ടിവി ഓപ്പറേറ്റർ അസോസിയേഷനിൽ മൂന്ന് ഘടകങ്ങളാണുള്ളത്. മേഖലാ കമ്മറ്റി, ജില്ലാ കമ്മറ്റി, സംസ്ഥാന കമ്മറ്റി എന്നിങ്ങനെയാണവ. മേഖലാ കമ്മറ്റിയിൽ നാലുവർഷം പൂർത്തിയാക്കിയവരെ ജില്ലാകമ്മറ്റിയിലേക്ക് എടുക്കും. ജില്ലാകമ്മറ്റിയിൽ നാലുവർഷം പൂർത്തിയാക്കിയവരെ സംസ്ഥാന കമ്മറ്റിയിലേക്കും പിന്നീട് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും എടുക്കും. എന്നാൽ സംസ്ഥാന നേതൃത്വത്തിന് ഓശാന പാടുന്നവരെ മാത്രമേ പ്രധാന ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നൽകു. അതിനാൽ സംസ്ഥാന നേതൃത്വം എടുക്കുന്ന ഏതു തീരുമാനവും ഓപ്പറേറ്റർമാർ അനുസരിക്കേണ്ടതായി വരുന്നു.

ഇന്റർ കണക്ഷൻ എഗ്രിമെന്റ് ഉടൻ ഒപ്പിട്ട് നൽകണമെന്ന് കേരളാ വിഷൻ നേതൃത്വം ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇംഗ്ലീഷിലാണ് ഈ എഗ്രിമെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിൽ പ്രാവീണ്യം കുറഞ്ഞവരാണ് മിക്ക ഓപ്പറേറ്റർമാരും. അതിനാൽ ഇതിൽ എന്തൊക്കെയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് എന്ന് അവർക്കറിയില്ല. മറ്റാരേക്കൊണ്ടെങ്കിലും ഇത് വായിച്ചു മനസ്സിലാക്കാനുള്ള സമയം പോലും കേരളാ വിഷൻ അധികൃതർ നൽകാറില്ല. അതിനാൽ നിയമപ്രശ്നങ്ങളിലേക്ക് പോകുമ്പോൾ അത് വൻ തിരിച്ചടിയാകുകയും ചെയ്യും.

സാധാരണക്കാർക്കു വേണ്ടി രൂപം കൊണ്ട കേരളാ വിഷൻ ഇപ്പോൾ തട്ടിപ്പുകാരുടെ കൈകളിലായിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ കേബിൾ ടിവി ഓപ്പറേറ്ററാണ് കേരളാ വിഷൻ. 25 ലക്ഷത്തോളം ആളുകളാണ് വരിക്കാരായിട്ടുള്ളത്. 2003 ൽ കേബിൾ ടിവി ഓപ്പറേറ്റർ അസോസിയേഷൻ കെ.സി.സിഎൽ എന്ന കെ.സി.സി.എൽ എന്ന സംഘടന രൂപീകരിച്ചത് കേരളത്തിലെ ചെറുകിട ഓപ്പറേറ്റർമാർക്ക് ലിങ്ക് ചാർജ്ജ് അടക്കാതെ കണക്ഷൻ ലഭ്യമാക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു. ആദ്യ കാലങ്ങളിൽ എല്ലാ ഓപ്പറേറ്റർമാർക്കും ഏറെ സഹായകരമായിരുന്നു. എന്നാൽ ഇപ്പോള്ഞ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരളാ വിഷൻ.