കൊച്ചി: നിയമ വിദ്യാർത്ഥിനി മൊഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയൻ മൊഫിയയുടെ പിതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

നേരത്തെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി നീതി പൂർവ്വകമായ അന്വേഷണം ഉറപ്പു നൽകിയിരുന്നു. സർക്കാർ ഒപ്പമുണ്ടെന്ന് വാക്കും നൽകി. വ്യവസായ മന്ത്രി പി രാജീവ് അതിരാവിലെ തന്നെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. സിഐ സുധീറിനെതിരെ നടപടി ഉറപ്പും നൽകി. പിന്നാലെയാണ് സിഐയെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള നടപടി പുറത്തുവന്നത്. ഇതോടെ മോഫിയാ പർവ്വീണിന് നീതി കിട്ടുകയാണ്. മുത്തലാഖിന്റെ പേരിൽ ആത്മഹത്യ ചെയ്ത ആ നിയമവിദ്യാർത്ഥിനിക്ക് വേണ്ടി സഹപാഠികളും കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഇറങ്ങിയിരുന്നു. ഈ സമരമാണ് വിജയം കണ്ടത്.

നേരത്തെ കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഇന്നലെ മൊഫിയ വിഷയത്തിൽ കോൺഗ്രസ് നടത്തിയ സമരമാണ് സർക്കാറിന്റെ കണ്ണു തുറപ്പിച്ചത്.

ആലുവയിൽ അതിശക്തമായ സമരമാണ് കോൺഗ്രസ് നടത്തിയത്. കേരളത്തിൽ ഉടനീളം ഇതിന്റെ അനുരണനങ്ങൾ ഉണ്ടായി. ഉത്രാ കേസിലെ വില്ലനെ ആലുവയിലും സർക്കാർ സംരക്ഷിക്കുന്നുവെന്ന വാദം ചർച്ചയായി. വിവാദങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്ന പൊതു വിലയിരുത്തലും വന്നു. ഇതോടെയാണ് വ്യവസായ മന്ത്രിയും കളമശ്ശേരിയിലെ ജനപ്രതിനിധിയുമായി പി രാജീവ് മോഫിയയുടെ അച്ഛനേയും അമ്മയേയും കാണാനെത്തിയത്.

ഇരുവരേയും സമാധാനിപ്പിച്ച് സുധീറിനെതിരെ നടപടി ഉറപ്പും നൽകി. അച്ഛനും മുഖ്യമന്ത്രിയും തമ്മിലെ ഫോൺ ചർച്ചയും സാധ്യമാക്കി. നീതി പൂർവ്വകമായ അന്വേഷണം ഉണ്ടാകുമെന്നും സർക്കാർ മോഫിയയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ഈ കുടുംബത്തിന് ആശ്വാസം എത്തി.

ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്‌പി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു. സിഐ സുധീർ തെറ്റ് ആവർത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഇടപെടൽ.

മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് സർക്കാർ പിനന്നീട് വിലയിരുത്തിയത്. ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്‌പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് പരിഗണിച്ച് സിഐയെ സസ്പെന്റ് ചെയ്യും. മോഫിയാ പർവീൻ ആത്മഹത്യ ചെയ്ത കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈ.എസ്‌പി വി.രാജീവിനാണ് ചുമതല. പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്.