ആലപ്പുഴ: കല്യാണ ഓട്ടത്തിന് പോയ ആംബുലൻസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. വധുവിനെയും വരനെയും കൊണ്ട് സൈറൺ മുഴക്കി പായുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മോട്ടോർ വാഹനവകുപ്പ് വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെന്റ് ചെയ്യും.

കായംകുളം കറ്റാനത്ത് സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് നിയമങ്ങൾ മറികടന്ന് വിവാഹത്തിനായി ദുരുപയോഗം ചെയ്തത്. ഇതേ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവറുടെ വിവാഹത്തിനായാണ് ആംബുലൻസ് ഉപയോഗിച്ചത്. വധുവുമായി വീട്ടിലേക്ക് ആംബുലൻസ് എത്തണമെന്ന ആഗ്രഹം സുഹൃത്തുക്കളോട് പറഞ്ഞു. ഈ ആഗ്രഹം സുഹൃത്തുക്കൾ നടത്തി കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കറ്റാനം ഓർത്തഡോക്സ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം വരനും വധുവും വെട്ടിക്കോട്ടെ വീട്ടിലേക്ക് ആംബുലൻസിൽ കയറി കുതിക്കുകയായിരുന്നു. റോഡിലൂടെ പായുമ്പോൾ ഉച്ചത്തിൽ ഹോൺമുഴക്കുകയും സൈറൺ പ്രവർത്തിക്കുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം സുഹൃത്തുക്കൾ ക്യാമറയിൽ ഒപ്പിയെടുത്തു. വീടിനുമുന്നിൽ ആംബുലൻസ് നിന്നതോടെ വധു ചാടിയിറങ്ങി. പിന്നാലെ വരനും. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്.

സംഭവം ശ്രദ്ധയിൽപെട്ട ട്രാൻസ്പോർട്ട് കമ്മീഷ്ണർ ആലപ്പുഴ ആർ.ടി.ഒ ആർ സജിപ്രസാദിനോട് വാഹനം കസ്റ്റഡിയിലെടുത്ത് നടപടി എടുക്കാൻ നിർദ്ദേശം നൽകി. തുടർന്ന് മാവേലിക്കര ജോ.ആർ.ടി.ഒ സി.ഡാനിയേലിന് വിവരം കൈമാറുകയും ചെയ്തു. മാവേലിക്കര ജോ.ആർ.ടിഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.സുബി, സി.ബി.അജിത്ത്കുമാർ എ.എം വിഐ എംപി ഗുരുദാസ്, ഡ്രൈവർ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ വാഹനം പിടിച്ചെടുക്കുകയായിരുന്നു. ആദ്യം വാഹനം കസ്റ്റഡിയെടുക്കാൻ ഉദ്യോഗസ്ഥർ കറ്റാനത്തെത്തിയെങ്കിലും രോഗിയുമായി പുഷ്പഗിരി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. പിന്നീട് മടങ്ങി വന്ന ആംബുലൻസ് വെട്ടിക്കോട് വച്ച് കസ്റ്റഡിയിലെടുക്കുകയും നൂറനാട് പൊലീസിന് കൈമാറുകയും ചെയ്തു.

പെർമിറ്റ് ഇല്ലാത്ത വാഹനമാണ് ആംബുലൻസ്. ആംബുലൻസ് രജിസ്ട്രേഷൻ കഴിഞ്ഞാൽ രോഗികളെ കൊണ്ടു പോകാനും അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ല. രജിസ്ട്രേഷന് വിരുദ്ധമായി പെർമിറ്റുള്ള വാഹനം ഓടേണ്ട സ്ഥലത്ത് പെർമിറ്റില്ലാത്ത വാഹനം ഓടിച്ചതിന് 7,500 രൂപ പിഴയും ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും വിശദീകരണം ലഭിച്ച ശേഷം റദ്ദുചെയ്യുമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.