കൊച്ചി: താര സംഘടനയായ അമ്മയിൽ വില്ലനായി നടൻ മുകേഷ് എംഎൽഎ. കൊല്ലത്ത് നിന്നുള്ള സിപിഎമ്മിന്റെ എംഎൽഎയുടെ കടുംപിടിത്തം വെട്ടിലാക്കുന്നത് സാക്ഷാൽ മോഹൻലാലിനെയാണ്. ഔദ്യോഗിക പക്ഷത്ത് രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾ വരട്ടേ എന്ന നിലപാടിലാണ് മോഹൻലാൽ. എന്നാൽ തനിക്ക് വൈസ് പ്രസിഡന്റായേ പറ്റൂവെന്ന നിലപാടിലാണ് മുകേഷ്. ഇതുകാരണമാണ് വൈസ് പ്രസിഡന്റ് പദത്തിൽ ഒന്നിലേറെ പേർ മത്സര രംഗത്ത് എത്തുന്നത്.

മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു നേരത്തെയുള്ള വൈസ് പ്രസിഡന്റുമാർ. വനിതാ സംവരണമാക്കാം വൈസ് പ്രസിഡന്റ് പദവിയെന്ന നിർദ്ദേശം അംഗീകരിച്ച് ഗണേശ് മത്സരത്തിൽ നിന്ന് സ്വയം പിന്മാറി. കുറച്ചു കാലം മുമ്പ് തന്നെ ഇനി അമ്മയുടെ ഭാരവാഹിത്വം വേണ്ടെന്ന നിലപാട് ഗണേശ് എടുത്തിരുന്നു. എന്നാൽ കൊല്ലത്തു നിന്നുള്ള എംഎൽഎയായ മുകേഷ് മത്സരിക്കുമെന്ന നിലപാടിലാണ്. തനിക്ക് സ്ഥാനം വേണമെന്ന് മുകേഷ് നിർബന്ധം പിടിക്കുന്നുവെന്നാണ് സൂചന. പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണ് താൻ മത്സരിക്കുന്നതെന്നാണ് താര സംഘടനയിലെ പല പ്രമുഖരോടും മുകേഷ് പറയുന്നത്.

സിപിഎമ്മിന്റെ നിർദ്ദേശം അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്ന മുകേഷിന്റെ നിലപാട് അമ്മയെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്നുണ്ട്. അമ്മയുടെ മുൻ പ്രസിഡന്റായ ഇന്നസെന്റിന്റെ നേതൃത്വത്തിൽ സമവായ ചർച്ചകൾ നടക്കുന്നുണ്ട്. വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേതാ മേനോനേയും കൊണ്ടു വരാനാണ് മോഹൻലാലിന്റെ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. ഇത് മുകേഷ് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ മണിയൻപിള്ള രാജുവും ജഗദീഷും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. മുകേഷ് മത്സരിച്ചാൽ ഞങ്ങളും മത്സരിക്കുമെന്ന നിലപാടിലാണ് ജഗദീഷും മണിയൻപിള്ള രാജുവും.

അറുപത് ശതമാനം സ്ഥാനങ്ങൾ നടന്മാർക്കും നാൽപ്പത് ശതമാനം നടിമാർക്കും ഭാരവാഹിത്വം നൽകുകയെന്നതാണ് ഔദ്യോഗിക പക്ഷത്തെ ചർച്ചകളിലുള്ളത്. ഇതിന്റെ ഭാഗമായാണ് ആശാ ശരത്തിനേയും ശ്വേതാ മേനോനേയും വൈസ് പ്രസിഡന്റുമാരായി കൊണ്ടു വരാൻ നീക്കം നടത്തിയത്. ഇതാണ് മുകേഷിന്റെ പാർട്ടി പേരുയർത്തിയുള്ള പോരാട്ടം പൊളിക്കുന്നത്. സിപിഎമ്മിന്റെ പേരിൽ മുകേഷ് സ്ഥാനാർത്ഥിയായി നിന്നാൽ എന്തു ചെയ്യുമെന്ന ചിന്ത ഔദ്യോഗിക പക്ഷത്ത് സജീവമാകും.

ഷമ്മി തിലകൻ മത്സരിക്കുമെന്ന് ഏവരും ഉറപ്പിച്ചതാണ്. ജനറൽ സെക്രട്ടറി അടക്കം മൂന്ന് പദവികളിലേക്ക് നാമനിർദ്ദേശ പത്രികയും നൽകി. എന്നാൽ പത്രികയിൽ ഒപ്പില്ലെന്ന കാരണം പറഞ്ഞ് തള്ളി. ഇതോടെ പ്രതിസന്ധി തീർന്നുവെന്ന് ഔദ്യോഗിക പക്ഷം കരുതുമ്പോഴാണ് പാളയത്തിൽ പട എന്നതു പോലെ മുകേഷിന്റെ കടുംപിടിത്തം. ഡിസംബർ 19നാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക പിൻവലിക്കും മുമ്പ് സമവായത്തിനാണ് ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്. മുകേഷ് മത്സരിച്ചാൽ പിന്മാറില്ലെന്ന് ജഗദീഷും മണിയൻപിള്ളരാജുവും നിലപാട് എടുത്തതും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പിക്കും.

അമ്മയെ വീണ്ടും മോഹൻലാൽ തന്നെ നയിക്കും എന്നതാണ് വസ്തുത. അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. മോഹൻലാലിനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടവേള ബാബുവിനും എതിരില്ല. ട്രഷററായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എത്തും. ഔദ്യോഗിക പക്ഷത്തിന് ഈ തെരഞ്ഞെടുപ്പിലും വ്യക്തമായ മുൻതൂക്കം കിട്ടുമെന്നാണ് സൂചന. മോഹൻലാലിനൊപ്പമാണ് മമ്മൂട്ടിയുടേയും ദിലീപിന്റെയും മനസ്സ്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസവും മത്സരിക്കാൻ ആളുണ്ടെങ്കിൽ അമ്മയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.

വൈസ് പ്രസിഡന്റായിരുന്ന കെബി ഗണേശ് കുമാർ മത്സരരംഗത്തുണ്ടാകില്ല. പത്തനാപുരം എംഎൽഎ സ്വയം മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വൈസ് പ്രസിഡന്റ്, ട്രഷറർ, ജോയിന്റ് സെക്രട്ടറി പദത്തിലേക്കാണ് ഷമ്മി തിലകൻ നാമനിർദ്ദേശ പത്രിക നൽകിയത്. ഷമ്മിയുടെ പത്രിക തള്ളിയില്ലായിരുന്നുവെങ്കിൽ മോഹൻലാലിന്റെ പ്രസിഡന്റ് പദത്തിൽ ഒഴികെ ബാക്കിയെല്ലായിടത്തും മത്സരമുണ്ടാകുന്ന സ്ഥിതി വരുമായിരുന്നു. പത്രിക തള്ളിയതോടെ പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിലും മത്സരം ഒഴിവായി. ഇന്നസെന്റായിരുന്നു മോഹൻലാലിന് മുമ്പ് അമ്മയുടെ പ്രസിഡന്റ്. ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ജനറൽ സെക്രട്ടറിയായ മോഹൻലാൽ അമ്മയുടേയും നായകനായത്.

അമ്മയുടെ 2021-24 ലെ ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികളാണ് പുരോഗമിക്കുന്നത്. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇത് രണ്ടാംവട്ടമാണ് മുൻ തൂക്കം നേടാൻ പോകുന്നത്. ഇടവേളബാബു ജനറൽ സെക്രട്ടറിയായി 21 വർഷം തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുകയാണ്. കഴിഞ്ഞ ഭരണസമിതിയിൽ ജയസൂര്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഇക്കുറി ജോയിന്റ് സെക്രട്ടറിയായി. സിദ്ദിഖ് ജോയിന്റ് സെക്രട്ടറിയായിരുന്നത് ഇക്കുറി ട്രഷററായി.

ഇക്കുറി രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾക്കുംവേണ്ടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കമ്മിറ്റി അംഗങ്ങളായി ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി എന്നിവരുമുണ്ട്. ബാബുരാജ്, നിവിൻപോളി, സുധീർ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായുള്ളത്.