കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ജില്ലയിൽ കോൺഗ്രസിന് മലയോരത്തെ ശക്തി കേന്ദ്രങ്ങളിൽ കാലിടറുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപായി കേരളകോൺഗ്രസ് മാണിവിഭാഗം  മുന്നണിവിട്ടുപോയതോടെയാണ് മലയോര മേഖലയിൽ  യു.ഡി. എഫ് അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചത്.  

ഇതോടെ യു.ഡി. എഫ് കോട്ടകളായ നടുവിലും ചെറുപുഴയും ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തുകളിലെ ഭരണം മുന്നണിക്ക് നഷ്ടമാവുകയും ചെയ്തു. ഇതു കോൺഗ്രസിലും യു.ഡി. എഫിലും പൊട്ടിത്തെറി സൃഷ്ടിച്ചതിന്റെ അലയൊലി അടങ്ങുന്നതിന് മുൻപാണ് വീർപ്പാട് ഉപതെരഞ്ഞെടുപ്പോടെ മറ്റൊരു ശക്തികേന്ദ്രമായ ആറളം പഞ്ചായത്ത് ഭരണവും നഷ്ടമാവുന്നത്.

കോൺഗ്രസിലെ ഗ്രൂപ്പുപോരും മുന്നണിബന്ധങ്ങളിലെ അസ്വാരസ്യവുമാണ് കണ്ണൂരിലെ മലയോര കേന്ദ്രങ്ങളിൽ  കോൺഗ്രസിന് തുടർച്ചയായി തിരിച്ചടിയേൽക്കാൻ കാരണമാകുന്നത്. പാർട്ടിക്കുള്ളിൽ ഗ്രൂപ്പു സമവാക്യങ്ങൾ മാറിമറഞ്ഞതും ഒരുവിഭാഗം നിർദാക്ഷിണ്യം ഒതുക്കപ്പെട്ടതും വിഭാഗീയതയുടെ കനലെരിയാൻ കാരണമായിട്ടുണ്ട്.

നേരത്തെ വിശാല ഐയും എഗ്രൂപ്പും മാത്രമുള്ള സ്ഥാനത്തേക്ക്  എ. ഐ.സി.സി ജനറൽ സെക്രട്ടറിയും കണ്ണൂരുകാരനുമായ കെ.സി വേണുഗോപാലിന്റെ പേരിൽ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് കടന്നുകയറിയതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയത്. ഇരിക്കൂർ നിയോജകമണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും  ഏറെ ശക്തിയുള്ള എ ഗ്രൂപ്പുകാർ ഇപ്പോൾ ഛിന്നഭിന്നമായിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ വീണ്ടും മത്സരിക്കാതെ കെ.സി ജോസഫ് കോട്ടയത്തേക്ക് മടങ്ങിയതോടെ മറ്റു നേതാക്കളും ഒതുക്കപ്പെട്ടു.

ഇരിക്കൂറിലെ കരുത്തനായ  എഗ്രൂപ്പ് നേതാവ് അഡ്വ. സോണി സെബാസ്റ്റ്യനടക്കം ഇപ്പോൾ പാർട്ടിക്കുള്ളിൽ നിശബ്ദമാണ്. കെ.സി ഗ്രൂപ്പുകാരനായ സജീവ് ജോസഫ് അപ്രതീക്ഷിതമായ ഇരിക്കൂറിൽ സ്ഥാനാർത്ഥിയാവുകയും  എംഎൽഎയാവുകയും ചെയ്തതോടെ  യു.ഡി. എഫ് ചെയമാൻ കൂടിയായ പി.ടി മാത്യു ഉൾപ്പെടെയുള്ളവർ കളംമാറ്റി ചവിട്ടുകയും ചെയ്തു. ഇതോടെ കണ്ണൂർ ജില്ലയിൽ ഏതാനും രണ്ടാം നിര നേതാക്കൾ മാത്രമാണ് എ ഗ്രൂപ്പിനുള്ളത്.  

എന്നാൽ ഇവരുടെ സ്ഥാനത്തേക്ക് വന്ന കെ.സി വിഭാഗം ഇപ്പോൾ വിശാല ഐ ക്കാരും പാർട്ടിയിലെ ഔദ്യോഗിക വിഭാഗവുമായ കെപിസിസി അധ്യക്ഷൻ  കെ.സുധാകരന്റെ പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പുമായി ശീതസമരത്തിലാണ്. ഈ സാഹചര്യത്തിലാണ് ഒരു കാലത്ത് കെ.പി നൂറുദ്ദീനും പി.രാമകൃഷ്ണനുമൊക്കെ നയിച്ചിരുന്ന  എഗ്രൂപ്പുകാർ ഉപ്പുവെച്ച കലം പോലെയായത്. ഇപ്പോൾ ശ്രീക്ണഠാപുരം നഗരസഭയിലെ ഭരണ പങ്കാളിത്തമല്ലാതെ മറ്റൊന്നും എഗ്രൂപ്പിന് അവകാശപ്പെടാനില്ല.

കോൺഗ്രസിലെ ഗ്രൂപ്പുപോര് നിയന്ത്രിക്കാത്തിടത്തോളം തെരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റുകൊണ്ടിരിക്കുമെന്ന നിലപാടിലാണ് മുസ്ലിംലീഗ്. നടുവിൽ പഞ്ചായത്ത് ഭരണം നഷ്ടമായത് കോൺഗ്രസിലെ ഗ്രൂപ്പുകളിയാണെന്ന്  ആരോപിച്ചു നേരത്തെ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം കോൺഗ്രസുമായി ഇടഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന ആറളം പഞ്ചായത്തുംപാർട്ടിക്ക് നഷ്ടമായത്. പാർട്ടിക്ക് കാലിടറിയ മലയോര മേഖലയിൽ അതിശക്തമായി തിരിച്ചുവരാൻ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലുംകഴിഞ്ഞില്ല.

കെപിസിസി അധ്യക്ഷൻ  കെ.സുധാകരൻ വരെ വീർപ്പാടിൽ ഇക്കുറി പ്രചരണരംഗത്തിനിറങ്ങിയിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, അഡ്വ. സണ്ണി ജോസഫ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. നിയമസഭാ സമ്മേളനം പോലും ഒഴിവാക്കിയാണ് സണ്ണി ജോസഫ് തന്റെ മണ്ഡലം കൂടിയായ പേരാവൂരിലെ ആറളത്ത്  തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിച്ചതെങ്കിലും പരാജയം തന്നെ രുചിക്കേണ്ടി വന്നു.