തിരുവനന്തപുരം : ശാസ്താംകോട്ടയിലെ വിസ്മയയുടെ സ്ത്രീധന പീഡന മരണത്തിന് പിന്നാലെ തിരുവനന്തപുരം വെങ്ങാനൂരിൽ വാടകവീട്ടിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും ദുരൂഹതകൾ ഏറെ. വെങ്ങാന്നൂരിലേതുകൊലപാതകമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ചിത്തിരവിളാകം സ്വദേശി അർച്ചന ( 24) യാണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളുമായി കലഹം ഉണ്ടായിരുന്നതായി മരിച്ച അർച്ചനയുടെ പിതാവ് അശോകനും അമ്മ മോളിയും പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് രാജൻ പി ദേവ് എന്ന നടന്റെ മരുമകളുടെ ആത്മഹത്യയും സ്ത്രീധന തർക്കത്തിലായിരുന്നു. ഈ കേസിൽ എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് കുറ്റവാളികളെ രക്ഷപ്പെടുന്ന നിലപാടുകളാണ് എടുത്തത്. ഈ പിഴവിന് കേരളം നൽകുന്ന വിലയാണ് വിസ്മയയുടേയും അർച്ചനയുടേയും മരണം.

പ്രിയങ്കയുടേത് പീഡനത്തിലെ ആത്മഹത്യയെന്ന് വ്യക്തമായിരുന്നു. സിനിമാ നടനായ ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അതിവേഗം ഉണ്ണിക്ക് ജാമ്യം കിട്ടാനുള്ളത് പൊലീസ് തന്നെ ചെയ്തു കൊടുത്തു. രാജൻ പി ദേവിന്റെ ഭാര്യയ്ക്കും പീഡനത്തിൽ പങ്കുണ്ടായിരുന്നു. എന്നാൽ അമ്മായി അമ്മയെ അറസ്റ്റ് ചെയ്തില്ല. ഉണ്ണിക്ക് ജാമ്യം കിട്ടിയതോടെ എല്ലാം അപ്രസക്തമായി. ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് തള്ളിയിട്ടാലും കുഴപ്പമില്ലെന്ന സന്ദേശമാണ് പ്രിയങ്കയുടെ ആത്മഹത്യാ കേസ് അന്വേഷണം ഭർത്തക്കാന്മാരയ ക്രിമിനലുകൾക്ക് നൽകിയത്. ഇതാണ് കേരളത്തിൽ വീണ്ടും സ്ത്രീധന മരണത്തിന് വഴിയൊരുക്കുന്നത്.

വെങ്ങാന്നൂരിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭർത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടച്ചൽക്കുഴിയിലെ വാടകവീട്ടിലായിരുന്നു സുരേഷും അർച്ചനയും താമസിച്ചിരുന്നത്. ഏറെ നാളായി സുരേഷും അർച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ സുരേഷും അർച്ചനയും അർച്ചനയുടെ വീട്ടിൽവന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. തീകൊളുത്തിയ അർച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തിയ ആളായതിനാൽ അവൾ ഒന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. നഴ്‌സിങ് പഠിച്ച് പാസായ കുട്ടിയാണ്. അവൻ ജോലിക്കൊന്നും വിട്ടില്ല. ഇടയ്ക്ക് പ്രശ്‌നങ്ങളുണ്ടായാൽ അവൾ വീട്ടിൽവന്ന് നിൽക്കും. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് തിരികെ പോവുകയാണെന്ന് പറഞ്ഞ് പോകും. എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവന്റെ അറിവോടെ നടന്ന കൊലപാതകമാണ്''- അശോകൻ പറഞ്ഞു.

പൊലീസിനെ കണ്ട് വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു അർച്ചനയുടെ ഭർത്താവ്. ഒരു വർഷം മുമ്പായിരുന്നു അർച്ചനയുടേയും സുരേഷിന്റെയും വിവാഹം നടന്നത്. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഇന്നലെയാണ് അർച്ചനയയെ കുടുംബവീട്ടിൽ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസൽ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അശോകൻ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, മരുമകൻ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നും അശോകൻ ആരോപിച്ചു.

''ഒരിക്കലും അവൾ ആത്മഹത്യ ചെയ്യില്ല. അവൻ ഇടയ്ക്കിടെ വീട്ടിൽനിന്ന് പിണങ്ങി പോകാറുണ്ട്. രണ്ട് ദിവസം കഴിഞ്ഞൊക്കെയാണ് വരാറുള്ളത്. അവന്റെ വീട്ടിൽ പോയി അന്വേഷിച്ചാലും അവരും ഒന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആക്കി വെയ്ക്കും. പലയിടത്തും അന്വേഷിച്ചാണ് അവനെ കണ്ടെത്താറുള്ളത്. പിന്നീട് തിരിച്ചെത്തിയാൽ ഇരുവരും വീണ്ടും സഹകരിച്ച് ജീവിക്കും. മരിക്കുന്നതിന്റെ തലേദിവസം അർച്ചനയും സുരേഷും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവന്റെ കൈയിൽ ഒരു ലിറ്ററിന്റെ കുപ്പിയിൽ ഡീസലും ഉണ്ടായിരുന്നു. എന്തിനാണ് ഡീസലെന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പിന്റെ ശല്യമുണ്ടെന്നും അതിനാണെന്നും മറുപടി പറഞ്ഞു. ഉപ്പോ മഞ്ഞൾപൊടിയോ ഇട്ടാൽ പോരെയെന്ന് ചോദിച്ചപ്പോൾ അതൊന്നും ഇട്ടിട്ട് പോകുന്നില്ലെന്നും പറഞ്ഞു.

സുരേഷിന്റെ വീട്ടുകാർ സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നതായും അർച്ചനയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അടുത്തിടെ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് സുരേഷിന്റെ വീട്ടുകാർ അർച്ചനയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം കൈയിലാത്തതിനാൽ ഇത് നൽകാനായില്ല. മാത്രമല്ല, സുരേഷ് അർച്ചനയെ മദ്യലഹരിയിൽ മർദിച്ചിരുന്നതായും ആരോപണമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ ഒരു പ്രശ്‌നങ്ങളും പുറത്തു കാണിക്കാതെ ഇരുവരും തങ്ങളുടെ മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.