കണ്ണുർ: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിലാണ്.

ദിവസങ്ങൾക്ക് മുമ്പ് അഴീക്കൽ ഉരു നിർമ്മാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയിൽ കാർ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസും കസ്റ്റംസ് സംഘവും സ്ഥലത്ത് എത്തുന്നതിന് മുമ്പ് കാർ അവിടെ നിന്നും മാറ്റുകയായിരുന്നു. അർജുന്റെ കൂട്ടാളികളാണ് അഴീക്കോട് നിന്നും കാറ് കടത്തിക്കൊണ്ട് പോയത്. രാമനാട്ടുകര സ്വർണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണം അർജുൻ ആയങ്കിയിലേക്കും തിരിഞ്ഞത്.

അർജുൻ ആയങ്കിക്ക് വാഹനം എടുത്ത് നൽകിയ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം സി സജേഷിനെ പാർട്ടി ഇന്ന് സസ്പെന്റ് ചെയ്തിരുന്നു. ഒരുവർഷത്തേക്കാണ് പാർട്ടി അംഗത്വം സസ്പെന്റ് ചെയ്തത്. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായാണ് പാർട്ടി വിലയിരുത്തൽ. നേരത്തെ ഡിവൈഎഫ്ഐയും സജേഷിനെ പുറത്താക്കിയിരുന്നു.

നേരത്തെ കണ്ണൂർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ വാഹനം തന്റെതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും പിന്നിട് തിരികെ നൽകിയില്ലെന്നും സജേഷ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം അർജുൻ ആയങ്കി സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി. സജേഷിനെതിരെ നടപടി എടുത്തിരുന്നു. സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ സെക്രട്ടറി എം ഷാജൻ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വലിയ വാർത്തയായതോടെയാണ് ഡിവൈഎഫ്‌ഐ നടപടി സ്വീകരിച്ചത്. താന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാട്ടി സജേഷ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം.

സിപിഎമ്മിന്റേയും സർക്കാരിന്റേയും പരിപാടികൾ ദൈനംദിനെ എന്നോണം ഫേസ്‌ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുടേയും അടക്കം പങ്ക് പുറത്ത് വന്നതോടെ ഇവരെ തള്ളി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തി.അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ ആണ് കള്ളക്കടത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചത്. ഇവരുടെ വേര് കണ്ടെത്താൻ ഡിവൈഎഫ്ക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും ഇത്തരം ഫാൻസ് ക്ലബുകാർ പിരിഞ്ഞ് പോകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ നടപടിക്ക് പിന്നാലെ സിപിഎമ്മും സജേഷിനെതിരെ നടപടി കൈക്കൊണ്ടിരുന്നു.