മുംബൈ: ബോളിവുഡിലെ താരരാജാവാണ് ഷാരൂഖ് ഖാൻ. നാല് പതിറ്റാണ്ടായി ഹിന്ദി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം. താരങ്ങൾ ആരൊക്കെ മാറി മാറി വന്നാലും ഷാരൂഖിന്റെ താര സിംഹാസനം അവിടെ ഒഴിഞ്ഞു കിടക്കുക തന്നെ ചെയ്യും. ബോളിവുഡ് സിനിമയെ നിയന്ത്രിക്കുന്ന ഈ ഖാൻ കുടുംബത്തിന് വലൊയൊരു ഞെട്ടലാണ് ഇന്നുണ്ടായിരിക്കുന്നത്. താരരാജാവിന്റെ പുത്രനെ മയക്കുമരുന്നു കേസിൽ അറസ്റ്റു ചെയ്തു കസ്റ്റഡിയിൽ വിട്ടു എന്നത് ബോളിവുഡിനെ ശരിക്കും ഞെട്ടിച്ചിരിക്കുന്നു.

താരപുത്രനെന്ന നിലയിൽ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിൽക്കാൻ അവസരം ധാരാളം ഉണ്ടായിട്ടും അതിനൊന്നു മുതിരാതെ ക്യാമറകൾക്ക് അധികം പിടികൊടുക്കാതെ നടക്കുയായിരുന്നു ഷാരൂഖ് ഖാന്റേയും ഗൗരി ഖാന്റെയും മൂത്ത മകനായ ആര്യൻ ഖാൻ. 1997 നവംബർ 13നാണ് ആര്യൻ ഖാൻ ജനിച്ചത്. ഇപ്പോൾ 23 വയസ്സുകാരനായ ആര്യാൻ ഖാൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. പിതാവിന്റെ പാതയിൽ സിനിമയിൽ അഭിനയിക്കാൻ ഇഷ്ടം പോലെ അവസരം ഉണ്ടായിട്ടും അതിനൊന്നും ഇതുവരെ ശ്രമിച്ചിരുന്നില്ല ആര്യൻ. എന്നാകും താരപുത്രന്റെ എൻട്രിയെന്ന് ബോളിവുഡ് ലോകം ചോദിച്ചു തുടങ്ങിയിരുന്നു കുറച്ചുകാലമായി. എന്നാൽ, ഗോസിപ്പുകൾക്കൊന്നും പിടികൊടുക്കാതെ നടക്കുകയാരുന്നു ആര്യനും കൂട്ടരും.

കുട്ടിയായിരുന്ന കാലത്ത് ചില സിനിമകളിലൊക്കെ ആര്യനും മുഖം കാണിച്ചിരുന്നു. ബോളിവുഡിൽ സൂപ്പർഹിറ്റായ കഭി ഖുഷി കഭി ഗമിൽ ആര്യൻ ഖാൻ ഒരു അതിഥി വേഷത്തിൽ ഉണ്ടായിരുന്നു. സിനിമയുടെ തുടക്കത്തിൽ ചിത്രത്തിലെ കഥാപാത്രമായ രാഹുലിന്റെ കുട്ടിക്കാലം കാണിക്കുമ്പോൽ ജയ ബച്ചന്റെ കൈകളിലെ ചെറിയ രാഹുൽ ആര്യനായിരുന്നു. പിന്നീട് ഷാരൂഖ് ഖാനും പ്രീതി സിന്റയും അഭിനയിച്ച കഭി അൽവിദ നാ കെഹ്നയിലിലൂടെയും ആര്യൻ ഖാൻ സിനിമയിലെത്തി.

ലയൺ കിംഗിലെ സിംബയുടെ ശബ്ദത്തിന്റെ ഉടമ

2019ൽ അമേരിക്കൻ കംപ്യൂട്ടർ ആനിമേറ്റഡ് ചിത്രം ലയൺ കിംഗിന്റെ ഹിന്ദി പതിപ്പിൽ ആര്യൻ ഖാൻ ഡബ്ബിങ് ചെയ്തിരുന്നു. ഇതായിരുന്നു മുതിർന്ന ആര്യന്റെ സിനിമാ പ്രവേശനം. സിനിമയിലെ പ്രധാന കഥാപാത്രമായ സിംബയുടെ കാരക്റ്ററിനാണ് ആര്യൻ ശബ്ദം കൊടുത്തത്. സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത വേളയിലായിരുന്നു ഈ ശബ്ദം നൽകൽ. അന്ന് മുഫാസയ്ക്ക് ശബ്ദം കൊടുത്തത് ഷാരൂഖ് തന്നെയായിരുന്നു. മകനെ പ്രമോട്ട് ചെയ്തു ഷാരൂഖ് രംഗത്തുവന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.

2019 ഐസിസി ലോകകപ്പിൽ രാജ്യം മുഴുവൻ ടീം ഇന്ത്യയ്ക്കായി ആരവം മുഴക്കിയപ്പോൾ, ഷാരൂഖ് ഖാൻ തന്റെയും ആര്യന്റെയും ടീം ഇന്ത്യ ജേഴ്‌സി ധരിച്ച ചിത്രം പങ്കിട്ടു. എസ്ആർകെയുടെ ജഴ്സിയിൽ മുഫാസ (സിംബയുടെ അച്ഛൻ) എന്ന് എഴുതിയിരുന്നപ്പോൾ, ആര്യൻ സിംബ എന്നെഴുതിയ ജഴ്സിയാണ് ധരിച്ചത്.

'ഞങ്ങൾ ഇൻക്രെഡിബിൾസ് ചെയ്യുമ്പോൾ, ആര്യന് ഏകദേശം ഒമ്പത് വയസായിരുന്നു. അവന്റെ ശബ്ദം കേൾക്കാൻ വളരെ മധുരമായിരുന്നു. ഇപ്പോൾ പോലും, വർഷങ്ങൾക്ക് ശേഷം ഞാൻ ലയൺ കിംഗിനായി ഇത് ചെയ്യുമ്പോൾ. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആര്യനുമായുള്ള ഒരു അത്ഭുതകരമായ ബോണ്ടിങ് സമയമാണ്. '- ലയൺ കിംഗിൽ ആര്യനൊപ്പം ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ച് ഷാരൂഖ് അന്ന് അഭിപ്രായപ്പെട്ടത് ഇങ്ങനായിരുന്നു.

രാജ്യത്തെ മുൻനിര നടന്മാരിൽ ഒരാളാണ് അച്ഛനെങ്കിലും അഭിനയ രംഗത്തേക്ക് കടന്നുവരാൻ ആര്യനു താൽപര്യം ഇല്ലെന്ന് ഷാരൂഖ് ഖാൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 'അവൻ സുന്ദരാണ്, നല്ല പൊക്കമുണ്ട്, പക്ഷെ അഭിനയത്തേക്കാളുപരി അവന് താൽപര്യം എഴുത്തിലാണ്.' - ഷാരൂഖ് പറയുന്നു. സിനിമയിൽ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നതിനേക്കാൾ ആര്യന് താൽപ്പര്യം പിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു. സംവിധായകനായി സിനിമാ ലോകത്തേക്ക് കടന്നുവരാൻ മകൻ താൽപര്യപ്പെടുന്നുവെന്ന് പറഞ്ഞത് ഷാരൂഖ് തന്നെയായിരുന്നു.

'എന്റെ മകനോ മകളോ അഭിനേതാക്കളാകാൻ തയ്യാറായിട്ടില്ല. സുഹാനയ്ക്ക് ഒരു നടിയാകാനുള്ള ആഗ്രഹമുണ്ട്. ആറ് മാസത്തിനുള്ളിൽ അവൾ സ്‌കൂൾ പഠനം പൂർത്തിയാക്കി, അഭിനയ പരിശീലനത്തിനായി നാല് വർഷത്തേക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകും. ആര്യന് ഒരു നടനാകാൻ താൽപ്പര്യമില്ല, സിനിമകൾ നിർമ്മിക്കാനും സംവിധായകനാകാനും അമേരിക്കയിൽ അതിനായി പരിശീലനം നടത്താനും ആഗ്രഹിക്കുന്നു എന്നായിരുന്നു ഷാരുഖ് പറഞ്ഞത്.

ബച്ചന്റെ ചെറുമകളുമായി പ്രണയ ഗോസിപ്പുകൾ

അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദയുടെ അടുത്ത സുഹൃത്താണ് ആര്യൻ ഖാൻ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വിദേശ ബീച്ചുകളിൽ സമയം ചെലവിടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാനാണ് ഈ പ്രണയ ഗോസിപ്പിന് അന്ന് ഇട നൽകിയത്. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അവരുടെ കുടുംബങ്ങൾ വ്യക്തമാക്കി.

ആര്യൻ ഖാൻ ഈ വർഷമാണ് സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയത്. മേയിൽ നടന്ന ബിരുദദാന ചടങ്ങിൽ അദ്ദേഹം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. തന്റെ സർട്ടിഫിക്കറ്റ് കൈയിൽപ്പിടിച്ച്, ബിരുദ വസ്ത്രം ധരിച്ച് നിൽക്കുന്ന ആര്യന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആര്യൻ, ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്, സിനിമാറ്റിക് ആർട്‌സ്, ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ, സ്‌കൂൾ ഓഫ് സിനിമാറ്റിക് ആർട്‌സ് എന്നിവയിലാണ് ബിരുദം നേടിയത്.

അറസ്റ്റിൽ ഞെട്ടൽ, സ്പെയിനിലെ ഷൂട്ടിങ്ങ് ഉപേക്ഷിച്ച് ഷാരൂഖ്

ബോൡവുഡിനെ ഞെട്ടിച്ച വാർത്തയായിരുന്നു ഇന്ന് പുറത്തുവന്നത്. ഷാരൂഖിന്റെ മകൻ മയക്കു മരുന്നു കേസിൽ അറസ്റ്റിലായെന്നത് എങ്ങും ഞെട്ടിക്കുന്നതായിരുന്നു. മകന്റെ അറസ്റ്റു വാർത്ത ഖാൻ കുടുംബം നേരിടുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞതായി. മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതോടെ ആകെ ആശയക്കുഴപ്പങ്ങളാണ ഉണ്ടായത്. മകന്റെ അറസ്റ്റിനെ തുടർന്ന് സിനിമ ചിത്രീകരണത്തിനായി സ്പെയിനിലേക്ക് പോകുന്നത് മാറ്റിവെച്ച് ഷാരൂഖ് ഖാൻ മുംബൈയിൽ തുടരാൻ തീരുമാനിച്ചു.

പത്താൻ സിനിമയുടെ ഷൂട്ടിങ് ആണ് താരം നിർത്തിവച്ചിരിക്കുന്നത്. ദീപിക പദുക്കോണിനൊപ്പമുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി അടുത്ത ദിവസം സ്പെയിനിലേക്ക് പോകാനിരിക്കുകയായിരുന്നു ഷാരൂഖ്. പിന്നീട് തിരക്കിട്ട നീക്കങ്ങളായിരുന്നു മകന്റെ അറസ്റ്റ് സ്ഥിരീകരിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനും ഗൗരി ഖാനും അഭിഭാഷകനുമായി ചർച്ച നടത്തി. ആര്യൻ അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചതോടെ ഗൗരി ഖാൻ സ്വവസതിയിൽനിന്ന് കോടതിയിലേക്ക് പോകുന്ന ദൃശ്യങ്ങളും ദേശീയമാധ്യമങ്ങളിലൂടെ വന്നു.

ഇന്നലെ രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നടത്തിയ പാർട്ടിയിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. ആര്യന്റെ അമ്മ ഗൗരി ഖാനും മകന്റെ അറസ്റ്റിനെ തുടർന്ന് വിദേശ യാത്ര മാറ്റിവെച്ചു. ഇന്റീരിയർ പ്രൊജക്ടുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്ന ഗൗരി ഖാൻ. ലഹരിമാഫിയകളുമായുള്ള ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് ഖാന്റെ 23-കാരനായ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. റെയ്ഡിന് ശേഷം ചോദ്യം ചെയ്യപ്പെട്ട എട്ട് പേരിൽ ഒരാളായിരുന്നു ആര്യൻ ഖാൻ.

ആര്യൻ ഖാന്റെ അടുത്ത സുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുന്മുൻ ധമേച്ച എന്നിവരെയും എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് കോർഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ എൻ.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ലഹരി പാർട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയ എൻ.സി.ബി. ഉദ്യോഗസ്ഥർ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.

ഇവരിൽനിന്ന് എം.ഡി.എം.എ, കൊക്കെയ്ൻ, ഹാഷിഷ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ആര്യൻ ഖാനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കായാണ് എൻസിബി. ഒക്ടോബർ 5 വരെ എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കേസിൽ തിങ്കളാഴ്‌ച്ച വീണ്ടും വാദം കേൾക്കും. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് മൂവർക്കുമെതിരെ കേസ്.

1.33 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയതായും പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്കെതിരെ തെളിവുണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു. വാട്‌സാപ് ചാറ്റ് പരിശോധിച്ചപ്പോൾ ഇവർക്ക് ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ അറിയിച്ചു.