ബംഗളൂരു: ബംഗളൂരുവിൽ ഉണ്ടായ കലാപത്തിൽ അറസ്റ്റിലായ 40 ഓളം പേർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. പ്രതികൾക്ക് 2013ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്‌ഫോടനം, 2014ലെ ചർച്ച് സ്ട്രീറ്റ് സ്‌ഫോടനം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പേരിലാണ് കലാപം ഉണ്ടായത്. അക്രമം നടന്ന ബെംഗളൂരുവിലെ ഡിജെ ഹള്ളി പ്രദേശത്തുനിന്ന് 380 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അൽഹിന്ദ്, എസ്ഡിപിഐ പ്രവർത്തകരാണ് ഇവരിൽ ഏറെയും. കലാപക്കേസുമായി ബന്ധപ്പെട്ട് 80,000 ഫോൺകോളുകളാണു പൊലീസ് പരിശോധിക്കുന്നത്. മണിക്കൂറുകളുടെ ഇടവേളയിൽ ഇത്രയും കോളുകൾ വിളിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും.

അൽ ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തകനായ സമിയുദ്ദീൻ (35) എന്നയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഈ കേസ് എൻഐഎയ്ക്ക് കൈമാറിയേക്കും. ശിവാജി നഗറിൽ ആർഎസ്എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി ഉറ്റബന്ധമുണ്ട് സമിയുദ്ദീനെന്നാണ് നിഗമനം. ആ കേസിലെ പ്രധാനപ്രതിയെ ഇയാൾ ജയിലിൽ സന്ദർശിച്ചിരുന്നു. കളിയിക്കാവിളയിൽ സ്‌പെഷൽ എസ്‌ഐ വിൽസനെ വെടിവച്ചു കൊന്നതുൾപ്പെടെ വിവിധ കേസുകളിൽ ഒട്ടേറെ അൽഹിന്ദ്, അൽ-ഉമ്മ പ്രവർത്തകർ ബെംഗളൂരുവിൽനിന്ന് അറസ്റ്റിലായിരുന്നു. ഇവർക്കും സ്‌ഫോടന കേസിൽ പിടിയിലായവരുമായി ബന്ധമുണ്ട്.

മല്ലേശ്വരം, ചർച്ച് സ്ട്രീറ്റ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. പല കേസുകളിലും വിചാരണ വിവിധ ഘട്ടങ്ങളിലാണ്. 2013 ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രതിസ്ഥാനത്ത് അൽ ഉമ്മ പ്രവർത്തകരായിരുന്നു; ചർച്ച് സ്ട്രീറ്റ് സ്‌ഫോടനത്തിനു പിന്നിൽ ഇന്ത്യൻ മുജാഹിദ്ദീനും. ബംഗളുരൂ കലാപത്തിനിടെ പൊലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ മറ്റൊരാളും മരിച്ചു. കലാപമുണ്ടായ ഡിജെ ഹള്ളി എസ്ഡിപിഎയ്ക്ക് വൻ സാന്നിധ്യമുള്ള പ്രദേശമാണ്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതു സർക്കാരിന്റെ പരിഗണനയിലുണ്ട്.

ബംഗളൂരു അക്രമത്തിന്റെ ഗൗരവം കണക്കിലെടുത്തും അറസ്റ്റിലായ ഒരാൾക്ക് നിരോധിത സംഘടനയായ അൽ ഹിന്ദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നുമാണ് അന്വേഷണം എൻ.ഐ.എ.യ്ക്ക് വിടാൻ ആലോചിക്കുന്നത്. വിദ്വേഷപരാമർശങ്ങളെത്തുടർന്ന് കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപക അക്രമമാണുണ്ടായത്. ഇതിന് നേതൃത്വം നൽകിയവർക്കെതിരേ യു.എ.പി.എ. നിയമപ്രകാരം കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. യു.എ.പി.എ. ചുമത്തിയാൽ അന്വേഷണം എൻ.ഐ.എ.യ്ക്ക് വിടാൻ സാധ്യതയേറും.

ഭീകര സംഘടനയായി ബന്ധമുള്ള ആളാണ് പൊലീസ് പിടിയിലായിരിക്കുന്ന സമിയുദ്ദീൻ എന്നാതിനേയും ഗൗരവത്തോടെയാണ് കർണ്ണാടക സർക്കാർ കാണുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇയാൾ ഭീകര സംഘടനായായ അൽ -ഹിന്ദുമായി ബന്ധം പുലർത്തുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കർണ്ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മി കലാപകാരികൾക്ക് ഭീകര സംഘടനയായ അൽ ഹിന്ദുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമിയുദ്ദീൻ പൊലീസിന്റെ പിടിയിലാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി സമിയുദ്ദീനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ഇയാളുടെ പക്കൽ നിന്നും ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

സംഘർഷത്തിൽ ഉൾപ്പെട്ട 40 പേർക്ക് ഭീകര, വർഗീയ ആക്രമണ കേസുകളിലെ പ്രതികളുമായി ബന്ധമെന്ന് കണ്ടെത്തൽ ഗൗരവതരമാണ്. ഓഗസ്റ്റ് 11ന് കെജി ഹള്ളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 60 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 380 പേരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന സമിയുദ്ദീൻ എന്നയാൾ 2016 ഒക്ടോബറിൽ ആർഎസ്എസ് പ്രവർത്തകനായ രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സമിയുദ്ദീൻ ജയിലിൽ കഴിയുന്ന പ്രതികളെ ഒരു അവസരത്തിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

ചർച്ച് സ്ട്രീറ്റ് സ്‌ഫോടനം, മല്ലേശ്വരം ബോംബ് സ്‌ഫോടനം തുടങ്ങിയ സാമുദായിക സംഘർഷങ്ങൾക്ക് കാരണമായ കേസുകളിൽ അറസ്റ്റിലായ പ്രതികളുമായി ഇപ്പോൾ അറസ്റ്റിലായ 40 പേർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കലാപം നടന്ന രാത്രി പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട മുദാസിർ എന്നയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അക്രമത്തിന് പ്രധാന പങ്കുവഹിച്ചെന്ന് കരുതുന്ന 27 പേരുടെ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ ബംഗളൂരുവിലുണ്ടായ അക്രമത്തിനിടെ പൊതു - സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതിന്റെ നഷ്ടപരിഹാരം അക്രമികളിൽനിന്നുതന്നെ ഈടാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കും. കെ.ജി ഹള്ളി, ഡി.ജി ഹള്ളി എന്നിവിടങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾക്കിടെ പൊതു - സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടം വിലയിരുത്താനും നഷ്ടപരിഹാരം അക്രമികളിൽനിന്ന് തന്നെ ഈടാക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത് പ്രകാരം ക്ലെയിം കമ്മീഷണറെ നിയമിക്കുക എന്നതാവും ആദ്യ നടപടി. കേസുകളുടെ വിചാരണ അതിവേഗം പൂർത്തിയാക്കാൻ മൂന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കും. പ്രത്യേക അന്വേഷണസംഘം ഇതിനകം രൂപവത്കരിച്ചു കഴിഞ്ഞു. അക്രമികൾക്കെതിരെ യുഎപിഎ നിയമവും ആവശ്യമെങ്കിൽ ഗുണ്ടാ ആക്ടും ചുമത്തുമെന്നും യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 35 പേർകൂടി ഞായറാഴ്ച അറസ്റ്റിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 340 ആയെന്നാണ് പൊലീസ് പറയുന്നത്. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പ്രദേശങ്ങളിലെ 144 ഓഗസ്റ്റ് 18 വരെ നീട്ടിയിട്ടുണ്ട്.