തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലൈംഗികമായി പീഡിപ്പിച്ചത് അതിക്രൂരമായെന്ന് എഫ്.ഐ.ആർ. യുവതിയുടെ കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് കൈകൾ പിന്നോട്ടാക്കി കെട്ടിയിട്ടുമാണ് ഒരു ദിവസം മുഴുവൻ ലൈംഗികമായി പീഡിപ്പിച്ചത് എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം തിയതി ഉച്ച മുതൽ നാലാം തിയതി രാവിലെ വരെ നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറന്റൈൻ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

ബഹളമുണ്ടാക്കിയാൽ ക്വാറന്റൈൻ ലംഘിച്ചത് പൊലീസിനെ അറിയിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെടർ ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി. സംഭവത്തിൽ കുളത്തൂപ്പുഴ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യുവതി പരാതിയിൽ യുവതി ഉറച്ച് നിന്നതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കോവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്.

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവർ വെള്ളറടയിൽ സൃഹൃത്തിനൊപ്പം ക്വാറന്റീനിൽ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയിൽ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ സർട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെൽത്ത് ഇൻസ്‌പെക്ടർ നിർദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടിൽവച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

യുവതി അകത്തുകടന്നയുടൻ ഇയാൾ യുവതിയെ മർദിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ മണിക്കൂറുകളോളം പീഡനം തുടർന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടിൽനിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അവശയായനിലയിൽ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഇന്ന് യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പീഡനം നടന്ന ഫ്‌ളാറ്റിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടണ്ട്. സംഭവത്തിൽ സ്വമേധയാകേസെടുത്ത വനിതാ കമ്മീഷൻ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകി.

അതിനിടെ ആറന്മുളയിൽ കോവിഡ് രോഗി ആംബുലൻസിൽ പീഡനത്തിന് ഇരയായ സാഹചര്യത്തിൽ സ്ത്രീകളെയും കൊണ്ടുള്ള ആംബുലൻസ് യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. രാത്രി ഏഴുമണിക്ക് ശേഷം ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ മാത്രം മതിയെന്നാണ് പ്രധാന നിർദ്ദേശം.സ്ത്രീകളെ ആംബുലൻസിൽ തനിച്ചുകൊണ്ടുപോകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അടിയന്തിരസാഹചര്യത്തിൽ ഡ്രൈവറെ കൂടാതെ ആരോഗ്യപ്രവർത്തകനും ഒപ്പമുണ്ടാകണം.

രാത്രികാലങ്ങളിൽ അത്യാവശ്യഘട്ടമെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ രോഗികളെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുള്ളൂ.ആറന്മുളയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ കൂടുതൽ ആംബുലൻസുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ പ്രത്യേക യോഗം നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പ് കൂടുതൽ കുറ്റമറ്റതാക്കേണ്ട സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് വിളിച്ച് ചേർത്തിരിക്കുന്നത്.