ബെംഗളൂരു: കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയം. 58 നഗരസഭകളിലെ 1,184 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 437 സീറ്റ് ബിജെപിയും 45 സീറ്റ് ജെഡിഎസും സ്വന്തമാക്കി. മറ്റുചെറുകക്ഷികൾ 204 സീറ്റുകളും നേടി. 58 മുനിസിപ്പാലിറ്റികൾ, വിവിധ മുനിസിപ്പാലിറ്റികളിലേയും 57 ഗ്രാമപഞ്ചായത്തുകളിലേയും 9 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് എന്നിവയാണ് നടന്നത്

കോൺഗ്രസ് 42.06 ശതമാനം വോട്ട് കരസ്ഥമാക്കിയപ്പോൾ ബിജെപിക്ക് 36.90 ശതമാനം വോട്ടാണ് ലഭിച്ചത്. 166 സിറ്റി മുൻസിപ്പൽ കൗൺസിൽ വാർഡുകളിലെ തെരഞ്ഞെടുപ്പിൽ ബിജെപി 67 സീറ്റുകൾ നേടി. കോൺഗ്രസിന് 61, ജെഡിഎസിന് 12, മറ്റുള്ളവർ 26. 441 ടൗൺ മുൻസിപ്പൽ കൗൺസിൽ വാർഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 201 സീറ്റുകൾ ലഭിച്ചു. ബിജെപിക്ക് 176, ജെഡിഎസിന് 21. 588 പട്ടണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 236 സീറ്റുകൾ നേടി. ബിജെപിക്ക് 194, ജെഡിഎസിന് 12, മറ്റു കക്ഷികൾ 135.ഡിസംബർ 27നായിരുന്നു കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്നത്.

വമ്പൻ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെയ്ലറാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.ബിജെപി സർക്കാറിന്റെ ഭരണത്തിൽ ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ തെളിവാണ് പുറത്തുവന്നിരിക്കുന്ന തെരഞ്ഞടുപ്പ് ഫലമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

കർണാടക നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് വർഷത്തിലേറെയായി കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

അതേസമയം, കർണാടകയിൽ 2023ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നയിക്കുമെന്ന് പാർട്ടി ദേശീയ നേതൃത്വം അറിയിച്ചിരുന്നു.ബൊമ്മെയുടെ നേതൃത്വത്തിൽ ബിജെപി. 150 സീറ്റു നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് കർണാടകത്തിന്റെ ചുമതലയുള്ള പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ് പ്രഖ്യാപിക്കുകയും ചെയ്തു.