തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അടപടലം പൂട്ടൻ ഉറപ്പിച്ചു തന്നെയാണ് ഇഡി കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള ആറിടങ്ങളിലാണ് സംസ്ഥാനത്ത് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തും കണ്ണുരൂപമായാണ് റെയ്ഡ് നടക്കുന്നത്. ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

രാവിലെ ബിനീഷിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം വീട് തുറന്ന് പരിശോധന നടത്തി. തുടർന്ന് സ്റ്റാച്യുവിലെ ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തി. 2009-ൽ ആണ് സ്ഥാപനം തുടങ്ങിയത്. എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. പൊലീസ് ഏർപ്പെടുത്തിയ വാഹനത്തിലെത്തിയ സംഘത്തിന് സിആർപിഎഫ് ജവാന്മാർ സുരക്ഷയും ഒരുക്കിയിരുന്നു.

ചെന്നൈ ആസ്ഥാനമായ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിൽ ആനന്ദ് പത്മനാഭൻ, മഹേഷ് വൈദ്യനാഥൻ എന്നിവർ ഡയറക്ടറെന്നാണ് ഇവരുടെ വെബ് സൈറ്റ് വ്യക്തമാക്കുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സൂചന. തിരുവനന്തപുരത്തെ കാർപാലസ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതിന് പുറമെ ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന അരുൺ വർഗീസ്, അബ്ദുൾ ജാഫർ,അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും റെയ്ഡുണ്ട്. ക്രിക്കറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അനസിന്റെ ധർമടത്തെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ്. സൊല്യൂഷൻസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെ.കെ. റോക്‌സ് ക്വാറി എന്നീ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇഡി അറിയിച്ചിരുന്നു. ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബെംഗളൂരുവിലും ഇവന്റ് മാനേജമെന്റ് കമ്പനികളുണ്ടെന്നും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണ് നിലവിൽ ഇവയുടെ ഡയറക്ടർമാരെന്നും ഇ.ഡി ആരോപിക്കുന്നു. ഈ രണ്ട് കമ്പനികൾവഴി വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് ഇ.ഡി. വ്യക്തമാക്കി. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതിനും മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിൽ സഹായിച്ചതിനുമുള്ള മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. പറയുന്നുണ്ട്.

കർണാടക പൊലീസും സി ആർ പി എഫും ഇഡിക്കൊപ്പം പരിശോധനക്ക് എത്തിയി്ടുണ്ട്. മരുതംകുഴിയിലെ വീട്ടിൽ നിലവിൽ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഇല്ല. മയക്കുമരുന്ന് കേസിൽ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു.

5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതൽ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെ രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനാമിയിടപാടുകൾ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ, സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി ടപടിയെടുത്തേക്കും.

ശംഖുംമുഖത്തെ ഓൾഡ് കോഫീ ഹൗസ് റസ്റ്റോറന്റ്, യു.എ.ഇ കോൺസുലേറ്റിലെ വിസാ സ്റ്റാമ്പിങ് ഇടപാടുകൾ നടത്തുന്ന യു.എ.എഫ്.എക്‌സ് സൊല്യൂഷൻസ്, കേശവദാസപുരത്തെ കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെകെ റോക്‌സ് ക്വാറി എന്നീ സ്ഥാപനങ്ങളും ബിനീഷിന്റെ ബിനാമി കമ്പനികളാണോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്.അനധികൃത ഇടപാടുകളിലുള്ള 5.17കോടി, ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്ന് ഇ.ഡി കോടതിയിൽ നൽകിയ റിമാന്റ് റിപ്പോർട്ടിലുണ്ട്.

ഇത് ബിനീഷ് ആദായനികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തുപോകുന്നില്ല. ആദായനികുതി വെട്ടിപ്പ് നടത്തിയതിന് ബിനീഷിനെതിരെ പുതിയ കേസെടുത്തേക്കും. ഓരോ വർഷവും സമർപ്പിച്ച റിട്ടേണിൽ ശരാശരി 40ലക്ഷത്തിനു മുകളിൽ വ്യത്യാസമുണ്ടായി. ബാങ്കിടപാടുകളുടെ രേഖകൾ പരിശോധിച്ച് ഇ.ഡി തയ്യാറാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെ, ആദായനികുതി ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.