പാലക്കാട്: പാലക്കാട്ടെ മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യയിൽ ദുരൂഹ. വീട്ടിനുള്ളിൽ മരിച്ച നിലിയൽ കണ്ടെത്തിയ ശരണ്യയുടെ മരണമാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷാണ് കഴിഞ്ഞ ദിവസം (27) മരിച്ചത്. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്.

പാലക്കാട് നഗരസഭയിലെ ഒൻപതാം വാർഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജീവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ആത്മഹത്യാ കുറിപ്പ് എന്നതിനാൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

ഇന്നലെ വൈകിട്ട് 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കും. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ഭർത്താവ്. രാജൻതങ്കം ദമ്പതികളുടെ മകളാണ്. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണ് യുവതിയുടേത് എന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ, ബിജെപി നേതാവിന്റെ പേരും ആത്മഹത്യാ കുറിപ്പിൽ ഇടംപിടിച്ചതോടെ സംഭവം പാലക്കാട്ട് രാഷ്ട്രീയ വിവാദമായി മാറുകുയം ചെയ്തു. ബിജെപിക്ക് വളക്കൂറുള്ള പാലക്കാട് മണ്ഡലത്തിലെ മികച്ച കഴിവുള്ള വ്യക്തിയായിരുന്നു ശരണ്യയെന്നാണ് പ്രവർത്തകർ പറയുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമായിരുന്നു ഇവരുടേത്. അതുകൊണ്ട് തന്നെ ശരണ്യയുടെ മരണം പ്രവർത്തകരെയും ഞെട്ടിച്ചിട്ടുണ്ട്.