തിരുവല്ല: അഭിഭാഷകമാർക്ക് കാലം അത്ര നല്ലതല്ലെന്ന് തോന്നുന്നു. വ്യാജ ഡിഗ്രി ഉപയോഗിച്ച് വക്കീലായി പ്രാക്ടീസ് ചെയ്തതിന് കുരുക്കിലായ രാമങ്കരിയിലെ സിസി സേവ്യറിന് പിന്നാലെ തിരുവല്ല ബാറിലെ അഡ്വക്കേറ്റ് സിൻസി സാറാ വർഗീസും ഊരാക്കുടുക്കിൽ. വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 7.50 ലക്ഷം തട്ടിയെന്ന പരാതിയിൽ പൊലീസിന്റെ സഹായത്തോടെ ആദ്യം തലയൂരിയ സിൻസി കുവൈറ്റിലേക്ക് കടന്നിരുന്നു. എന്നാൽ, തട്ടിപ്പിന് ഇരയായ വീട്ടമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കേസിൽ കഴമ്പുണ്ടെന്നാണ് റിപ്പോർട്ട് നൽകിയത്. പാസ്പോർട്ടിന്റെ കാലാവധി തീർന്ന് കുവൈറ്റിൽ കുടുങ്ങി കിടക്കുന്ന സിൻസിക്കെതിരേ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

സിപിഎം നേതാക്കളുടെ സമ്മർദഫലമായി ആസൂത്രിതമായിട്ടാണ് സിൻസിക്കെതിരായ കേസ് അട്ടിമറിക്കപ്പെട്ടത്. ട്രസ്റ്റ് മുഖേനെ 20 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപിച്ച് പൊടിയാടി നെടുമ്പ്രത്ത് ഇല്ലത്ത് ഗീതാദേവി അന്തർജനമാണ് പരാതി നൽകിയത്. പുളിക്കീഴ് പൊലീസ് 1354/17 നമ്പരായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം അട്ടിമറിക്കുകയായിരുന്നു. തിരുവല്ല ബാറിൽ അഭിഭാഷകയായിരുന്ന കടപ്ര കറുകയിൽ തെക്കനാരിൽ വീട്ടിൽ സിൻസി സാറാ വർഗീസ്, തൊടുപുഴയിൽ അഭിഭാഷകനായ ഇടുക്കി പെരുവന്താനം ചുഴുപ്പിൽ വീട്ടിൽ മുഹമ്മദ് ഷിഫ എന്നിവരായിരുന്നു പ്രതികൾ.

പരാതിക്ക് ആധാരമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാട്ടി പുളിക്കീഴ് എസ്ഐയായിരുന്ന മോഹൻ ബാബു 2018 ൽ കോടതിയിൽ റഫറൽ റിപ്പോർട്ട് നൽകി. കോടതി കേസ് റദ്ദാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഗീതാദേവി അന്തർജനം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതോടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അഡ്വ. സിൻസിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. എന്നാൽ, കുറ്റകൃത്യം രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനിൽ പോലും നോട്ടീസ് പതിക്കാൻ പൊലീസ് തയാറായില്ല.

ഇതിനിടെ സിൻസി കുവൈറ്റിലേക്ക് കടന്നു. പാസ്പോർട്ടിന്റെ കാലാവധി തീർന്നതിനെ തുടർന്ന് അവിടെ നിന്ന് പുതുക്കാനൊരു ശ്രമവും ഇവർ നടത്തി. ഇതിന്റെ ഭാഗമായി തന്റെ പാസ്പോർട്ട് കളഞ്ഞു പോയെന്ന് കാട്ടി സമർപ്പിച്ച അപേക്ഷ പാസ്പോർട്ട് ഓഫീസർ തള്ളി. നിലവിൽ സിൻസിക്കെതിരേ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചു വർഷത്തെ കാലാവധിയാണ് നോട്ടീസിനുള്ളത്. ഇത്രയുമൊക്കെയായിട്ടും സിൻസിയെ തിരികെ കൊണ്ടു വരാൻ കേരളാ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് ഗീതാ അന്തർജനത്തിന്റെ പരാതി.

ജോ്യതിഷിയായ ഗീതയെ തന്റെ നാളിലെ ദോഷങ്ങൾ നോക്കുന്നതിനായി 2015 ലാണ് സിൻസി സമീപിച്ചത്. പിന്നീട് ഇവർ തമ്മിൽ സൗഹൃദമായി. ഭർത്താവ് മരണപ്പെട്ട ഗീതയ്ക്ക് മക്കളെ പഠിപ്പിക്കുന്നതിന് സാമ്പത്തികം ആവശ്യമായിരുന്നു. ഒരു ട്രസ്റ്റിൽ നിന്ന് 20 ലക്ഷം രൂപ താൻ വായ്പയെടുത്തു നൽകാമെന്ന് സിൻസി ഇവരെ അറിയിച്ചു. ഇതിന്റെ പ്രാരംഭ നടപടികൾക്കെന്ന പേരിൽ പല തവണയായി ഏഴര ലക്ഷം കൈപ്പറ്റി. ഒരു തവണ ഒഴികെ മുഴുവൻ തുകയും പണമായിട്ടാണ് വാങ്ങിയത്. സമാന രീതിൽ ആറു പേരെ ഇവർ പറ്റിച്ചു. ആദ്യം ഇവരും പരാതിയുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് പിന്മാറി. തന്റെ കൈയിൽ നിന്നും പണം വാങ്ങാൻ മുഹമ്മദ് ഷിഫയും ഉണ്ടായിരുന്നുവെന്ന് ഗീതാദേവി പറയുന്നു. സുകു എന്ന പേരിലാണ് സിൻസി ഇയാളെ പരിചയപ്പെടുത്തിയത്.

ലോൺ കിട്ടില്ലെന്നുറപ്പായപ്പോൾ ഗീത പണം തിരികെ ചോദിച്ചു. ഇതോടെ സിൻസി ഭീഷണി മുഴക്കി. നിനക്ക് പറ്റുമെങ്കിൽ വാങ്ങിക്കെടീ എന്നായിരുന്നു ഭീഷണി. തനിക്ക് പിന്നിൽ പാർട്ടിയുടെ പിന്തുണ ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു. പണം തട്ടിയെടുത്തതായി കാണിച്ച് ബാർ അസോസിയേഷനിൽ പരാതി നൽകിയെങ്കിലും അവർ ഗൗനിച്ചില്ല. സിൻസിയുടെ നിയമ ബിരുദം വ്യാജമാണെന്ന് പോലും സംശയമുണ്ടെന്ന് ഗീത പറയുന്നു. നാട്ടിലുള്ള മുഹമ്മദ് ഷിഫ അറസ്റ്റൊഴിവാക്കുന്നതിനായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. ഈ കേസിൽ കക്ഷി ചേരുമെന്ന് ഗീത അറിയിച്ചു.