തിരുവനന്തപുരം: കേരളത്തിലെ പ്രളയ മുന്നൊരുക്കങ്ങളുടെ വീഴ്ചകൾ അക്കമിട്ട് നിരത്തി സിഎജി റിപ്പോർട്ട്. ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം, 2008 പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിൽ ഇല്ലായിരുന്നെന്നും റിപ്പോർട്ട് വിമർശിക്കുന്നു. 'കേരളത്തിലെ പ്രളയങ്ങൾമുന്നൊരുക്കവും പ്രതിരോധവും' എന്ന റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ചിരിക്കുന്നത്.

വലിയ സ്‌കെയിലിലുള്ള ഫ്‌ളഡ് ഹസാർഡ് മാപ്പ് കേരളത്തിലില്ല. സംസ്ഥാനത്തെ ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഫ്‌ളഡ് സസെപ്റ്റിബിലിറ്റി മാപ്പ് കേന്ദ്ര ജല കമ്മിഷന്റെ പ്രളയ സാധ്യതാ പ്രദേശങ്ങൾക്കായുള്ള മാനദണ്ഡം അനുസരിച്ചല്ല. 32 റെയിൻ ഗേജുകൾ ആവശ്യമായ (നിലവിലുള്ള ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ച്) പെരിയാർ നദീതടത്തിൽ ഐഎംഡി സ്ഥാപിച്ച ആറു റെയിൻ ഗേജുകൾ മാത്രമേ മഴ അളക്കുന്നതിന് ഉണ്ടായിരുന്നുള്ളൂ.

മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തത്സമയ ഡേറ്റ ലഭ്യമാക്കാനുള്ള ഒരു പദ്ധതി, അഞ്ചു വർഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തത്സമയ ഡേറ്റ നൽകുന്നതിൽ പരാജയപ്പെട്ടു. അണക്കെട്ട് സൈറ്റുകളും, സർക്കാർ ഓഫിസുകളും ഉൾപ്പെടെ ചില മേഖലകളിലെ ആശയ വിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ 2018ലെ പ്രളയ സമയത്തോ അതിനു ശേഷമോ പ്രവർത്തനക്ഷമമായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റുകളും, സർക്കാർ ഓഫീസുകളും ഉൾപ്പെടെ അടിസ്ഥാന ആശയവിനിമയ അടിസ്ഥാന സൗകര്യം പോലും നടപ്പാക്കിയിട്ടില്ലെന്നും സിഎജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

2018 ലെ പ്രളയം നേരിടുന്നതിൽ മുന്നൊരുക്കത്തിലും പ്രതിരോധത്തിലും ഗുരുതര വീഴ്ചകൾ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് സിഎജി കണ്ടെത്തൽ.

2018 ലെ പ്രളയസമയത്തും ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫീസുകളിലെയും ആശയവിനിമയത്തിനുള്ള സൗകര്യങ്ങൾ കാര്യ ക്ഷമമായിരുന്നില്ല. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിന് റൂൾ കർവ് ഉണ്ടായിരുന്നില്ല.1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തില്ലെന്നും സി എ ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാൻ ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള ഡൈവേർഷൻ കനാൽ ഉറപ്പാക്കിയില്ല. കമ്മീഷൻ ചെയ്ത് 20 വർഷം കഴിയുമ്പോഴും പ്രദേശത്ത് ഗുരുതരമായ പ്രളയം ഉണ്ടായിട്ടും ജലസേചന, റെവന്യു, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ വകുപ്പുകളൊ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രദേശങ്ങളിലെ ഹൈഡ്രോളജി നിലനിർത്താനായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിങ് ലക്ഷ്യം കണ്ടില്ല.സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. ഇത് 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായി. 2018 ലെ പ്രളയ ശേഷം 7124 നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കഴിഞ്ഞ ഏപ്രിൽ മാസം വരെ 18 ശതമാനം നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ട് വിമർശിക്കുന്നു.

റിസർവോയർ പ്രവർത്തന മാർഗ്ഗരേഖകളനുസരിച്ച് അഞ്ച് വർഷത്തിലൊരിക്കലെങ്കിലും റിസർവോയറുകളുടെ സംഭരണ ശേഷി സർവ്വെ നടത്തേണ്ടതുണ്ടെങ്കിലും കെ.എസ്.ഇ.ബി.എൽ റിസർവോയറുകളിലൊന്നിലുംസംഭരണശേഷി സർവ്വേകളോ സെഡിമെന്റേഷൻ പഠനങ്ങളോ 2011 നും 2019 ഓഗസ്റ്റിനും (ഓഡിറ്റ് നടത്തിയ മാസം) ഇടയിൽ നടത്തിയിട്ടില്ല. എന്നാൽ 2020-ൽ ഏഴ് സെഡിമെന്റേഷൻ പഠനങ്ങൾ നടത്തി.

ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസർവോയറുകളിലെ സിൽസ്റ്റേഷൻ പഠനങ്ങൾ വെളിപ്പെടുത്തിയത് ഗണ്യമായ തോതിലുള്ള ഏക്കൽ മണ്ണ് അരുവിക്ക റിസർവോയർ (43 ശതമാനം), മംഗലം റിസർവോയർ (2198 ശതമാനം) പേപ്പാറ റിസർവോയർ (21.70 ശതമാനം) അടിഞ്ഞിരുന്നു എന്നാണ്. ഏക്കൽ മണ്ണ് നീക്ക ചെയ്യാനുള്ള പ്രവർത്തനങ്ങൾ മംഗലം റിസർവോയറിൽ 2020 ഡിസംബറിൽ തുടങ്ങ മറ്റുള്ളവയിൽ ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

പരിശോധന നടത്തിയ ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയിലും ഉൾപ്പെടെ പെരിയാർ തടത്തിൽ മുഴുവൻ ഭൂവിനിയോഗ ഭൂആവരണ വിശകലനം ചെയ്തു. ഇതിൽ 1985- 2015 ൽ നിർമ്മിതി വിസ്തൃതി 450 ശതമാനം വർദ്ധിച്ചു. എന്നാൽ ജലാശയങ്ങൾ 17 ശതമാനം കുറഞ്ഞെന്നും സിഎജി കണ്ടെത്തി.

സംസ്ഥാനത്തെ പ്രളയ സമതലങ്ങൾ വേർതിരിച്ച് പ്രളയ മേഖല തിരിക്കാനുള്ള നിയമ നിർമ്മാണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തെക്കാൾ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വായ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ട സാഹചര്യമാണ് കേരളത്തിനുള്ളത്.

റവന്യു വരുമാനത്തിന്റെ 21 ശതമാനവും നിലവിൽ വായ്‌പ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ടി വരുന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. റവന്യൂ വരുമാനം കൂടിയെങ്കിലും നികുതി വരുമാനത്തിൽ വളർച്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.