മല്ലപ്പള്ളി: വർക്ഷോപ്പിൽ പണിക്കായി കൊണ്ടിട്ടിരുന്ന കാർ കൗമാരക്കാരുടെ സംഘം മോഷ്ടിച്ചു. പോകുന്ന വഴിയിൽ വാഹന പരിശോധന നടത്തുന്ന പൊലീസിനെ കണ്ട് ഒരാൾ ഇറങ്ങിയോടി. ശേഷിച്ച രണ്ടു പേരെ ചോദ്യം ചെയ്തപ്പോൾ അഴിഞ്ഞത് മോഷണത്തിന്റെ കഥയുടെ ചുരുൾ. നെടുമങ്ങാട് മഞ്ച പത്താംകല്ല് ശിവദീപം വീട്ടിൽ നിന്നും കഴക്കൂട്ടം പുല്ലാട്ടകരിയിൽ വാടകയ്ക്ക് താമസിക്കുന്ന അനന്തൻ ശിവകുമാർ (19), നെയ്യാറ്റിൻകര ധനുവച്ചപുരം കൊല്ലയിൽ കൊറ്റാമം ഷാഹിന മൻസിലിൽ ഹാഷിദ് (19) എന്നിവരാണ് മാരനല്ലൂരിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. ഇവർക്കൊപ്പം മോഷണത്തിനുണ്ടായിരുന്ന കൊല്ലം സ്വദേശി ഷാൻ ഓടി രക്ഷപ്പെട്ടു.

മല്ലപ്പള്ളി ടൗണിലെ രതീഷ് മോട്ടോർ വർക്സിൽ കഴിഞ്ഞ 23 ന് പണിക്കായി കൊണ്ടു വന്നിട്ട കാറാണ് 24 ന് രാത്രി പ്രതികൾ മോഷ്ടിച്ചത്. വാഹനവുമായി പോകുന്നതിനിടെയാണ് മാരനല്ലൂരിൽ വച്ച് പൊലീസ് കൈ കാണിച്ചപ്പോൾ ഷാൻ ഇറങ്ങിയോടുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മല്ലപ്പള്ളിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പറഞ്ഞത്.

വിവരം ലഭിച്ച തിരുവല്ല ഡിവൈ.എസ്‌പി ടി രാജപ്പൻ റാവുത്തറുടെ നിർദേശാനുസരണം കീഴ്‌വായ്പൂർ എസ്എച്ച്ഓ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ മാരനല്ലൂരിൽ എത്തി പ്രതികളെയും വാഹനവും കസ്റ്റഡിയിൽ എടുത്തു. അനന്തൻ പിടിച്ചു പറിയും പത്തോളം വാഹനമോഷണവും അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ മധു, എഎസ്ഐമാരായ ശിവപ്രസാദ്, അജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.