ഒറ്റപ്പാലം: സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടി പതിനാല് ലക്ഷം രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിച്ച് തൃശൂർ തിരുവില്വാമല സ്വദേശി നൽകിയ പരാതിയിൽ നടൻ ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവർക്കെതിരെ കേസ്. താരദമ്പതികൾക്കെതിരെ തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.

കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നും പണവും ലാഭവിഹിതവും നൽകിയില്ലെന്നുമാണ് പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നു പരാതിയിൽ ആരോപിക്കുന്നു.

വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

എസ്‌പിയുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. 2017 ൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് വഴി നൽകിയെന്ന് പരാതിയിൽ പറയുന്നു

ഇതിന് മുൻപും ബാബുരാജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി കബളിപ്പിച്ചെന്നായിരുന്നു കേസ്. കയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാൻ ആവശ്യപ്പെട്ട റിസോർട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നൽകിയതെന്നായിരുന്നു പരാതിക്കാരനായ അരുൺ ആരോപിച്ചത്.