കൊച്ചി: എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ കൊല്ലം സിജെഎം കോടതിയിൽ ഹാജരാകാതിരിക്കാൻ വേണ്ടിയുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങൾക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.

തനിക്ക് 84 വയസുണ്ടെന്നും കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ഹരിപാൽ തള്ളിയത്. ഇളവ് അനുവദിക്കുന്നതിനായി പരാതിക്കാരൻ വിചാരണ കോടതിയെ തന്നെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിചാരണക്കോടതി ജഡ്ജിയാണ് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് വിടുതൽ നൽകേണ്ടത്.

ഇതോടെ കോടതി നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. ആദ്യപടിയെന്ന നിലയിൽ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. തിങ്കളാഴ്ചയാണ് വെള്ളാപ്പള്ളി കോടതിയിൽ ഹാജരാകേണ്ടത്. ജൂബിലി ഫണ്ട് തട്ടിപ്പിൽ കോടതിയിൽ ഒരിക്കൽ പോലും ഹാജരാകാതിരിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. അത് തന്റെ ഇമേജിന് കോട്ടം തട്ടുന്ന കാര്യമായതിനാൽ പല വഴികളും നോക്കിയിരുന്നു.

ആദ്യം കേസിലുൾപ്പെട്ട ദീപു എന്ന ജീവനക്കാരനെ കൊണ്ട് എഡിജിപിക്ക് പരാതി നൽകിയിരുന്നു. തന്റെ മൊഴി ക്രൈംബ്രാഞ്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും താൻ പറഞ്ഞതല്ല എഴുതിയതെന്നും അതിനാൽ വീണ്ടും മൊഴിയെടുക്കണമെന്നുമായിരുന്നു ആവശ്യം. പിന്നീട് ഇതേ പരാതി വെള്ളാപ്പള്ളിയും നൽകി. ദീപുവിന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്നും വീണ്ടും അയാളുടെ മൊഴി എടുക്കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും തള്ളിയത്. ഇതോടെ വെള്ളാപ്പള്ളി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരും. പിന്നെ ഹർജി നൽകിയാൽ തുടർ നടപടി ക്രമങ്ങളിൽ ഹാജരാകുന്നതിൽ നിന്നൊഴിവാക്കും.