തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റും എൻഐഎയും മന്ത്രി ജലീലിന്റെ മൊഴികൾ ഇഴകീറി പരിശോധിക്കുമ്പോൾ സിപിഎമ്മിൽ ആശങ്ക ശക്തമാവുകയാണ്. പുറമെയ്‌ക്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അങ്കലാപ്പ് പാർട്ടിയിൽ പ്രകടമാണ്. മന്ത്രിയെ സംശയ സ്ഥാനത്ത് നിർത്തിയുള്ള അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യൽ കഴിഞ്ഞിട്ടില്ല. ഇഡി പറയുന്നത് മന്ത്രിയെ വീണ്ടും വിളിപ്പിക്കും എന്നാണ്. എൻഐഎ ആണെങ്കിൽ ഇന്നലത്തെ ചോദ്യം ചെയ്യലിൽ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ഇതിനൊക്കെ പുറമേ കസ്റ്റംസ് മന്ത്രിക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിനാണ് കേസ്. ഇതിന്റെ ഭാഗമായി കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്. .

അതുകൊണ്ട് തന്നെ ജലീൽ പറയുന്നത് ശരിയാണോ എന്നറിയാൻ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഏജൻസികൾ. സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ 22ന് കോടതിയിൽ ഹാജരാക്കുന്നുണ്ട്. ഇതിനു ശേഷം സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ പരിപാടി. സ്വപ്ന ഈ മൊഴിയിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞാൽ അത് മന്ത്രിക്ക് എതിരെയുള്ള പ്രത്യക്ഷ തെളിവുകൾ ആയി മാറും. സ്വർണ്ണക്കടത്തും യുഎഇ കോൺസുലെറ്റുമായുള്ള ബന്ധവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൊഴിയുടെ വിശദാംശങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വെളിയിൽ വരുന്ന വിവരങ്ങൾ ജലീലിന്റെ മൊഴികളിൽ പൊരുത്തക്കെടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്.

ഒരു വിദേശരാജ്യത്തിൽ നിന്ന് സഹായം സ്വീകരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല, ചട്ടം ലംഘിച്ച് ഖുറാൻ കൈപ്പറ്റിയതിന് ശേഷവും അക്കാര്യം കേന്ദ്രത്തെ അറിയിക്കാത്തത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ജലീൽ പറയുന്നത് ശരിയാണോ എന്നറിയാനാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നത്. അതോടൊപ്പം തന്നെ ലൈ ഡിറ്റക്ഷൻ-പോളിഗ്രാഫ് ടെസ്റ്റിന്റെ സാധ്യതകളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ മൊഴികൾ പരിശോധിക്കാൻ വേണ്ടിയാണ് ഇതിനുള്ള സാധ്യതകൾ അന്വേഷണ സംഘം ആരായുന്നത്. കോൺസുലേറ്റിൽ നിന്ന് ഖുർആൻ കൈപ്പറ്റിയതിലും സ്വപ്ന സുരേഷുമായുള്ള പരിചയം സംബന്ധിച്ചും കൂടുതൽ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം ജലീൽ പറയുന്ന മൊഴികൾ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്. ഇതിനാണ് ശാസ്ത്രീയമായ രീതിയിലുള്ള മാർഗ്ഗങ്ങൾ അവലംബിച്ചുള്ള ചോദ്യം ചെയ്യലിന്റെ സാധ്യതകൾ തേടുന്നത്.

ശാസ്ത്രീയമായ അന്വേഷണ രീതിയാണ് എൻഐഎ അനുവർത്തിക്കാറുള്ളത്. ഈ അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് നാർക്കോ അനാലിസിസ്, നുണ പരിശോധന, പോളിഗ്രാഫ് ടെസ്റ്റുകൾ. നാർക്കോ അനാലിസിസിന് സുപ്രീം കോടതി അങ്ങനെ അനുമതി നൽകാറില്ല. നാർക്കോ രീതി അവലംബിക്കുമ്പോൾ കോൺഷ്യസ് മൈൻഡ് ആ സമയത്ത് അപ്രത്യക്ഷമാകും. അറിയാതെ സത്യം പറഞ്ഞുപോകും. മയക്കുമരുന്ന് ചെറിയ തോതിൽ ശരീരത്തിൽ കുത്തിവെച്ച് കാര്യങ്ങൾ അറിയുന്ന രീതിയാണിത്. ലൈ ഡിറ്റക്ഷൻ-പൊളിഗ്രാഫ് ടെസ്റ്റ് നടത്തുമ്പോഴും പറയുന്നത് കളവാണോ എന്ന് അറിയാൻ കഴിയും. ഈ രീതികൾ പിന്തുടരുമ്പോൾ സത്യം പറയാതിരിക്കാൻ കഴിയും. പക്ഷെ പറയുന്നത് സത്യം അല്ലെന്നു തിരിച്ചറിയാൻ ഈ സമയത്ത് കഴിയും. കള്ളം പറയുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ സ്‌ക്രീൻ വഴി നിരീക്ഷിക്കാൻ കഴിയും. പക്ഷെ നിയമം പറയുന്നത് ഇങ്ങനെ കാര്യങ്ങൾ മുന്നിൽ വരുമ്പോൾ അത് തെളിയിക്കാൻ അതിനു ആനുപാതികമായ തെളിവുകൾ കളക്റ്റ് ചെയ്യണം എന്നാണ്. എന്നാൽ മാത്രമേ ഇത് കോടതി തെളിവായി സ്വീകരിക്കുകയുള്ളൂ. മന്ത്രിയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ദൃശ്യമായതിനാലാണ് ഇത്തരം രീതികളുടെ സാധ്യതകൾ അന്വേഷിക്കുന്നത്.ഇനി മന്ത്രിയെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് ആണ്. എൻഐഎക്കാളും കസ്റ്റംസിന് ആണ് പോളിഗ്രാഫ്-ലൈ ഡിറ്റക്ഷൻ രീതികൾ കൂടുതൽ സഹായകരം.

കസ്റ്റംസ് കേസുകൾ വ്യത്യസ്തമാണ്. ധാരാളം ലൂപ് ഹോൾസ് ഉള്ള കേസുകൾ ആണ് കസ്റ്റംസിന് വരുന്നത്. കള്ളക്കടത്ത് സ്വർണം പുറത്ത് വന്നാൽ അതുടൻ കൈമറിഞ്ഞ് പോകും. കരിയറിന്റെ നോട്ടു ബുക്ക് കിട്ടിയാൽ അതിൽ സ്വർണത്തിന്റെ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. സ്വർണത്തിന്റെ കണക്ക് അല്ല ഫ്രോസൺ പൊറോട്ടയുടെ കണക്ക് ആണ് രേഖപ്പെടുത്തിയത് എന്നുവരെ കോടതിയിൽ പ്രതികൾ വാദിക്കും. കോടതിയാണെങ്കിൽ പരിഗണിക്കുക കസ്റ്റംസ് നിയമങ്ങൾ അല്ല സിആർപിസി പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്ന ലേബലിൽ ആകും. കസ്റ്റംസ് കേസിൽ സിആർപിസി വകുപ്പ് പ്രകാരം പരിഗണിക്കുമ്പോൾ പ്രതികൾക്ക് രക്ഷപ്പെടാൻ ഒരുപാട് പഴുതുകൾ നിലനിൽക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിലും ജാമ്യം നൽകാതെ വേണമെങ്കിൽ കോടതിയിക്ക് പ്രതിയെ തടങ്കലിൽ വെയ്ക്കാം. പക്ഷെ സിആർപിസി ഫോളോ ചെയ്യുകയാണെങ്കിൽ ജാമ്യം നൽകേണ്ടി വരും. ഇത് കസ്റ്റംസ് കേസ് ആണെന്ന രീതിയിൽ ജഡ്ജിമാർ നീങ്ങിയാൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ല.

കസ്റ്റംസ് കേസുകളിൽ നിലവിലെ കേസ് അല്ലാതെ ഇതേ കരിയർമാർ കടത്തിയ മുൻ സ്വർണ്ണക്കടത്തുകൾ തെളിയിക്കാൻ സാധിക്കാറില്ല. തെളിവുകളുടെ അഭാവം തന്നെയാണ് പ്രശ്‌നമാകുന്നത്. അതുകൊണ്ട് തന്നെ കസ്റ്റംസിന്റെ മുന്നിലുള്ള മൊഴിക്ക് പ്രാധാന്യമുണ്ടു. ആ മൊഴി കോടതി സ്വീകരിക്കണം എന്നാണ് നിയമം. .ഖുറാൻ വന്നപ്പോൾ അതിനൊപ്പം സ്വർണമോ പണമോ ഒന്നും വന്നില്ലാ എന്ന് ലൈ-ഡിററക്ഷൻ-പൊളിഗ്രാഫ് ടെസ്റ്റിൽ മന്ത്രി പറയുകയാണെങ്കിൽ ആ സമയത്തെ ശാരീരിക നില അനുസരിച്ച് മന്ത്രി പറയുന്നത് കളവാണോ സത്യമാണോ എന്ന് ഉറപ്പിക്കാൻ കസ്റ്റംസിന് കഴിയും. ഇത് കോടതിയിൽ തെളിവായി അവർക്ക് സമർപ്പിക്കുകയും ചെയ്യാം. പക്ഷെ അതിനു അനുബന്ധമായ സപ്പോർട്ടിങ് തെളിവുകൾ കൂടി ഹാജരാക്കേണ്ടിവരും. എൻഐഎ ഒപ്പം ഉള്ളതിനാൽ കസ്റ്റംസിന് അത് പ്രയാസവും കാണില്ല. ഇതും സ്വർണ്ണക്കടത്ത് കേസിൽ പ്രധാന തെളിവാകും. അതേസമയം ലൈഡിറ്റക്ഷൻ ടെസ്റ്റിൽ മന്ത്രി പറയുന്നത് ശരിയാണെന്ന് തെളിഞ്ഞാൽ അത് മന്ത്രിക്ക് നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള ഒരു നല്ല അവസരം കൂടിയാകും. കേസിൽ നിന്ന് ഊരിപ്പോരാനുള്ള ഒരു വഴിയുമാകും.