കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദർശനത്തിനിടെ അവിടേക്ക് ഒരു ബാഗ് നിറയെ ഡോളർ കടത്തിയെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിലെ തുടരന്വേഷണത്തിന് സാധ്യത തേടുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷ് ഇതുവരെ പറയാതിരുന്ന കാര്യം വെളിപ്പെടുത്തി രംഗത്തുവന്നതിന് പിന്നിൽ സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നത് ആർഎസ്എസിനെയും കേന്ദ്ര ഏജൻസികളെയുമാണ്. ഇ. ഡിയുടെ ഇടപെടൽ ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിലുണ്ടെന്ന സൂചനകളുമുണ്ട്.

അതേസമയം സ്വപ്‌നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങൾ മുഖ്യമന്ത്രിക്കെതിരെ ആയതിനാൽ ഇതിൽ ഇഡി വിവരങ്ങൾ ശേഖരിക്കും. തുടരന്വേഷണത്തിലേക്ക് കടന്നാൽ അത് കേരളത്തിലെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. ഡോളർ അടങ്ങിയ ആ ബാഗ് മുഖ്യമന്ത്രിയുടെ പക്കൽ എത്തി എന്നാണ് താൻ കരുതുന്നത് എന്നാണ് സ്വപ്‌ന സുരേഷ് ഇന്ന് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഇതോടെ ഡോളർ പോയ വഴിയിലാകും ഇഡി അന്വേഷണം.

ദുബായിൽ നിന്നും ഈ ഡോളർ ബാഗ് മസ്‌ക്കറ്റിൽ എത്തിച്ചുവെന്നും സ്വപ്ന മൊഴി നൽകിയതായും സൂചനകളുണ്ട്. മസ്‌ക്കറ്റിൽ പണം എത്തിയോ ഇതിൽ ഉന്നത ഇടപെടൽ ഉണ്ടോ ന്ന വിധത്തിലുമാകും അന്വേഷണം നീളുക. കേസിൽ എന്തെങ്കിലും നീക്കം ഉണ്ടാകണമെങ്കിൽ തെളിവുകൾ വേണം. അത് എത്രത്തോളമുണ്ട് എന്ന കാര്യം വഴിയേ മാത്രമേ അറിയുകയുള്ളൂ.

ഡോളർ കടത്തിലെ ഉന്നതരെത്തേടിയുള്ള ഇഡിയുടെ അടുത്തനീക്കങ്ങൾ ഏറെ കോളിളക്കമുണ്ടാക്കാനും സാധ്യതയുണ്ട്. ഇ.ഡി അന്വേഷിക്കുന്നത് ഈ കാര്യങ്ങളാണ് 1) കടത്തിയത് ആരുടെയൊക്കെ പണം, 2)പണത്തിന്റെ സ്രോതസ് എന്താണ്, 3)ഇത്രയധികം പണം എങ്ങനെ ഡോളറാക്കി, 4)വിദേശത്ത് ആർക്കൊക്കെ പണം കൈമാറി, 5)ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു, 6)വിദേശത്ത് എന്തൊക്കെ സംരംഭങ്ങളുണ്ടാക്കി. ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതോടെ വമ്പന്മാർ അകത്താവുമെന്നാണ് ഇ.ഡി പറയുന്നത്.

ദുബായിലേക്ക് അനധികൃതമായി മുഖ്യമന്ത്രി കറൻസി കടത്തിയതായി തെളിവുകൾ കണ്ടെത്തിയാൽ ഇ.ഡിക്ക് അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനാവുമെന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ ഏറെ നിർണായകമാവുക. ചട്ടപ്രകാരം രണ്ടായിരം മുതൽ അയ്യായിരം ഡോളർ വരെയേ മാറ്റിയെടുക്കാനാവൂ. ഡോളർ കടത്ത് കസ്റ്റംസ് ആക്ട് 113 പ്രകാരം ഗുരുതരകുറ്റമാണ്. അനധികൃത ഡോളർ ഇടപാടിന് റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവും മുഖ്യമന്ത്രി നേരിടേണ്ടി വരും.

കള്ളപ്പണം ഡോളറാക്കി ഗൾഫിലേക്ക് കടത്തി അവിടെ ബിസിനസ് സംരംഭങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും മുടക്കിയതായുള്ള സംശയങ്ങളും ഇ.ഡിക്കുണ്ട്. ഇങ്ങനെ നിക്ഷേപമുള്ള രാഷ്ട്രീയ പ്രമുഖരുൾപ്പെടെ ഉന്നതരുടെ വിവരങ്ങൾ ശേഖരിച്ച ഇ.ഡി, അവരെ ചോദ്യംചെയ്യാൻ നടപടി തുടങ്ങുകയാണ്.

മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനും പ്രതിയാക്കാനും കസ്റ്റംസിനും ഇ.ഡിക്കും നിയമതടസവുമില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനൽ കേസുകളിൽ ഇത് ബാധകമല്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രപതിക്കും ഗവർണർമാർക്കും മാത്രമാണ് സിവിൽ, ക്രിമിനൽ കേസുകളിൽ നിന്ന് പ്രത്യേക പരിരക്ഷയുള്ളത്. ഇവർക്കെതിരെ അറസ്റ്റോ പ്രോസിക്യൂഷനോ പാടില്ല.