പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ ബോർഡുകളിലും കോർപ്പറേഷനുകളിലും മെമ്പറാക്കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുട നീളം വ്യാപക തട്ടിപ്പ് അരങ്ങേറുന്നു. ഇടനിലക്കാർ ആവശ്യപ്പെട്ട ലക്ഷങ്ങൾ നൽകിയിട്ടും അംഗത്വം കിട്ടാതെ വന്നവർ പരാതി നൽകുമെന്നായപ്പോൾ പകുതി പണം തിരികെ നൽകി തടിയൂരാൻ ശ്രമം. സുരേഷ് ഗോപി, സുഭാഷ്വാസു എന്നിവരുടെ പേര് തട്ടിപ്പിനായി ഉപയോഗിക്കുന്നു. ആർഎസ്എസ്-ബിജെപി നേതാക്കളുടെ അറിവോടെ നടക്കുന്ന തട്ടിപ്പിന് പിന്നിൽ ഫിലിം സെൻസർ ബോർഡിലെയും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും ഓരോ അംഗങ്ങളുടെ പേരും ഉയർന്നു വരുന്നു.

എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവർ വിശ്വാസ്യത വരുത്തുന്നതിനായി സുരേഷ് ഗോപി എംപി, അദ്ദേഹത്തിന്റെ പിഎ എന്നിവരുടെ പേരാണ് പറയുന്നത്. സുരേഷ് ഗോപിക്ക് ഇക്കാര്യത്തിൽ മനസറിവില്ലെന്നും പിഎയ്ക്ക് ഉണ്ടായിരിക്കാമെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു. പത്തനംതിട്ട ജില്ലയിൽ രണ്ടു പേർക്ക് പണം നഷ്ടമായി. ഇവരെ ഇടനിലക്കാർക്ക് പരിചയപ്പെടുത്തിയത് ആർഎസ്എസിന്റെ രണ്ടു നേതാക്കളും ബിജെപിയുടെ ജില്ലാ നേതാവുമാണ്. പത്തനംതിട്ട, അടൂർ സ്വദേശികളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇവരിൽ ഒരാളിൽ നിന്ന് 27 ലക്ഷവും രണ്ടാമത്തെയാളിൽ നിന്ന് 20 ലക്ഷവുമാണ് വാങ്ങിയിട്ടുള്ളത്. ആർഎസ്എസിന്റെ ജില്ലയിലെ പ്രമുഖ നേതാവും അടൂർ താലൂക്കിലെ നേതാവുമാണ് പണം കൈപ്പറ്റിയത്.

ബിഡിജെഎസ് നേതാവായിരുന്ന സുഭാഷ് വാസുവിന്റെ പേരും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് പത്തനംതിട്ടക്കാരിൽ നിന്ന് പണം വാങ്ങിയത്. വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ലഭിക്കാതെ വന്നപ്പോൾ കുറച്ചു പണം മടക്കി നൽകി. 27 ലക്ഷം കൊടുത്തയാൾക്ക് 15 ലക്ഷവും 20 കൊടുത്തയാൾക്ക് 12.50 ലക്ഷവുമാണ് മടക്കി നൽകിയത്. ഇവർക്ക് വിശ്വാസം വരാൻ തങ്ങൾ മുഖേനെ ബോർഡ്-കോർപ്പറേഷനുകളിൽ അംഗത്വം ലഭിച്ചവരുടേതെന്ന പേരിൽ ഇവർ കൊടുത്ത പട്ടികയുടെ പകർപ്പ് മറുനാടന് ലഭിച്ചു.

സുരേഷ് ഗോപിയുമായി ഏറ്റവും അടുത്തു നിൽക്കുന്നയാളാണ് തട്ടിപ്പിന്റെ സൂത്രധാരൻ എന്നാണ് പണം നഷ്ടമായവർ ഉന്നയിക്കുന്ന ആരോപണം. ഈ വിവരം സുരേഷ്ഗോപി അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുന്നുവെന്ന് ഒരു ആക്ഷേപവും പണം പോയവർക്കുണ്ട്. കേന്ദ്രത്തിൽ സുരേഷ് ഗോപിക്കും സുഭാഷ് വാസുവിനുമുള്ള പിടിപാട് വിശദീകരിച്ചാണ് പണം വാങ്ങിയത്. കിട്ടാനുള്ള പണത്തിനായി പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവർ.

സംസ്ഥാനത്ത് ഉടനീളം മറ്റ് ചിലരും തട്ടിപ്പിന് വിധേയരായിട്ടുണ്ട്. പുറത്തു പറയാനും കേസിന് പോകാനുമുള്ള മടി കൊണ്ട് അവർ മിണ്ടാതിരിക്കുകയാണ്. കേരളത്തിലുട നീളം ഈ തട്ടിപ്പിന് റാക്കറ്റിന് കണ്ണികളുണ്ടെന്നാണ് സൂചന. ബോർഡ് കോർപ്പറേഷൻ പ്രാതിനിധ്യം മാത്രമല്ല, മറ്റു രീതിയിലുള്ള തട്ടിപ്പും അരങ്ങേറുന്നുണ്ട്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 30 ലക്ഷം തട്ടിയെന്ന ജ്യോത്സ്യന്റെ പരാതിയിൽ ആറന്മുള പൊലീസ് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അടക്കമുള്ളവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത് രണ്ടു മാസം മുൻപാണ്. ഒടുവിൽ പണം തിരികെ നൽകി അത് ഒത്തു തീർപ്പാവുകയായിരുന്നു.

പണം തിരികെ ചോദിക്കുന്നവരെ ആദ്യം ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവർ വഴങ്ങുന്നില്ലെന്ന് കണ്ടാൽ പണം തിരികെ കൊടുക്കാമെന്ന് പറയും. കുറച്ചു പണം മാത്രമാകും നൽകുക. പിന്നീട് ബന്ധപ്പെട്ടാൽ ഇവർ ഫോൺ എടുക്കാറുമില്ല. തിരുവല്ല, ചങ്ങനാശേരി ഭാഗങ്ങളിൽ നിന്ന് 50 ലക്ഷം വീതം വാങ്ങി രണ്ടു പേർക്ക് ബോർഡ് മെമ്പർ സ്ഥാനം നൽകിയിട്ടുള്ളതായും അറിയുന്നു.