ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്നത. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മുഖ്യശത്രു കോവിഡ് തന്നെയാണ്. ഇനി നടക്കില്ലെന്ന് കരുതിയ ഉപതിരഞ്ഞെടുപ്പ് നടക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൻ തീരുമാനിക്കുമ്പോൾ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉയരുന്നത്. കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുകൾ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിന്റ അമ്പരപ്പിലാണ് മുന്നണികൾ ഉള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടും എന്നതാണ് രാഷ്ട്രീയ പാർട്ടികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

തെരഞ്ഞെടുപ്പിന നേരിടാൻ ഒരുക്കമാണന്ന് ഇടതുവലതുമുന്നണികൾ പറയുമ്പോൾ ഒഴിവാക്കണമെന്നായിരുന്നു ബിജെപിയുടെ നിലപാട്. തിരഞ്ഞെടുപ്പിനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയും വ്യക്തമാക്കുന്നു. സർക്കാരിന്റ കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ളതിനാലും കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നായിരുന്നു പൊതുവിലയിരുത്തൽ. എന്നാൽ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം രണ്ടിടത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും വെട്ടിലായി.

ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടപ്പുകൾ തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ എപ്പോൾ പ്രഖ്യാപിച്ചാലും ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്നും രണ്ടിടത്തും അനുകൂല്യസാഹചര്യമാണന്നും യു.ഡി.എഫ്. രണ്ട് സിറ്റിങ് സീറ്റുകളും നിലനിർത്താമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫും തിരഞ്ഞെടുപ്പിനെ എതിർക്കുന്നില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലെതെന്നാണ് ബിജെപിയുടെ നിലപാട് തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഒരേ സമയം രണ്ട് തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങേണ്ട അവസ്ഥയിലാണ് മുന്നണികൾ. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും ചവറയിൽ എൻ.വിജയൻപിള്ളയും മരിച്ച ഒഴിവിലാണ് വീണ്ടും വോട്ടെടുപ്പ്.

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ സഖ്യകക്ഷിയായ എൻ.സി.പിയുടെ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് ഉറപ്പാണ്. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ആണ് നിയമസഭാ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എത്തുക എന്നാണ് ലഭിക്കുന്ന സൂചന. തോമസ് കെ. തോമസ് തന്നെയാണ് സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ഏകദേശ ധാരണ മുന്നണിയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തോമസ് കെ. തോമസ് കുട്ടനാട്ടിൽ മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കുട്ടനാട്ടിൽ തോമസിനെ സ്ഥാനാർത്ഥി ആക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി, എൻ.സി.പി നേതാക്കൾ, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവർക്ക് കത്തയച്ചിരുന്നു.തോമസിനെ എൻ.സി.പി ടിക്കറ്റിൽ മത്സരിപ്പിക്കാനാണ് താത്പര്യമെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തോമസ് പിൻഗാമിയാകണമെന്ന് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്ടിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണായമാകും പ്രശ്‌നത്തിന് ഇടയാക്കുക. ജോസ് കെ മാണിയും ജോസഫും ഈ സീറ്റിനായി നേരത്തെ കൊമ്പു കോർത്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമോ എന്നതും അറിയേണ്ട കാര്യമാണ്.

അതേസമയം ചവറയിൽ യുഡിഎഫിനായി ആർഎസ്‌പിയിലെ ഷിബു ബേബി ജോൺ തന്നെയാകും കളത്തിലിറങ്ങുക. ഇവിടെ ഷിബു മത്സരിച്ചാൽ വിജയിക്കാമെന്ന് യുഡിഎഫ് കരുതുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ചവറയിലെ ഇടതു സ്ഥാനാർത്ഥി സിപിഎമ്മിൽ നിന്നു തന്നെ ആകാനും സാധ്യതയുണ്ട്. എന്നാൽ, സിഎംപിയുടെ സിറ്റിങ് സീറ്റായാതിനാൽ അവർ സീറ്റിനായി അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്. രണ്ട് സീറ്റിലും ഇടതു മുന്നണി വിജയം പ്രതീക്ഷിക്കുമ്പോൾ അടുത്ത വർഷം നനടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാറിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കാനുള്ള അവസരമായാണ് ഉപതിരഞ്ഞെടുപ്പിനെ യുഡിഎഫ് കാണുന്നത്. അതേസമയം എൻഡിഎയിൽ കുട്ടനാട് സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയാകും മത്സരിക്കുക. ഇവിടെ മുമ്പ് മത്സരിച്ച സുഭാഷ് വാസു മികച്ച മത്സരം കാഴ്‌ച്ചവെച്ചിരുന്നു. ഇക്കുറി അദ്ദേഹം ബിഡിജെഎസിൽ ഇല്ലെന്നതാണ് പ്രത്യേകത. ചവറയിൽ ബിജെപി സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ യാതൊരു ആലോചനയും ഉണ്ടായിട്ടില്ല.

അതേസമയം എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും മുഖ്യശത്രു കോവിഡാകും എന്നതു തന്നെയാണ് തെരഞ്ഞെടുപ്പിന്റെ പ്രധാന വെല്ലുവിളി. ഉപതെരഞ്ഞെടുപ്പുകൾ കർശന നിയന്ത്രണങ്ങളോട് കൂടി പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചിരിക്കുന്നത്. ഇതിനായി കൂടുതൽ സജ്ജീകരണങ്ങളൊരുക്കും. 1000 വോട്ടർമാരെ മാത്രമാകും ഒരു പോളിങ് ബൂത്തിൽ അനുവദിക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പൊതുയോഗങ്ങളിൽ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകളെ മാത്രമേ അനുവദിക്കൂ.

അഞ്ച് പേരിൽ കൂടുതൽ പേർ ഭവനസന്ദർശനത്തിന് ഇറങ്ങാൻ പാടില്ല. കോവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് സംവിധാനം ഒരുക്കും. വയോധികർക്കായി പ്രത്യേക ക്യൂ സജ്ജീകരിക്കും. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനും ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷത്തിൽ കൂടുതൽ ബാക്കിയുള്ളപ്പോഴാണ് ചവറയിലും കുട്ടനാട്ടിലും ഒഴിവ് വന്നത്. ഭരണഘടനാപരമായി ഇത് നികത്താനുള്ള ബാധ്യത കമ്മീഷനുണ്ട്. എന്നാൽ കോവിഡ് സാഹര്യവും നിയമസഭയ്ക്ക് 8 മാസം കാലാവധി മാത്രം ബാക്കിയുള്ളതും ചൂണ്ടിക്കാട്ടി കേരളം ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മുഖ്യ ഓഫീസറുടെയും നിലപാട് തള്ളിയാണ് ഇന്നു ചേർന്ന സമ്പൂർണ്ണ കമ്മീഷൻ യോഗം തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

64 നിയമസഭാ മണ്ഡലങ്ങളിലും നാഗർകോവിൽ പാർലമെന്റ് മണ്ഡലത്തിലുമായിരുക്കും ഉപതെരഞ്ഞെടുപ്പ്. മഴയും മഹാമാരിയും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ പലതും എതിർത്തു എന്ന് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബീഹാറിനൊപ്പം ഇതു നടത്താവുന്നതാണെന്ന് കമ്മീഷൻ വിലയിരുത്തി.