തിരുവനന്തപുരം: 20 വർഷങ്ങൾക്ക് മുമ്പ് താൻ ഉയർത്തിയ ആവശ്യങ്ങൾ കോൺഗ്രസ് ഇന്ന് അംഗീകരിക്കുന്നുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്. രണ്ടുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന ആവശ്യമുയർത്തിയാണ് അന്ന് ഞാൻ കോൺഗ്രസ് വിട്ടത്. ഇന്ന് യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് കോൺഗ്രസ് ചേർന്നുനിൽക്കുന്നത് അന്നത്തെ തന്റെ മുദ്രാവാക്യത്തോടാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേയ്ക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി എകെ ആന്റണിയെ വീട്ടിൽ സന്ദർശിച്ച ശേഷം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിരമായി കുറെ ആളുകൾ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോൺഗ്രസ് വിടാൻ കാരണം. എന്നാൽ ഇന്നതിൽ മാറ്റമുണ്ടായി. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് നടപ്പിലാക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയത്. കെപിസിസി പ്രസിഡന്റ് തന്നെ ഔദ്യോഗികമായി കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് അഭികാമ്യം. 20 വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് മടങ്ങുകയാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ ബദൽ കോൺഗ്രസാണ്. കോൺഗ്രസ് മരിച്ചാൽ ഇന്ത്യയും മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനുള്ളിൽ നിന്നുകൊണ്ട് ഒരു രാഷ്ട്രീയജീവിയായി തുടരാൻ തനിക്ക് കഴിയില്ല. കോൺഗ്രസിലായിരിക്കുമ്പോൾ ആന്റണിയേയും കരുണാകരനേയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ സിപിഎമ്മിനുള്ളിൽ നിന്ന് പിണറായിയേയും കോടിയേരിയേയും വിമർശിച്ചാൽ അവർക്ക് ഞാൻ ശത്രുവായി മാറും. കോൺഗ്രസിലായിരിക്കുമ്പോൾ തന്നെ എന്റെ പുസ്തകത്തിൽ വിമോചനസമരത്തേയും അടിയന്തരാവസ്ഥയേയും വിമർശിച്ചിരുന്നു. എന്നാൽ സിപിഎമ്മിനുള്ളിൽ അതിന് കഴിയില്ല. അവിടെ പട്ടാളചിട്ടയാണ്. സിപിഎമ്മിൽ അഭിപ്രായസ്വാതന്ത്ര്യമില്ല. സ്വതന്ത്രമായി എഴുതിയാൽ താൻ ശത്രുവായി മാറും. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ പോയവർ അനുഭവിച്ചിട്ട് വരട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എകെജി സെന്ററിൽ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാൽ അതൊന്നും ഒരിക്കലും പുറത്തു പറയില്ല. സിപിഎം വിടുമ്പോഴും അവിടെയുള്ളവരും തന്റെ സുഹൃത്തുക്കളാണ്. രാഷ്ട്രീയ അടിമയായി ന്യായീകരണതൊഴിലാളിയായി തുടരാൻ താൽപര്യം ഇല്ലാത്തതുകൊണ്ടാണ് സിപിഎം വിടുന്നത്. ഖാദി ബോർഡ് ചെയർമാനാകാൻ താൽപര്യമുണ്ടായിരുന്നില്ല. ഈ സർക്കാരിൽ ഒരു സ്ഥാനവും ഞാൻ ചോദിച്ചിട്ടില്ല. കോൺഗ്രസായാൽ ഖാദി ഇടണമെന്ന നിർബന്ധമില്ല.

കോൺഗ്രസ് വിടുന്നതിന് മുമ്പും താൻ ഖദർ ധരിച്ചിരുന്നില്ല. കോൺഗ്രസ് ഖാദി പ്രചരിപ്പിക്കാൻ തീരുമാനിച്ച കാലത്ത് അതൊരു രാഷ്ട്രീയ ആയുധമായിരുന്നു. എന്നാൽ സ്വദേശിവൽക്കരണത്തിന് ഇന്ന് അത്തരമൊരു പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാദിയെന്ന പേരിൽ ഇപ്പോൾ വിൽക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോർഡിൽ പോയിരുന്നെങ്കിൽ വിജിലൻസ് കേസിൽ പെടുമായിരുന്നു.

താൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേയ്ക്ക് പോകുമ്പോൾ അവർ ആകെ തകർന്നുനിൽക്കുകയായിരുന്നു. തിരിച്ച് വീണ്ടും കോൺഗ്രസിലേയ്ക്ക് വരുമ്പോൾ കോൺഗ്രസിനും അതേ അവസ്ഥയാണ്. അധികാരമല്ല നിലപാട് മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വേരുകൾ കോൺഗ്രസിലാണ്. അതില്ലാതെ തനിക്ക് വളർച്ചയുണ്ടാകില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.